കനകം വിളയും ഇഞ്ചിപ്പാടം

Posted on: 28 Jun 2014

ചന്ദ്ര
ഭദ്ര അണക്കെട്ടിന്റെ കരയിലിരുന്നാണ് കര്‍ണാടകയിലെ ഇഞ്ചികൃഷിയുടെ ജാതകം അവര്‍ വിവരിച്ചത്. കുറച്ചകലെ മൂന്നാറിലെ തേയിലത്തോട്ടംപോലെ തോന്നിക്കുന്ന ഇഞ്ചിപ്പാടത്തിന്റെ ഉടമകളാണവര്‍. വയനാട് അമ്പലവയല്‍ ആണ്ടൂര്‍ രായിരോത്ത് അനില്‍കുമാറും വടുവന്‍ചാല്‍ ശ്രീലക്ഷ്മി ചന്ദ്രമോഹനും ചേര്‍ന്നാണ് ഷിമോഗയിലെ ശങ്കര്‍ഘട്ടയ്ക്കടുത്ത് ഈ കൃഷിക്കാഴ്ച ഒരുക്കുന്നത്. 45 ഏക്കറിലാണ് ഇവരുടെ കൃഷി. കൃഷിയില്‍ പങ്കുവെക്കലിന്റെ മധുരം നുകരാന്‍ തുടങ്ങിയിട്ട് പത്താണ്ടായി.

* കനത്ത വിളവ്

ഏക്കറിന് ശരാശരി 300 ചാക്ക് വിളവ്. ചാക്ക് 60 കിലോ. അതായത്, 18 ടണ്‍. വിലയിലാണ് അനിശ്ചിതത്വം. ചെറിയ ചില കണക്കുകള്‍ നോക്കാം. 2011-12ല്‍ ചാക്കിന് 300-500 രൂപയായിരുന്നു വില. തൊട്ടടുത്ത വര്‍ഷം 8,400 രൂപയിലെത്തി. മൂന്നുനാലു വര്‍ഷം വില താഴ്ന്നുനിന്നതിനാല്‍ പലരും കൃഷി ഉപേക്ഷിച്ചപ്പോഴാണ് മോഹവില വിരുന്നെത്തിയത്. അതോടെ കന്നടനാട്ടിലെ ഇഞ്ചിപ്പാടങ്ങള്‍ വീണ്ടും സജീവമായി. ലോറികളില്‍ ഇഞ്ചിയുമായി പോയവര്‍ ചാക്കുകളില്‍ പണവുമായി തിരിച്ചെത്തി. കൃഷി വിപുലപ്പെടുത്താനുള്ള ചിട്ടവട്ടങ്ങള്‍ക്ക് ആക്കംകൂടി. ഇഞ്ചികൃഷിക്ക് വലിയ തുകയാണ് പാട്ടംകൊടുക്കേണ്ടത്. ഏക്കറിന് 75,000 രൂപവരെ. പുതുകൃഷിയിറക്കിയത് 60 ഏക്കറില്‍. 45 ഏക്കറില്‍നിന്ന് വിത്തിനുള്ള ഇഞ്ചി മാത്രമാണ് വിളവെടുത്തത്.

ന്യായമായ ലാഭമാണ് ഇഞ്ചികൃഷിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്ന് സ്വകാര്യ ബസ് ഉടമയുടെ മേലാപ്പഴിച്ച് കൃഷിയില്‍ ചേക്കേറിയ ചന്ദ്രമോഹന്‍ പറഞ്ഞു. ഏക്കറിന് 300 ചാക്ക് വിളയുകയും ചാക്കിന് 1,500 രൂപ വില കിട്ടുകയും ചെയ്താല്‍ ഇഞ്ചികൃഷി ലാഭമാണ്. ആ സ്ഥാനത്താണ് കഴിഞ്ഞവര്‍ഷം ചാക്കിന് 8,400 രൂപ വിലയെത്തിയത്. ഏക്കറിന് 75,000 രൂപ പാട്ടം ചെറുകിട കര്‍ഷകര്‍ക്ക് താങ്ങാനാവില്ല. ഒരേക്കറില്‍ കൃഷിയിറക്കി വിളവെടുപ്പുവരെ നാല് ലക്ഷം രൂപ ചെലവുവരുമെന്ന് അനില്‍ പറഞ്ഞു.

