ജമന്തിച്ചെടി നിമാവിര ശല്യം തടയും

Posted on: 28 Apr 2014


കൃഷിത്തോട്ടത്തില്‍, പ്രത്യേകിച്ച് വാഴക്കൃഷിയിലും പച്ചക്കറിത്തോട്ടത്തിലും ജമന്തിച്ചെടി വളര്‍ത്തിയാല്‍ മണ്ണിലെ നിമാവിരശല്യം ഒഴിവാക്കാം എന്നു പറയുന്നതിന്റെ ശാസ്ത്രീയവശം എന്താണ്?


-പോള്‍ ജോസഫ്, വാഴപ്പിള്ളി

കൃഷിത്തോട്ടത്തില്‍ മറ്റുവിളകള്‍ക്ക് ചങ്ങാതിവിളയായി ജമന്തിച്ചെടികള്‍ വളര്‍ത്തിയാല്‍ ഉപദ്രവകാരികളായ ചില നിമാവിരകളുടെ ശല്യം നിയന്ത്രിക്കാനാകും. നിമാവിരകള്‍ക്ക് ഏറ്റവും ഹാനികരമായ ചില പദാര്‍ഥങ്ങള്‍ ജമന്തി ഉത്പാദിപ്പിക്കുന്നതിനാലാണിത്. പ്രത്യേകിച്ച് വേരുകെട്ടി നിമാവിര, ലീഷന്‍ നിമാവിര എന്നിവയ്ക്കാണ് ജമന്തിയുടെ സാന്നിധ്യം ഏറ്റവും ഭീഷണിയാകുക.

'ടജറ്റസ് പാറ്റുല' എന്ന ഫ്രഞ്ച് ജമന്തിച്ചെടി, 'ടജറ്റസ് ഇറക്ട്' എന്ന ആഫ്രിക്കന്‍ ജമന്തിച്ചെടി എന്നിവയാണ് ഇക്കൂട്ടത്തില്‍ ഫലപ്രദം. തോട്ടത്തില്‍ ജമന്തി വളര്‍ത്തിയാല്‍ 3-4 മാസത്തിനുള്ളില്‍ നിമാവിര സംഖ്യയില്‍ ഗണ്യമായ കുറവ് ഉണ്ടാകും. പോളിതൈ ഇനൈല്‍സ്, തയോഫീന്‍സ് തുടങ്ങി നിമാവിരകള്‍ക്ക് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിച്ചാണ് ജമന്തി അവയെ വകവരുത്തുന്നത്. ജമന്തിവേരുകളാണ് ഈ വിഷപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കുക. ജമന്തിച്ചെടി ഇത്തരം കൃഷിസ്ഥലങ്ങളില്‍ ഉഴുതുചേര്‍ക്കുന്നതും ഗുണകരമാണ്.

സുരേഷ് മുതുകുളം


Stories in this Section