കാടവളര്‍ത്താന്‍ ഇതാ തൊട്ടില്‍

Posted on: 08 Jun 2014

ഡോ. ഡി. ഷൈന്‍കുമാര്‍




കാടവളര്‍ത്താന്‍ തൊട്ടില്‍പോലൊരു കൂട്. ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ക്കും മറ്റും ഇനി കാടവളര്‍ത്തല്‍ എളുപ്പം. വെറ്ററിനറി സര്‍വകലാശാലയാണ് ഈ ഊഞ്ഞാല്‍ക്കൂട് രൂപകല്പന ചെയ്തിരിക്കുന്നത്.

കൂട് സ്റ്റെയ്ന്‍ലസ് സ്റ്റീല്‍ ചങ്ങലക്കണ്ണികളാല്‍ തൂങ്ങിക്കിടക്കും. താഴെ തുരുമ്പെടുക്കാത്ത ജി.ഐ. നിര്‍മിത റെയില്‍സ് കൂടുകള്‍. കാടകളുടെ വളം ശേഖരിക്കാന്‍ പ്രത്യേകം ട്രേ. കാടകള്‍ക്ക് വെള്ളം നല്‍കാന്‍ സ്വയം നിയന്ത്രിത നിപ്പിള്‍ ട്രിങ്കറുകള്‍, തീറ്റ നല്‍കാന്‍ പാതിമുറിച്ച് ഇരുവശവുമടച്ച പി.വി.സി. പൈപ്പുകള്‍, മുട്ട ശേഖരിക്കാന്‍ പ്രത്യേക ട്രേകള്‍. കൂടുവെക്കുന്ന സ്ഥലം ദുര്‍ഗന്ധപൂരിതമാകാതിരിക്കാന്‍ സുഗന്ധദ്രവ്യങ്ങള്‍ നിറച്ച അസിഡിഫയര്‍ പെര്‍ഫ്യൂം സ്‌പ്രേയര്‍... കൂടുകള്‍ക്ക് സവിശേഷതകളേറെ.

15 കാടകളെ പാര്‍പ്പിക്കാവുന്ന കൂടുകളാണ് ഏറെ. കൂടുതല്‍ കുടുംബാംഗങ്ങള്‍ ഉള്ളവര്‍ക്ക് 25 കാടകളെ വളര്‍ത്താവുന്ന മറ്റൊരെണ്ണവും രൂപകല്പനയിലാണ്. മുട്ടയ്ക്കുവേണ്ടി ഉയര്‍ന്ന ജനിതകനിലവാരമുള്ള ജാപ്പനീസ് കൊയില്‍ എന്ന വ്യാവസായിക കാടകളാണ് ഉള്ളില്‍. വിപണിയില്‍നിന്ന് പതിവുപോലെ വാങ്ങുന്ന കാടകളില്‍ പൂവനും പിടയും കണ്ടേക്കാം. എന്നാല്‍, പുതിയ കൂട്ടില്‍ പ്രായപൂര്‍ത്തിയായ മുട്ടയിടുന്ന പിടക്കാടകള്‍ മാത്രമേയുള്ളൂ എന്ന സൗകര്യമുണ്ട്. പോഷകമൂല്യമുള്ള കാടത്തീറ്റ സര്‍വകലാശാലതന്നെ തയ്യാര്‍ ചെയ്തിട്ടുണ്ട്. തീറ്റ തീരേ നഷ്ടമാകാതെ നോക്കാന്‍ എല്ലാ സജ്ജീകരണങ്ങളും കൂട്ടിലുണ്ട്. മാത്രമല്ല, കുടിവെള്ളത്തിന് നിപ്പിള്‍ ട്രിങ്കറുകളായതുകൊണ്ട് തീറ്റയോ കൂടോ നനയുകയുമില്ല. കാടകള്‍ വൈകുന്നേരം അഞ്ചുമണി മുതലാണ് മുട്ടയിടാറ്. പിറ്റേദിവസം മുതല്‍ ചിലപ്പോള്‍ അഞ്ച് മിനിറ്റുകള്‍ വീതം വൈകി ക്രമമായ ഒരു മുട്ടയിടല്‍ ചക്രം അവര്‍തന്നെ വികസിപ്പിച്ചുകൊള്ളും. മുട്ടകള്‍ ചവിട്ടിപ്പൊട്ടിക്കാതെ സൂക്ഷിക്കാനാണ് എഗ് ട്രേകള്‍.

അനശ്വരപദ്ധതി എന്നാണ് പുതിയ കൂട് വിപണനത്തിന് സര്‍വകലാശാല നല്‍കിയിരിക്കുന്ന പേര്. കേരളത്തിലെ 15 കാടകളെ വളര്‍ത്തുന്ന അനശ്വര തൊട്ടില്‍ക്കൂടിന് 3000 രൂപയും 25 കാടകളെ വളര്‍ത്തുന്ന കൂടിന് 4000 രൂപയുമാണ് വില. കാടത്തീറ്റയ്ക്ക് കിലോഗ്രാമിന് 29 രൂപയാണ്. കൂടും കാടയും തീറ്റയുമടങ്ങുന്ന ഗാര്‍ഹിക സൗഹൃദസംവിധാനമാണ് സര്‍വകലാശാല ഇപ്പോള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ആറാഴ്ച പ്രായത്തില്‍ത്തന്നെ കാടകള്‍ മുട്ടയിട്ടുതുടങ്ങും. തുടര്‍ന്ന് 10 മാസം മുട്ട തകൃതി. ക്ലേശങ്ങളില്ലാത്ത അനശ്വര കൂടുകളില്‍ വളര്‍ത്തിയാല്‍ 15 കാടകളില്‍നിന്ന് പത്തിലേറെ മുട്ടകള്‍ ഉറപ്പ്.

മുട്ടയിട്ടുതീര്‍ന്ന കാടകളെ ഇറച്ചിയാക്കി മാറ്റാം. കാടഫ്രൈ, കാട ചുട്ടത്, കാട അച്ചാര്‍, ചില്ലി കാട തുടങ്ങി ഏറെ വിഭവങ്ങള്‍ ഉണ്ടാക്കാം. ചിങ്ങം ഒന്നോടെ കൂടുകളും കാടകളുമുള്‍പ്പെടുന്ന യൂണിറ്റ് വിപണിയിലെത്തും. ഇപ്പോഴേ രജിസ്റ്റര്‍ ചെയ്ത് കൂടുകള്‍ ഉറപ്പാക്കാം.
വിലാസം: കോ-ഓര്‍ഡിനേറ്റര്‍, അനശ്വര പദ്ധതി, പൗള്‍ട്രി ഉന്നതപഠനകേന്ദ്രം, വെറ്ററിനറി കോളേജ്, മണ്ണുത്തി, തൃശ്ശൂര്‍. ഫോണ്‍: 0487 2370117.


Stories in this Section