സഫലമീയാത്ര

കൃഷിക്കായി കന്നിമണ്ണുതേടി ഈ സുഹൃത്തുക്കള്‍ യാത്രതുടങ്ങിയത് പത്താണ്ട് മുമ്പ്. എത്തിയത് കുടകില്‍. ആറ് ഏക്കറിലായിരുന്നു തുടക്കം. കന്നികൃഷിയില്‍ അമ്പരപ്പിക്കുന്ന വിളവ്. ഒറ്റവര്‍ഷംകൊണ്ട് ആത്മവിശ്വാസം പതിന്മടങ്ങായി. അടുത്ത കൃഷിക്കുള്ള വിത്ത് സ്വന്തം കൃഷിയിടത്തില്‍നിന്ന് കണ്ടെത്തി. പിന്നെ കൃഷിയിടത്തിന്റെ വിസ്തൃതി കൂട്ടിയും അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും കൃഷി വിപുലമാക്കി. കുടകിന് പുറമേ ഹാസനും പെരിയപട്ടണവും തരീക്കരയും കൃഷിയിടമായി. ഇഞ്ചി ഇനമായ റിയോഡിയാണ് കൃഷിയിറക്കിയത്.

ഒരുക്കം കരുതലോടെ

നല്ല കൃഷിഭൂമി കണ്ടെത്തലാണ് ആദ്യപടി. വെള്ളം കയറാത്തതും നീര്‍വാര്‍ച്ചയുള്ളതുമായ ഭൂമിയാണ് വേണ്ടത്. ജലലഭ്യത ഉറപ്പാക്കണം. മൂന്നോ നാലോ മാസം നനയ്ക്കണം. സ്ഥലം കണ്ടെത്തിയാല്‍ ഉടമയുമായി കരാറുണ്ടാക്കും. ജനവരി മുതല്‍ 18 മാസമാകും കരാര്‍ കാലാവധി.

ജനവരി ആദ്യവാരം നിലമൊരുക്കും. എല്ലാത്തിനും യന്ത്രസഹായമുണ്ട്. വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ഇടച്ചാലുകള്‍ ആഴത്തില്‍ കോരും. ഏക്കറിന് 10-15 ടണ്‍ ചാണകം ചേര്‍ക്കും. മാര്‍ച്ച്-ഏപ്രില്‍ മാസമാണ് നടീല്‍. മുളക്കരുത്തും നല്ല വലിപ്പവും ഉള്ള വിത്താണ് നടാനെടുക്കുക. ഏക്കറിന് 1,800 കിലോഗ്രാം വിത്ത് വേണം. മൂന്നടി വീതിയില്‍ വാരംകോരും. അതില്‍ ചെറിയ കുഴിയെടുത്താണ് വിത്ത് നടുക. ചാണകപ്പൊടിയിട്ട് വിത്ത് മൂടും. വൈക്കോലുപയോഗിച്ചാണ് പുതയിടല്‍.

എല്ലായിടവും ഒരേപോലെ നനയ്ക്കാന്‍ മൈക്രോ സ്പ്രിംഗ്ലൂറുണ്ട്. 30-45 ദിവസത്തിനകം നന്നായി മുളയ്ക്കും. കളനീക്കലാണ് പിന്നെ പ്രധാന പണി. അതുകഴിഞ്ഞ് ചെറിയ അളവില്‍ രാസവളം നല്‍കും. 60-ാം ദിവസം വാരങ്ങളില്‍ മണ്ണടുപ്പിച്ച് കോംപ്ലക്‌സ് വളം ചേര്‍ക്കും. ഇതിനുപുറമേ എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവയും. ഒരു മാസത്തെ ഇടവേളനല്‍കി നാലുതവണ രാസവളം ചേര്‍ക്കും. തദ്ദേശീയരായ തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. പുരുഷന്മാര്‍ക്ക് 300 രൂപയും സ്ത്രീകള്‍ക്ക് 150 രൂപയുമാണ് കൂലി -അനില്‍ പറഞ്ഞു.

ഞങ്ങള്‍ സന്തുഷ്ടരാണ്

മാന്യമായി ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ഒത്തത് ഇഞ്ചികൃഷിയുടെ വരദാനമാണെന്ന് അനില്‍. കൂടാതെ 75 പേര്‍ക്ക് വര്‍ഷം 150-ലേറെ ദിവസം തൊഴില്‍ നല്‍കുന്നു. ഏഴേക്കര്‍ വരുന്ന വയനാട്ടിലെ പുരയിടത്തില്‍ ഒട്ടുമിക്ക വിളകളും കൃഷിചെയ്യുന്നുണ്ട്. പ്രീഡിഗ്രി പഠനത്തിനുശേഷം ഒപ്പംകൂട്ടിയതാണ് കൃഷിയെ. ശ്രീലക്ഷ്മി എന്നപേരില്‍ ഏഴ് ബസ്സുകള്‍ നിരത്തിലൂടെ പാഞ്ഞകാലത്താണ് ചന്ദ്രമോഹന്‍ കൃഷിയുടെ മോഹവലയത്തില്‍ വീണത്. ബസ്സുടമയേക്കാള്‍ പതിന്മടങ്ങ് മനസ്സമാധാനമാണ് കൃഷി സമ്മാനിക്കുന്നതെന്ന് ചന്ദ്രമോഹന്‍ പറഞ്ഞു. (ഫോണ്‍: അനില്‍ 09480270457, ചന്ദ്രമോഹന്‍ 9447263067).


Stories in this Section