എം.പി. അയ്യപ്പദാസ്
പ്രിസിഷന്‍ ഫാമിങ് അഥവാ കൃത്യതാകൃഷിക്ക് ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഹൈടെക് രീതിയിലുള്ള മൂവായിരത്തിലധികം പോളിഹൗസുകള്‍ ഇന്ന് കേരളത്തിലുണ്ട്.
കൃഷിസ്ഥല പരിമിതിമൂലം വീര്‍പ്പുമുട്ടുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമാണ് ഈ കൃഷിരീതി. കാര്‍ഷിക ഉത്പാദനച്ചെലവ് 50 മുതല്‍ 75 ശതമാനംവരെ കുറയ്ക്കാനും ഉത്പാദനം മൂന്നുമുതല്‍ പത്തിരട്ടിവരെ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. വിഷമുക്തമായ പച്ചക്കറികള്‍ ലഭ്യമാക്കാം എന്നുള്ളതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
ഹൈടെക് രീതിയില്‍ കൃഷിചെയ്ത് വിജയംകൊയ്യുന്ന കര്‍ഷകനാണ് തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍ കൃഷിഭവന് പരിധിയിലുള്ള പഌമൂട്ടുക്കട അഡ്മത'യിലെ സിസില്‍ ചന്ദ്രന്. 22-ാം വയസ്സില്‍ ഓര്‍ഗണിലും ഗിറ്റാറിലും വൈദഗ്ധ്യം നേടിയ ഇദ്ദേഹം ഇവിടങ്ങളില്‍ അറിയപ്പെടുന്ന കൊയര്‍ മാസ്റ്ററുമാണ്.
സ്വന്തമായുള്ള മൂന്നേക്കറും സഹോദരങ്ങളുടെ രണ്ട് ഏക്കറും ഉള്‍പ്പെടെ അഞ്ചേക്കറില്‍ തെങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവ കൃഷിചെയ്യുന്നു.സിസിലിന്റെ കൃഷിതാത്പര്യംകണ്ട് 2011-ല്‍ വെള്ളനാട് മിത്രാനികേതന് താത്കാലികമായി നിലനില്‍ക്കുന്ന ചെലവുകുറഞ്ഞ രീതിയിലുള്ള കൂടാരകൃഷിക്കുള്ള മുളയും യു.ബി. ഷീറ്റും തക്കാളിവിത്തും നല്കി. ഇത് വന്‍വിജയമായി.
ഈ രീതി കാണാനിടയായ കൃഷിഭവന് അധികൃതര്‍ ആര്.കെ.വി.വൈ. പദ്ധതിപ്രകാരം ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സഹായത്തോടെ 1200 ചതുരശ്രമീറ്റര്‍ വരുന്ന ഹൈടെക് ഫാം അനുവദിച്ചു. ഒമ്പതുലക്ഷംരൂപ ഇതിന്റെ നിര്‍മാണത്തിന് ചെലവായി. പകുതി സബ്സിഡിയായി കിട്ടി.
വെള്ളക്കെട്ടില്ലാത്ത സ്ഥലത്ത് കാറ്റിന്റെയും വെയിലിന്റെയും ലഭ്യത ഉറപ്പാക്കി, തെക്കുവടക്ക് ദിശ അഭിമുഖമായി വരത്തക്കവിധത്തിലാണ് പോളിഹൗസ് നിര്‍മിച്ചിരിക്കുന്നത്.
തറനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ പൊക്കത്തില്‍ ഓവല്‍ പഌസ്റ്റിക് ചുറ്റിയശേഷം മുകളില്‍ പ്രാണികള്‍ കടക്കാത്ത വലകൊണ്ട് മൂടി. അതിന്റെ മുകളില്‍ 200 മൈക്രോണ്‍ യു.ബി. ഷീറ്റ് വിരിച്ച് മേല്ക്കൂരയുണ്ടാക്കി.
