ഇഞ്ചി അഴുകല്‍ അകറ്റാന്‍ ജൈവവിധികള്‍

Posted on: 10 Feb 2014


ഇഞ്ചി കൃഷിചെയ്യുന്ന എല്ലാ പ്രദേശങ്ങളിലും കണ്ടുവരുന്ന രോഗമാണ് മൃദുചീയല്‍ അഥവാ അഴുകല്‍. പിത്തിയം ജനുസ്സില്‍പ്പെട്ട നിരവധി സ്പീഷീസുകള്‍ക്ക് ഈ രോഗവുമായി ബന്ധമുണ്ട്. ഇവയില്‍ ഫ്യൂസേറിയം ഇനത്തില്‍പ്പെട്ട ഫംഗസുകളാണ് പ്രധാനം. ഇവ വിത്തില്‍ക്കൂടിയോ മണ്ണില്‍ക്കൂടിയോ പകരാം. ഇവയെ നിയന്ത്രിക്കാന്‍ പല രാസ കുമിള്‍നാശിനികളും നിര്‍ദേശിക്കപ്പെടുന്നുണ്ടെങ്കിലും ഇവയെല്ലാം മണ്ണില്‍ പല പാര്‍ശ്വ ദൂഷ്യഫലങ്ങളും ഉണ്ടാക്കുന്നവയാണ്.

രോഗത്തിന്റെ ആദ്യലക്ഷണം അടിഭാഗത്തെ ഇലകളുടെ അഗ്രത്ത് ദൃശ്യമാകുന്ന മഞ്ഞനിറമാണ്. ക്രമേണ എല്ലാ ഇലകളിലേക്കും തണ്ടുകളിലേക്കും മഞ്ഞളിപ്പ് വ്യാപിക്കുന്നു. ഇലകള്‍ വാടി തൂങ്ങിക്കിടക്കും. രോഗം രൂക്ഷമായാല്‍ തണ്ടില്‍ പിടിച്ചുവലിച്ചാല്‍ കാണ്ഡത്തില്‍നിന്ന് വിട്ടുപോരും. കാണ്ഡത്തിന്റെ ആന്തരകലകള്‍ ചീയുന്നതുമൂലം അവയ്ക്ക് നിറവ്യത്യാസമുണ്ടാകുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. വിത്തിഞ്ചി രോഗബാധിതമാണെങ്കില്‍ മുളച്ച് കുറച്ചുദിവസം കഴിയുമ്പോള്‍തന്നെ രോഗലക്ഷണങ്ങള്‍ കാണിക്കും. രോഗം രൂക്ഷമായാല്‍ ചെടികളെ രോഗവിമുക്തമാക്കാന്‍ പ്രയാസമാണ്. എന്നാല്‍, നേരത്തേ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ കൃഷി രോഗബാധിതമാകില്ല.

വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലം മാത്രം ഇഞ്ചികൃഷിക്കായി തിരഞ്ഞെടുക്കണം. രോഗബാധയില്ലാത്ത വിത്തിഞ്ചി മാത്രം ശേഖരിക്കുക. ട്രൈക്കോഡര്‍മ വരിഡേ എന്ന മിശ്രകുമിള്‍ 100 ഗ്രാം 15 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ നടുന്നതിന് മുന്‍പായി ഇഞ്ചിവിത്ത് അരമണിക്കൂര്‍ നേരം മുക്കിയിടണം. തണലിലിട്ട് ഉണക്കിയശേഷം നടാന്‍ ഉപയോഗിക്കണം. വിത്ത് ശുദ്ധീകരിക്കാന്‍ ഉപയോഗിച്ച് ബാക്കിവന്ന ലായനി ഇഞ്ചികൃഷിയില്‍ തളിച്ചുകൊടുക്കുകയും ചെയ്യാം. ഇതുമൂലം മണ്ണിലുള്ള രോഗകാരികളായ കുമിളുകള്‍ നശിക്കാന്‍ ഇടയാകുന്നു.

കുറഞ്ഞതോതില്‍ ഇഞ്ചി കൃഷിചെയ്തുവരുന്നവര്‍ക്ക് സൂര്യതാപീകരണം വഴി മണ്ണിലുള്ള രോഗഹേതുക്കളായ അണുക്കളെ മുന്‍കൂട്ടി നിയന്ത്രണവിധേയമാക്കാം. ഇഞ്ചി കൃഷിചെയ്യാനുള്ള സ്ഥലം ആവശ്യത്തിന് ജൈവവളങ്ങളെല്ലാം ചേര്‍ത്ത് പാകപ്പെടുത്തണം. മണ്ണിന് നനവില്ലെങ്കില്‍ ഒരു ചതുരശ്രമീറ്ററിന് ഏതാണ്ട് അഞ്ചുലിറ്റര്‍ വെള്ളം എന്നതോതില്‍ നനയ്ക്കണം. അതിനുശേഷം ഏതാണ്ട് 100-150 ഗേജ് കനമുള്ള സുതാര്യമായ പോളിത്തീന്‍ ഷീറ്റുകൊണ്ട് മൂടണം. ഷീറ്റുകളുടെ അരികില്‍ മണ്ണിട്ട് കാറ്റ് കടക്കാത്ത രീതിയില്‍ സീല്‍ചെയ്താല്‍ നന്ന്. ഇതുമൂലം അകത്തുള്ള ഈര്‍പ്പവും നനവും അങ്ങനെതന്നെ നിലനില്‍ക്കും. പോളിത്തീന്‍ ഷീറ്റ് മണ്ണിനോട് ചേര്‍ന്നുകിടക്കുന്നു എന്ന് ഉറപ്പുവരുത്തണം. മുപ്പത് ദിവസമാകുമ്പോള്‍ ഷീറ്റ് മാറ്റി ഇവിടെ ഇഞ്ചികൃഷി തുടങ്ങാം. ഇപ്രകാരം പാകപ്പെടുത്തിയ മണ്ണില്‍ വളരുന്ന ചെടികള്‍ ശൈശവദശയില്‍തന്നെ നല്ല ആരോഗ്യത്തോടെ വളരും.

എം.കെ.പി. മാവിലായി


Stories in this Section