കാലവര്‍ഷ സമയത്ത് റബ്ബര്‍തോട്ടത്തില്‍ മൂന്നുമാസം ടാപ്പിങ് ഉള്‍പ്പെടെയുള്ള കൃഷിപ്പണികളൊന്നുമില്ല. ആദ്യഘട്ടത്തില്‍ നെല്ലും വാഴയും പച്ചക്കറിയും ഒപ്പം കൂട്ടാറുണ്ടെങ്കിലും മൂന്നുവയസ്സ് കഴിഞ്ഞാല്‍ റബ്ബര്‍ ഇടവിളകളെ പ്രോത്സാഹിപ്പിക്കാറില്ല.
കാലവര്‍ഷക്കാലത്ത് ഇലപൊഴിഞ്ഞ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ ബലത്തിലാണ് കാസര്‍കോട് ജില്ലയിലെ വരണൂരിലെ സത്യന് ഇടവിളകൃഷിക്ക് മുന്നിട്ടിറങ്ങിയത്. മഴക്കാലത്ത് കുന്നിന്‍പുറത്ത് വെള്ളരിയും മത്തനും കക്കിരിയും കൃഷിയിറക്കുന്ന കൂട്ടത്തില്‍ തന്റെ ഒരേക്കര്‍ വരുന്ന റബ്ബര്‍തോട്ടത്തിലും ഒരുകൈ നോക്കാമെന്ന് സത്യന് തീരുമാനിക്കുകയായിരുന്നു.
റബ്ബര്‍തോട്ടത്തിലെ രണ്ട് മരങ്ങള്‍ക്കിടയില്‍ തടമെടുത്തായിരുന്നു കൃഷി. ഉണക്കിപ്പൊടിച്ച കോഴിക്കാഷ്ഠവും ചാണകവളവും മേല്‍മണ്ണും ചേര്‍ത്ത് ഒരടി താഴ്ചയുള്ള കുഴി നിറച്ചു. പിന്നീടുള്ള ഒരാഴ്ച റബ്ബര്‍ തോട്ടത്തിലെ മണ്ണിന് ഒരുങ്ങാനുള്ള സമയമായിരുന്നു.
ഹൈബ്രിഡ് കക്കിരിവിത്താണ് സത്യന് റബ്ബര്തോട്ടത്തിലേക്കായി തിരഞ്ഞെടുത്തത്. സാധാരണ വെള്ളരിവര്‍ഗവിളകളെ ബാധിക്കാറുള്ള ഇലമഞ്ഞളിപ്പും ചൂര്ണപൂപ്പും ഇലപ്പുള്ളിയും ഒഴിവാക്കുന്നതിനായി വിത്ത് സ്യൂഡോമോണാസില്‍ പുരട്ടി രണ്ടുമണിക്കൂര്‍ വെച്ചു. ഒരു തടത്തിലേക്ക് രണ്ട് കക്കിരിവിത്ത്, അതും അരയിഞ്ച് ആഴത്തിലാണ് നട്ടത്.
രണ്ടില പരുവത്തില്‍ മേല്‍വളമായി ഉണക്കിപ്പൊടിച്ച കോഴിവളം ചേര്‍ത്ത് മണ്ണ് കൂനകൂട്ടി. രണ്ടാഴ്ചകൊണ്ട് വള്ളിവീശി ഒപ്പം പൂക്കാനും തുടങ്ങി. ഓരോ ഇലഞെട്ടിലും ഒരു പൂവ്-അതാണ് ഹൈബ്രിഡ് കക്കിരിയുടെ പ്രത്യേകത. പൂക്കുന്ന സമയത്തുതന്നെ ഫെറമോണ്‍ കെണി കെട്ടിത്തൂക്കിയാണ് വില്ലനായ കായീച്ചയില്നിന്ന് കക്കിരിയെ രക്ഷിച്ചത്.
സംഗതി ഹൈബ്രിഡാണെങ്കിലും പ്രത്യേക പരിരക്ഷയൊന്നും കക്കിരിക്ക് വേണ്ടിവന്നില്ല. ഓരോ ആഴ്ചയും ഉണക്കിപ്പൊടിച്ച കോഴിക്കാഷ്ഠവും 25 ഗ്രാം പൊട്ടാഷും ചേര്‍ത്ത് മണ്ണണച്ചത് മാത്രമായിരുന്നു കക്കിരിക്ക് നല്കിയ രക്ഷ. മഴക്കാലമായതിനാല്‍ കക്കിരിക്ക് അത്യാവശ്യമായ നനയും വേണ്ടിവന്നില്ല. മഴയും വെയിലും സത്യന്റെ ഉദ്ദേശ്യശുദ്ധിയെ ചതിച്ചുമില്ല. ഓരോ ആഴ്ചയിലും രണ്ടുപ്രാവശ്യമാണ് കക്കിരി വിളവെടുത്തത്.
മുത്തൂപോകാതെ വിളവെടുക്കണമെന്നത് കക്കിരി വിപണനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായി സത്യന് പറയുന്നു. ഒരു തടത്തില്‍നിന്ന് 20 കിലോഗ്രാം കക്കിരിയാണ് കിട്ടിയത്. ശരാശരി 15 രൂപ നിരക്കില്‍ ആയിരുന്നു വിപണനം.
മഴക്കാലത്ത് ഉറങ്ങിക്കിടന്ന റബ്ബര്‍തോട്ടത്തില്‍നിന്ന് രണ്ടരമാസംകൊണ്ട് ഹൈബ്രിഡ് കക്കിരി കൃഷിയിലൂടെ മികച്ച നേട്ടമുണ്ടാക്കാന്‍ സത്യന് കഴിഞ്ഞു.
കക്കിരി കൃഷിചെയ്യുന്നതിന് മുമ്പായി ആ പ്രദേശത്ത് കാണുന്ന കാട്ടുവെള്ളരിച്ചെടികള് പറിച്ചുനീക്കണം. പരപരാഗണക്കാരിയായ കക്കിരിക്ക് കയ്പുനല്കാന് കാട്ടുവെള്ളരി മതി. (സത്യന്- ഫോണ്‍: 8281488084)