തെങ്ങ്: ഇനങ്ങളും പ്രത്യേകതകളും

Posted on: 28 Jun 2014

ഡോ. എസ്. എസ്റ്റലിറ്റ, ഡോ. എ. സുമതെങ്ങ് പനവര്‍ഗത്തില്‍പ്പെട്ട വൃക്ഷമാണ്. പനവര്‍ഗത്തില്‍പ്പെട്ട 130 ലേറെ ജനുസ്സുകള്‍ ഉണ്ടെങ്കിലും തെങ്ങുമായി മറ്റു ജനുസ്സുകള്‍ വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രധാനമായും രണ്ട് ഇനം തെങ്ങുകളാണ് കണ്ടുവരുന്നത്. നെടിയ ഇനവും കുറിയ ഇനവും. ഇവ കൂടാതെ നെടിയതിന്റെയും കുറിയതിന്റെയും ഇടയിലുള്ള ഇടത്തരം ഇനവും അല്ലി ഇല്ലാത്ത കൂടുതല്‍ പെണ്‍പൂക്കളുള്ള ഇനവും ആണ്‍പൂ മാത്രം ഉത്പാദിപ്പിക്കുന്ന ആണ്‍ ഇനവുമുണ്ട്.

നെടിയ ഇനങ്ങള്‍

നെടിയ ഇനം തെങ്ങുകളാണ് ഇന്ത്യയിലെങ്ങും സര്‍വസാധാരണമായി കൃഷിചെയ്തുവരുന്നത്. 15-25 മീറ്റര്‍ വരെ ഉയരം വെക്കും. ഒരു സമയത്ത് 25-40 ഓലകള്‍ വരെ ഒരു തെങ്ങിനുണ്ടാകും. നെടിയ ഇനം തെങ്ങുകളുടെ ആയുസ്സ് 80-100 വര്‍ഷം വരെയാണ്. കൊപ്രയുടെ തൂക്കത്തിലും കൊപ്രയില്‍നിന്നും കിട്ടുന്ന എണ്ണയിലും ഈ ഇനങ്ങള്‍ കുള്ളന്‍ ഇനങ്ങളേക്കാള്‍ മെച്ചപ്പെട്ടവയാണ്. കേരളത്തിന് യോജിച്ച നെടിയ ഇനങ്ങളാണ് പശ്ചിമതീര നാടന്‍, ഫിലിപ്പീന്‍സ് ഓര്‍ഡിനറി, ലക്ഷദ്വീപ് ഓര്‍ഡിനറി (ചന്ദ്രകല്പ), ന്യൂഗിനി, സാന്‍രമണ്‍ തുടങ്ങിയവ. കോമാടന്‍, കേരസാഗര, കല്പരക്ഷ, കല്പധേനു, കല്പപ്രതിഭ, കല്പമിത്ര എന്നിവയാണ് മറ്റിനങ്ങള്‍.

കുള്ളന്‍ ഇനങ്ങള്‍

ഇവയുടെ ആയുസ്സ് 45 വര്‍ഷമാണ്. ഓലകള്‍ക്ക് പരമാവധി നാലുമീറ്ററോളമേ നീളമുള്ളൂ. തെങ്ങൊന്നിന് 20-26 ഓലകളുണ്ടാവും. ഇത്തരം ഇനങ്ങളില്‍ തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും കൊപ്രയിലെ എണ്ണയുടെ അംശവും വളരെ കുറവാണ്. അതിനാല്‍ ഇവ വ്യാപകമായ തോതില്‍ കൃഷി ചെയ്യാറില്ല. എന്നാല്‍, സങ്കരയിനങ്ങള്‍ ഉണ്ടാക്കാന്‍ കുള്ളന്‍ ഇനങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ചാവക്കാട് ഗ്രീന്‍ഡ്വാര്‍ഫ് (പച്ചത്തെങ്ങ്), ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്), മലയന്‍ യെല്ലോ ഡ്വാര്‍ഫ്, ഗംഗാ ബോണ്ടം എന്നിവ കുള്ളന്‍ ഇനത്തില്‍പ്പെടുന്നു.

സങ്കരയിനങ്ങള്‍

കുള്ളന്‍ ഇനങ്ങളും നെടിയ ഇനങ്ങളും തമ്മില്‍ ബീജസങ്കലനം നടത്തിയാണ് സങ്കരഇനങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. ടി ന്ദ ഡി സങ്കരഇനത്തില്‍ നെടിയഇനത്തെ മാതൃവൃക്ഷമായും കുള്ളന്‍ ഇനത്തെ പിതൃവൃക്ഷമായും ഉപയോഗിച്ചിരുന്നു. ടി ന്ദ ഡി ഇനത്തില്‍ കുള്ളന്‍ ഇനം മാതൃവൃക്ഷമായി ഉപയോഗിക്കുന്നു. നെടിയ ഇനം പിതൃവൃക്ഷമായും ഇത്തരം തൈകള്‍ സങ്കരവീര്യം പ്രകടിപ്പിക്കും. കൂടാതെ നാലുവര്‍ഷംകൊണ്ട് പുഷ്പിക്കുകയും ചെയ്യുന്നു.

