ആര്യക്കരയുടെ ക്ഷീരവിപ്ലവം

Posted on: 29 Mar 2014ചേര്‍ത്തല താലൂക്കില്‍ മുഹമ്മ നോര്‍ത്ത് ആര്യക്കര ക്ഷീരോത്പാദകസഹകരണസംഘത്തിന്റെ പ്രവര്‍ത്തനം ക്ഷീരകാര്‍ഷികമേഖലയില്‍ മാതൃകയാണ്. 32 വര്‍ഷത്തെ സേവനങ്ങളിലൂടെ ഒരു പ്രദേശത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന് മാറ്റുകൂട്ടിയിരിക്കുകയാണ് ഈ സംഘം. കര്‍ഷകരുടെ കൂട്ടായ്മയില്‍നിന്ന് ഉടലെടുത്ത സംഘം ഇന്ന് പാല്‍സംഭരണത്തിലും വിപണനത്തിലും മറ്റ് ക്ഷേമപ്രവര്‍ത്തനങ്ങളിലും ജില്ലയില്‍ ഒന്നാംസ്ഥാനത്താണ്.

120 അംഗങ്ങളുമായി 1981-ല്‍ തുടങ്ങിയ സംഘം വളര്‍ന്ന് ചേര്‍ത്തല അമ്പലപ്പുഴ താലൂക്കിലെ 17-ല്‍പ്പരം ക്ഷീരസംഘങ്ങളിലെ പാല്‍സംഭരണം നടത്താന്‍ ശേഷിയുള്ള വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. പാല്‍സംഭരണം, ശീതീകരണം, വിപണനം, കന്നുകുട്ടി ദത്തെടുക്കല്‍, തീറ്റപ്പുല്‍കൃഷി വികസനം, കാര്‍ഷിക വിജ്ഞാനവികസനം, മറ്റ് ക്ഷേമപരിപാടികള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നു. ഒരേസമയം 500 ലിറ്റര്‍ പാല്‍ സംഭരിച്ച് ശീതീകരിക്കാന്‍ ശേഷിയുള്ള ബള്‍ക് മില്‍ക്ക് കൂളര്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഒരുദിവസം രണ്ടുനേരം ശീതീകരിച്ച 1000 ലിറ്റര്‍ പാല്‍ പുന്നപ്രയിലെ മില്‍മയിലാണ് കൊടുക്കുന്നത്. നേരിട്ട് പാല്‍ വാങ്ങാന്‍ വരുന്നവരും ധാരാളം. മില്‍മയുടെ അംഗീകാരം ലഭിച്ച സംഘത്തില്‍ പാലിന് ശരാശരി 4.2 കൊഴുപ്പും 8.2 എസ്.എന്‍.എഫ്.-ഉം എന്നത് സവിശേഷതയാണ്.

ക്ഷീരകര്‍ഷകര്‍ക്കുവേണ്ടി ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് തുടക്കംമുതല്‍ സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ. രാമചന്ദ്രന്‍ പറഞ്ഞു. പാല്‍വില്പനയില്‍നിന്ന് ലഭ്യമാകുന്ന തുകയുടെ 65 ശതമാനവും ബോണസ്സായി അംഗങ്ങള്‍ക്ക് നല്‍കുന്നു. ബാക്കി 35 ശതമാനം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും.

അംഗങ്ങളുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, കന്നുകാലികളെ വാങ്ങാന്‍ പലിശരഹിതവായ്പ, സൗജന്യരോഗചികിത്സ, സൗജന്യനിരക്കില്‍ മരുന്നുവിതരണം, സൗജന്യനിരക്കില്‍ കാലിത്തീറ്റ വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘത്തിന്റെ പ്രത്യേകതയാണ്.

ക്ഷീരകര്‍ഷകന്‍ ഈ സംഘത്തില്‍ ഒരു ലിറ്റര്‍ പാല്‍ കൊടുക്കുമ്പോള്‍ സൗജന്യങ്ങള്‍ ഉള്‍പ്പെടെ കണക്കാക്കിയാല്‍ 38 രൂപയെങ്കിലും കരസ്ഥമാക്കുന്നുണ്ട്. സ്പ്രിഗ്ലര്‍ വാങ്ങാന്‍ സഹായം ചെയ്യുന്നുണ്ട്. അസോള വളര്‍ത്താന്‍ സാമ്പത്തികസഹായം, തൊഴുത്തുകെട്ടാനും കറവയന്ത്രം വാങ്ങാനും സഹായം ലഭ്യമാക്കുന്നുണ്ട്.

സംഘത്തില്‍ അംഗമാകാന്‍ 10 രൂപ 50 പൈസയാണ് നല്‍കേണ്ടത്. ഒരു ദിവസം 150 ലിറ്റര്‍ പാല്‍വരെ അളന്നുകൊടുക്കുന്ന ക്ഷീരകര്‍ഷകരുണ്ട്. സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള ഈ സംഘം സേവനങ്ങള്‍കൊണ്ട് ആലപ്പുഴ ജില്ലയിലെ കാര്‍ഷികമേഖലയില്‍ ഒന്നാംസ്ഥാനത്തുതന്നെയാണ്. കെ. രാമചന്ദ്രന്‍ സെക്രട്ടറിയും എ.വി. ജോണ്‍ പ്രസിഡന്റുമായുള്ള സംഘത്തില്‍ നാല് ജീവനക്കാരും ആറ് ഭരണസമിതി അംഗങ്ങളുമുണ്ട് (സെക്രട്ടറി കെ. രാമചന്ദ്രന്‍, ഫോണ്‍: 9847712061).

സുനില്‍കുമാര്‍ മുഹമ്മ

sunilkumarmuhamma@gmail.com


Stories in this Section