മഴയിലും മുടങ്ങാതെ പച്ചക്കറികൃഷി

Posted on: 06 Jul 2014

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍
കോഴിക്കോട് ജില്ലയില്‍ മൈക്കാവിലെ കൊടക്കപ്പറമ്പില്‍ തമ്പി എന്ന കെ.വി. പൗലോസിന് കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഇടനിലക്കാരില്ല. ഇരുപത് വര്‍ഷമായി തന്റെ ഉത്പന്നങ്ങള്‍ ചന്തയിലെത്തിച്ച് വില്പനനടത്തുകയാണ് അദ്ദേഹം. ഇടനിലക്കാര്‍ കൈക്കലാക്കുന്ന പണം ഉപഭോക്താവിനും തനിക്കും വീതിച്ചുകിട്ടുന്നു എന്ന് പൗലോസ് പറയുന്നു.

പച്ചക്കറികൃഷിയിലാണ് പൗലോസിന്റെ പ്രത്യേകശ്രദ്ധ. മഴക്കാലത്തും വേനല്‍ക്കാലത്തും മുടങ്ങാതെ ഇത് നിലനിര്‍ത്തുന്നു. ആറ് ഏക്കര്‍ സ്ഥലത്ത് കൃഷിനടത്തുന്ന അദ്ദേഹം രണ്ടുമൂന്നു വര്‍ഷം കൃഷി തുടര്‍ന്നാല്‍ സ്ഥലം മാറ്റുന്ന ശീലക്കാരനാണ്. പാവല്‍, പടവലം, കോവല്‍, പയര്‍ എന്നീ പടര്‍ത്തുന്ന ഇനങ്ങളും കാച്ചില്‍, ചേന, ചേമ്പ്, ചെറുകിഴങ്ങ്, കൂര്‍ക്ക തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും ഏത്തക്ക, മൈസൂര്‍, റോബസ്റ്റ തുടങ്ങിയ വാഴയിനങ്ങളും ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, തുടങ്ങിയവയും കൃഷിചെയ്യുന്നതില്‍ മുന്‍ഗണന നല്‍കുന്നു. കാന്താരിമുളക്, മരച്ചീനി എന്നീ ഇനങ്ങളും പൗലോസിന്റെ ശ്രദ്ധയിലുള്ളവയാണ്.

മഴക്കാലത്ത് പച്ചക്കറികൃഷി എന്നത് സാധാരണ കര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രയാസമെങ്കിലും പൗലോസ് അതിനൊരു അപവാദമാണ്. കീടങ്ങളുടെ ആക്രമണം കുറവും ഉത്പന്നങ്ങളുടെ ആവശ്യകതയും വിലക്കൂടുതലും അനുഗ്രഹമായിക്കാണുന്നു അദ്ദേഹം. കുറഞ്ഞ കാലയളവില്‍ കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ വരുമാനവും നിത്യവിപണിയും പച്ചക്കറിയുടെ ആകര്‍ഷണമാണ്. ഒരേക്കര്‍ സ്ഥലത്ത് ഒറ്റപ്പന്തലില്‍ രണ്ടുതവണയായി കൃഷിചെയ്യുമ്പോള്‍ ആദായം ഏകദേശം അഞ്ചിരട്ടിയോളമാകുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ജൈവവളവും രാസവളവും തുല്യ അനുപാതത്തില്‍ സ്വീകരിക്കുന്ന വളപ്രയോഗത്തിലും വേറിട്ടവഴികളുണ്ട്. പത്തുദിവസം കൂടുമ്പോള്‍ രണ്ടുതരം വളവും ഇടവിട്ട് നല്‍കുന്ന രീതിയാണിത്. പിണ്ണാക്കുകള്‍, ചാണകപ്പൊടി, ആട്ടിന്‍കാട്ടം, കോഴിവളം, എല്ലുപൊടി, ചാരം എന്നിവയാണ് മുഖ്യ ജൈവവളങ്ങള്‍. ചാണകപ്പൊടി, കോഴിവളം, ആട്ടിന്‍കാട്ടം എന്നിവ വേനല്‍ക്കാലത്ത് ഉണക്കിപ്പൊടിച്ച് സൂക്ഷിച്ച് വര്‍ഷകാലത്ത് ഉപയോഗിക്കുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ ഹരിതമിത്ര അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ കോടഞ്ചേരി പഞ്ചായത്തിലെ എക്കാലത്തെയും മികച്ച കര്‍ഷകനായ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആറ് ഏക്കറില്‍ കൃഷിചെയ്യുന്ന പൗലോസിന് അറുപത് സെന്റ് സ്ഥലം മാത്രമേ സ്വന്തമായുള്ളൂ. കൃഷിയില്‍നിന്നുള്ള ആദായം സ്വരൂപിച്ചാണ് ഈ സ്ഥലം വാങ്ങിയെന്നതില്‍ ചാരിതാര്‍ഥ്യമുണ്ട്. (ഫോണ്‍: 9847156410.)


Stories in this Section