ഉത്പാദന സവിശേഷതകള്‍

* അനന്തഗംഗ, കേരഗംഗ, കേരസങ്കര എന്നീ സങ്കരയിനങ്ങള്‍ മഴയെ ആശ്രയിച്ചും ജലസേചനം നടത്തിയും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. * നല്ല പരിപാലന മുറകള്‍ അനുവര്‍ത്തിക്കുന്ന സ്ഥലങ്ങളിലേക്ക് ചന്ദ്രസങ്കര നല്ലതാണ്. * ചന്ദ്രസങ്കര, കല്പരക്ഷ എന്നിവ കാറ്റുവീഴ്ച ബാധിച്ച പ്രദേശങ്ങളിലേക്ക് യോജിച്ചതാണ്. * വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പറ്റിയതാണ് ചന്ദ്രലക്ഷ, ലക്ഷഗംഗ, ചന്ദ്രകല്പ, കല്പധേനു എന്നീ ഇനങ്ങള്‍. * മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് യോജിച്ചതാണ് കല്പമിത്ര.

ഇളനീരിന് പറ്റിയ തെങ്ങിനങ്ങള്‍


ഇളനീരില്‍ ധാരാളം പോഷകമൂലകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നൈട്രജന്‍, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവയും ഒപ്പം ജീവകങ്ങളും അമിനോ അമ്ലൂങ്ങളും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

നെടിയ ഇനങ്ങള്‍

പ്രതാപ് (ബെനാവലി):
നാളികേരം താരതമ്യേന ചെറുതും ഉരുണ്ടതുമാണ്. വര്‍ഷത്തില്‍ ശരാശരി 150 തേങ്ങയോളം ലഭിക്കും. ഒരു തേങ്ങയില്‍ ശരാശരി 250 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഫിജി: വര്‍ഷത്തില്‍ ശരാശരി 67 നാളികേരം ലഭിക്കും. ഏഴുമാസം മൂപ്പെത്തിയ തേങ്ങയില്‍ ശരാശരി 330 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. കൊച്ചിന്‍ ചൈന: പ്രതിവര്‍ഷം ശരാശരി 67 നാളികേരമാണ് ഉത്പാദിപ്പിക്കുന്നത്. കരിക്കിന്‍ പ്രായത്തില്‍ ശരാശരി 440 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഗ്വാം-111: ശരാശരി 96 നാളികേരമാണ് വാര്‍ഷികവിളവ്. നല്ല മധുരമുള്ള ഈ ഇനത്തിന്റെ ഏഴുമാസം പ്രായമുള്ള കരിക്കില്‍ ശരാശരി 325 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കന്‍ ടോള്‍: പ്രതിവര്‍ഷം 67 നാളികേരം ലഭിക്കും. ഏഴുമാസം പ്രായമുള്ള കരിക്കില്‍ 520 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പഞ്ചസാരയുടെ അളവും താരതമ്യേന കൂടുതലാണ്. ടിപ്ടൂര്‍ ടോള്‍: കര്‍ണാടകത്തിലെ ഒരിനമാണ്. ശരാശരി 86 തേങ്ങയാണ് വാര്‍ഷികവിളവ്. ഏഴുമാസം മൂപ്പായ കരിക്കില്‍ 265 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്.

കുറിയ ഇനങ്ങള്‍

മലയന്‍ ഡ്വാര്‍ഫ് ഓറഞ്ച്: നാളികേരം ചെറുതാണ്. പ്രതിവര്‍ഷം ശരാശരി 62 തേങ്ങ ലഭിക്കും. ഇതില്‍ 330 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. കാമറൂണ്‍ ഡ്വാര്‍ഫ് റെഡ്: മധുരത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍. പ്രതിവര്‍ഷം ഉത്പാദനം 60 നാളികേരം. ഏഴുമാസം മൂപ്പെത്തിയ കരിക്കില്‍ 337 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഗംഗാബോണ്ടം: പ്രതിവര്‍ഷം ശരാശരി 60 നാളികേരം. ഒരു കരിക്കില്‍ ശരാശരി 305 മില്ലീലിറ്റര്‍ ഇളനീര്‍ കാണും. ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് (പച്ചത്തേങ്ങ): പതിനെട്ടാം പട്ട എന്ന പേരില്‍ അറിയപ്പെടുന്നു. പ്രതിവര്‍ഷം ശരാശരി 41 നാളികേരം. കിങ് കോക്കനട്ട്: ശ്രീലങ്കയിലെ പ്രശസ്ത ഇനം. പ്രതിവര്‍ഷം ശരാശരി 52 നാളികേരം. കരിക്കില്‍ 360 മില്ലിലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്): പരമ്പരാഗതമായി ഇളനീരിനുവേണ്ടി വളര്‍ത്തുന്ന ഒരിനം. പ്രതിവര്‍ഷ ഉത്പാദനം ശരാശരി 47 എണ്ണം. ഇതില്‍ 350 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ, കേരശ്രീ എന്ന സങ്കരയിനവും ഇളനീരിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


Stories in this Section