നാടന്‍ വിത്തിനങ്ങള്‍ രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കുന്നു

Posted on: 06 Jul 2014


കൊച്ചി: തലമുറകളായി സംരക്ഷിച്ചുവരുന്ന കാര്‍ഷിക വിളകളെ ഇനി രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കാം. വിത്തിനങ്ങളുടെ അവകാശികളായ വ്യക്തികള്‍ക്കും കര്‍ഷക സമൂഹത്തിനും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കും ഇവര്‍ സംരക്ഷിച്ച് പോരുന്ന സസ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. സസ്യ ഇനങ്ങളുടെയും കര്‍ഷക അവകാശങ്ങളുടെയും സംരക്ഷണ അതോറിട്ടിയി(പി.പി.വി. ആന്‍ഡ് എഫ്.ആര്‍.എ.)ലാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഇതുവഴി തനത് വിത്തിനങ്ങള്‍ മറ്റാരെങ്കിലും കൈവശപ്പെടുത്താതിരിക്കുന്നതിനും അവകാശം ഉന്നയിക്കാതിരിക്കുന്നതും സഹായിക്കും. ആരുടെ പേരിലാണോ സസ്യ ഇനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവരുടെ സമ്മതം കൂടാതെ വിത്തുകള്‍ വില്‍പ്പന ചെയ്യുവാനോ കയറ്റുമതി ചെയ്യുവാനോ കഴിയില്ല. വിത്തുകള്‍ ക്രയവിക്രയം ചെയ്യുന്നതിനും അവ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന പുതിയ വിത്തിനങ്ങളുടെ വിപണനത്തിനും രജിസ്റ്റര്‍ ചെയ്യുന്നയാള്‍ റോയല്‍റ്റിക്ക് അര്‍ഹനാകും.

കേരളത്തില്‍ വളരുന്ന നെല്ല്, വെണ്ട, കുരുമുളക്, ഏലം, റോസ്, ജമന്തി, ഇഞ്ചി, മഞ്ഞള്‍, തക്കാളി, വഴുതന, എള്ള്, മാവ്, തെങ്ങ്, ബ്രഹ്മി, നിത്യകല്യാണി, സിംബീഡിയം, ഓര്‍ക്കിഡ് വിഭാഗത്തില്‍പ്പെട്ട വാന്‍ഡ ജോണ്‍സ്, ഡെന്‍ഡ്രൂബിയം എന്നിവ രജിസ്റ്റര്‍ ചെയ്യാം. പടിപടിയായി മറ്റു സസ്യങ്ങളും രജിസ്‌ട്രേഷന്‍ പരിധിയില്‍ ഉള്‍പ്പെടും. രജിസ്റ്റര്‍ ചെയ്യുന്ന മരങ്ങള്‍, വള്ളിച്ചെടികള്‍ എന്നിവയ്ക്ക് 18 വര്‍ഷമാണ് പരിരക്ഷണം ലഭിക്കുക. മറ്റ് വിളകള്‍ക്ക് 15 വര്‍ഷവും പരിരക്ഷണം കിട്ടും. വിത്തിനങ്ങളുടെ തനിമ, രോഗ-കീടപ്രതിരോധ ശേഷി, ഏകത, വ്യത്യസ്തത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും രജിസ്‌ട്രേഷന്‍. ഇത്തരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിത്തിനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുക. പിന്നീട് ഈ വിത്തുകള്‍ ദേശീയ ജീന്‍ ബാങ്കില്‍ രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതുവരെ സൂക്ഷിക്കും.

അതേസമയം, രജിസ്റ്റര്‍ ചെയ്യാതെ ഒരു സസ്യ ഇനം രജിസ്റ്റര്‍ ചെയ്തതാണെന്ന് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചാല്‍ ശിക്ഷയും ലഭിക്കും. ആറ് മാസത്തില്‍ കുറയാതെയുള്ള മൂന്ന് വര്‍ഷം നീട്ടാവുന്ന ജയില്‍വാസവും അല്ലെങ്കില്‍ ഒരു ലക്ഷത്തില്‍ കുറയാതെയും അഞ്ച് ലക്ഷം വരെയാകുന്നതുമായ പിഴയോ, രണ്ട് ശിക്ഷകളും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. പി.പി.വി. ആന്‍ഡ് എഫ്.ആര്‍. ആക്ടുമായി ബന്ധപ്പെട്ട് നടക്കുന്ന കേസുകളില്‍ കര്‍ഷകര്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടിവരുന്നില്ല.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനു കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ രജിസ്‌ട്രേഷനുള്ള സഹായ കേന്ദ്രം തുറന്നിട്ടുണ്ട്.


Stories in this Section