ജാതിത്തൈകള്‍ നടാം

Posted on: 14 Jul 2014

മാത്യുക്കുട്ടി, തെരുവപ്പുഴകഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജാതികൃഷിക്ക് കേരളത്തില്‍ വന്‍ പ്രചാരമാണ് ഉണ്ടായിട്ടുള്ളത്. വീട്ടുവളപ്പില്‍ ഒന്നോ രണ്ടോ ജാതിമരങ്ങളെങ്കിലും നട്ടുവളര്‍ത്താന്‍ ശ്രമിക്കാത്ത കര്‍ഷകര്‍ വിരളമാണ്. ജാതികൃഷിയുടെ അഭൂതപൂര്‍വമായ പ്രചാരത്തിന് കാരണങ്ങള്‍ പലതാണ്. കൃഷിയുടെ ലാളിത്യം, തൊഴിലാളികളുടെ ആവശ്യക്കുറവ്, വിളവെടുപ്പിനുള്ള എളുപ്പം, ഇവയെല്ലാം ഇതില്‍പ്പെടും. മാത്രമല്ല, ദീര്‍ഘകാല വിളയായ ജാതിമരങ്ങള്‍ നൂറുവര്‍ഷത്തിലേറെ നിലനിന്ന് വിളവുതരാന്‍ ശേഷിയുള്ളവയാണ്.

ദീര്‍ഘകാലവൃക്ഷവിള ആയതിനാല്‍ നട്ടുവളര്‍ത്താനുള്ള ജാതിത്തൈകളുടെ തെരഞ്ഞെടുപ്പ് അതിപ്രധാനമാണ്. ജാതിയുടെ ബഡ് തൈകളാണ് നടീലിനുപറ്റിയത്. നിറഞ്ഞുകായ്ക്കുന്നതും കായ്വലിപ്പമുള്ളതും ജാതിപത്രി കായെ 80-90 ശതമാനം വരെയെങ്കിലും പൊതിഞ്ഞിരിക്കുന്നതും ഉണങ്ങിക്കഴിഞ്ഞാലും കനമുള്ള പത്രി ലഭിക്കുന്നതുമായ മരങ്ങളില്‍ നിന്നുമാത്രം ഒട്ടുകമ്പുകള്‍ ശേഖരിക്കണം. വെള്ളക്കായ് കാണപ്പെടുന്നതും കായ്പൊഴിച്ചില്‍ ഉള്ളതുമായ മരങ്ങളെ ഒഴിവാക്കണം.

മാതൃവൃക്ഷത്തിന്റെ ഏറ്റവും മുകളില്‍ നിന്നും മേലോട്ടു വളരുന്ന ഒട്ടുകമ്പുകള്‍ തന്നെ മുറിച്ചെടുക്കണം. ഇത്തരം കമ്പുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന തൈകള്‍ക്കാണ് കരുത്തും മാതൃവൃക്ഷത്തിന്റെ ശരിഗുണവും ഉണ്ടായിരിക്കുക. ഇത്തരം തൈകള്‍ വേഗം കായ്ക്കുന്നു; കായ്കളുടെ എണ്ണവും കൂടുതലായിരിക്കും. ജാതിക്കായ് വിളഞ്ഞുപൊട്ടി, രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം കായ് തൊണ്ടോടുകൂടി കൊഴിഞ്ഞുവീഴുന്ന മാതൃവൃക്ഷങ്ങളെ പരിഗണിക്കണം. ഇങ്ങനെ ചെയ്യുന്ന പക്ഷം വിളവെടുപ്പിന്റെ ഭാഗമായി മരത്തില്‍ കയറിയോ തോട്ടി ഉപയോഗിച്ചോ ജാതിക്കായ് പറിക്കുന്നത് ഒഴിവാക്കാം. ഇതുവഴി വിളവെടുപ്പിനായുള്ള സമയം പരമാവധി ലാഭിക്കാം. തന്നെയുമല്ല, കായ് പറിക്കുക വഴി, ജാതിയുടെ ചെറുചില്ലകള്‍ക്കും പൂവിനും ഇളംകായകള്‍ക്കും ക്ഷതമേല്‍ക്കുന്നതും ഒഴിവാകുന്നു.

മേല്പറഞ്ഞവിധം ജാതിത്തൈകളുണ്ടാക്കാന്‍ പറ്റാത്തവര്‍ പരിചയവും വിശ്വാസ്യതയുമുള്ള നഴ്സറികളില്‍ നിന്ന് മാത്രം തൈകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. സാധിക്കുമെങ്കില്‍ മാതൃവൃക്ഷങ്ങള്‍ നിലനില്‍ക്കുന്ന തോട്ടം നേരില്‍ക്കണ്ട് ബോധ്യപ്പെട്ട് തൈകള്‍ വാങ്ങണം.
പത്ത് പെണ്‍ജാതി മരങ്ങള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ആണ്‍ ജാതിമരങ്ങള്‍ ഉണ്ടെങ്കില്‍ തോട്ടത്തില്‍ നിന്നുള്ള വിളവ് മുപ്പതു ശതമാനം വരെ വര്‍ധിച്ചുകാണുന്നു. തോട്ടങ്ങളിലെ ചുരുക്കം ചില ആണ്‍ജാതി മരങ്ങളില്‍ ഏതാണ്ട് എല്ലാക്കാലത്തും പൂക്കള്‍ കാണപ്പെടുന്നു. ഇത്തരം മരങ്ങളില്‍ നിന്ന് ഒട്ടുകമ്പുകള്‍ ശേഖരിച്ച് ആണ്‍ജാതിയുടെ ഒട്ടുതൈകളുണ്ടാക്കണം. ഇതിനുകാരണം, ഒരു നിശ്ചിത സീസണില്‍ മാത്രം പൂത്തിരുന്ന പെണ്‍ജാതി മരങ്ങള്‍പോലും കാലാവസ്ഥാവ്യതിയാനം മൂലം ഇപ്പോള്‍ കാലംതെറ്റിയോ പല കാലങ്ങളിലോ ആണ് പൂത്തുകാണുന്നത്. ഇത്തരം മരങ്ങളില്‍ കായ് പിടിക്കാന്‍, എക്കാലത്തും പൂക്കളുണ്ടാകുന്ന ആണ്‍ജാതി മരങ്ങള്‍ തോട്ടത്തില്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447805334


Stories in this Section