പോളിഹൗസിനുള്ളില്‍ തുള്ളിനന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതില്‍ക്കൂടിയാണ് മണ്ണിന്റെ ഘടനയ്ക്കും വിളയനുസരിച്ചും ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളും വളവും നനയും നല്‍കുന്നത്. 15 സെന്റ് വീതമുള്ള രണ്ട് പോളിഹൗസുകളാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടടി താഴ്ചയില്‍ മണ്ണിളക്കി ആദ്യം അമഌത്വം പരിശോധിക്കും. 15 സെന്റിന് 300 കിലോ ചാണകപ്പൊടി, 100 കിലോ എല്ലുപൊടി, 120 കിലോ മരോട്ടിപ്പിണ്ണാക്ക്, 200 കിലോ വേപ്പിന് പിണ്ണാക്ക്, അഞ്ചുകിലോ ബോറാക്സ്, രണ്ടുകിലോ കാല്‍സ്യം എന്നിവ മണ്ണില്‍ വിതറി യോജിപ്പിച്ച് ഒരു മീറ്റര്‍ വീതിയിലും അകലത്തിലും നീ ളത്തില്‍ വാരങ്ങള്‍ തയ്യാറാക്കിയശേഷം പത്ത് ലിറ്റര്‍ വെള്ളത്തില്‍ ഒരു ലിറ്റര്‍ ഫോര്‍മാലിന്‍ കലര്‍ത്തി തളിച്ച് ഒരാഴ്ച പഌസ്റ്റിക് ഷീറ്റുകൊണ്ട് മൂടും. ഇതോടെ മണ്ണിലുള്ള കീടങ്ങള്‍ നശിക്കും. അതുകഴിഞ്ഞ് വീണ്ടും സ്യൂഡോമോണസ് മണ്ണില്‍ ചേര്‍ത്ത് തടം നിരപ്പാക്കി പകുതിഭാഗത്ത് 40 സെന്റിമീറ്റര്‍ അകലത്തില്‍ മള്‍ട്ടിസ്റ്റാര്‍ എന്ന സലാഡ് വെള്ളരിവിത്തും മറുഭാഗത്ത് 60 സെന്റിമീറ്റര്‍ അകലത്തില്‍ 'നാംധാരി' എന്ന ഒരു മീറ്ററോളം നീളമുള്ള പയറിന്റെ വിത്തുമാണ് ഉപയോഗിച്ചത്.
മൂന്നാംപക്കം എല്ലാ വിത്തുകളും മുളച്ചുതുടങ്ങും. വളരുന്നതോടെ പടര്‍ന്നുകയറാന്‍ പാകത്തിലുള്ള കമ്പിവലകളും സജ്ജീകരിക്കണം. പാര്ശ്വവള്ളികള് ഉണ്ടായാല്‍ അവയെ നുള്ളിക്കളയും.
ആദ്യ 15 ദിവസം രണ്ടുമിനിറ്റ് വീതമാണ് നനയ്ക്കുന്നത്. അതുകഴിഞ്ഞ് അകത്തെ ചൂട് ക്രമീകരിക്കാന്‍ മുകളിലത്തെ ഷെയിഡ് നെറ്റ് വലിച്ചിടും. പുറത്തെ ചൂടിനേക്കാള്‍ കൂടിയതാവണം അകം. എപ്പോഴും 27 ഡിഗ്രി സെന്റി ഗ്രേഡില്‍ ക്രമീകരിക്കണം. അതിനുള്ള മീറ്ററും ഉള്ളില്‍ എപ്പോഴും ഉണ്ടായിരിക്കണം.
കഴിഞ്ഞ വിളവെടുപ്പില്‍ 15 സെന്റില്‍നിന്ന് എട്ടരടണ് സലാഡ് വെള്ളരിയും രണ്ടരടണ്‍ പയറും കിട്ടി.
ഇത്തരം കൃഷിക്കുപുറമേ എല്ലാതരം പച്ചക്കറികളുടെയും ഒരു ലക്ഷം തൈ മാസംതോറും ഉത്പാദിപ്പിച്ച് കൃഷിവകുപ്പിനും സ്കൂളുകള്‍ക്കും മറ്റും വിതരണംചെയ്യുന്നുണ്ട്. ആന്തൂറിയത്തിന്റെയും മികച്ച ഇനം ഓര്‍ക്കിഡുകളുടെയും വന്‍ ശേഖരവും പപ്പായയുടെ മുന്തിയ ഇനമായ 'റെഡ്ലേഡി'യുടെ തൈകളും ഇവിടെ വിതരണത്തിനുണ്ട്.
10 ലക്ഷം രൂപ വായ്പയെടുത്താണ് സിസില്‍ ചന്ദ്രന് കൃഷി തുടങ്ങിയത്. ആദ്യ വിളവെടുപ്പില്‍ നിന്നുതന്നെ മൂന്നുലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞു. ഒരു സഹായിയെ കൂട്ടിയാണ് കൃഷിപ്പണി . ഭാര്യ ശോഭനലതയും സഹായത്തിനെത്തും. (സിസില്‍ ചന്ദ്രന് ഫോണ്‍: 9447200215)