തേന്‍തരും വരുമാനം

Posted on: 29 Dec 2013


അമ്പത് വര്‍ഷംമുമ്പ് ആഹാരത്തിനുവേണ്ടി പത്തുവയസ്സുകാരന്‍ ബാലന്‍ തേനീച്ച കൂടണയുന്ന മരപ്പൊത്തന്വേഷിച്ച് നടന്നിരുന്നു. കോഴിക്കോട്ജില്ലയില്‍ നരിക്കുനിക്കടുത്ത പുന്നശ്ശേരിയിലെ കുയ്യൊടിയില്‍ അബൂബക്കറായിരുന്നു ആ ബാലന്‍. നാടിന്റെ നാനാഭാഗങ്ങളില്‍ ഈച്ച ഒളിച്ചുപാര്‍ക്കുന്ന മരപ്പൊത്തുകള്‍ അവന് ആഹാരവും ജീവിതവും നല്‍കിയപ്പോള്‍ മാര്‍ഗദര്‍ശിയായത് പി.പി. അയമ്മദ് എന്ന സഹൃദയനും.

അരനൂറ്റാണ്ടുകാലം തേന്‍ശേഖരിച്ച് നേട്ടംകൊയ്ത അബൂബക്കറിന്റെ വിജയകഥ പുതുതലമുറയ്ക്ക് മാതൃകയാണ്. മകളുടെ ഉന്നതവിദ്യാഭ്യാസം, സ്വന്തമായി ഇരുചക്രവാഹനംതുടങ്ങിയ പലതരം നേട്ടങ്ങള്‍ക്ക് നിദാനമായത് തേന്‍ശേഖരണത്തില്‍നിന്നുള്ള വരുമാനംമാത്രം. ഡിസംബറില്‍ തുടങ്ങി ഫിബ്രവരിയില്‍ അവസാനിക്കുന്ന ഈ തൊഴില്‍ മറ്റ് ജോലിയിലേര്‍പ്പെടുന്നവര്‍ക്കും അധിക വരുമാനമാര്‍ഗമായി സ്വീകരിക്കാമെന്ന് അദ്ദേഹം പറയുന്നു.

ഈച്ചകളെത്തേടി

ഡിസംബറിന്റെ തണുപ്പുള്ള പുലരികളോടെ ഈച്ചകളെ തേടിയിറങ്ങണം. ഈച്ചകളുള്ള മരപ്പൊത്തുകള്‍ വെട്ടിപ്പൊളിച്ച് റാണിയടക്കമുള്ള ഒരു കോളനിയെ ഫ്രെയിമുകള്‍ അടുക്കിയ മരപ്പെട്ടിയിലാക്കുന്നതോടെ ഈച്ചവളര്‍ത്തലിന് തുടക്കമാകും. തേനീച്ചകളെ ശേഖരിച്ച മരപ്പൊത്ത് പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് അടച്ച് ഒരു ദ്വാരം തയ്യാറാക്കിവെക്കും. വരുംവര്‍ഷങ്ങളില്‍ ഈ പൊത്തില്‍നിന്ന് ഈച്ചപിടിത്തം എളുപ്പമാകും.

നാട്ടിന്‍പുറത്തെ വൃക്ഷലതാദികളിലെ പൂക്കളില്‍നിന്ന് പൂന്തേനും പൂമ്പൊടിയും ശേഖരിച്ച് തങ്ങളുടെ വരുംതലമുറയിലെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനും ഊട്ടുന്നതിനുമുള്ള തേനടകള്‍ അവ രൂപവത്കരിക്കും. പഴയ പെട്ടികള്‍ സ്ഥാപിച്ച് ഈച്ചകളെ ആകര്‍ഷിക്കുന്ന രീതിയും അബൂബക്കര്‍ പതിവാക്കിയിട്ടുണ്ട്.

തേനെടുക്കുമ്പോള്‍

നാട്ടിന്‍പുറത്ത് തേന്‍ കുറവായതിനാല്‍ അടുത്ത പ്രദേശങ്ങളിലെ റബ്ബര്‍ എസ്റ്റേറ്റുകളാണ് തേനീച്ചകള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നത്. നാട്ടില്‍നിന്ന് രാത്രിയിലാണ് ഈച്ചകള്‍ക്ക് ഈ കൂടുമാറ്റം. പകല്‍വെളിച്ചത്തില്‍ അവ പറന്നുപോകാനുള്ള സാധ്യത തടയാനാണിത്. നാട്ടില്‍നിന്ന് ആറോളം ഫ്രെയിമുകളില്‍ തേനട നിറയുന്നതോടെ റബ്ബര്‍ എസ്റ്റേറ്റിനടുത്ത പറമ്പുകളില്‍ പെട്ടി സ്ഥാപിക്കുന്നത് ജനവരി മാസത്തിലാണ്.

ഒരു കിലോമീറ്റര്‍ പരിധിയില്‍ പതിനഞ്ചോളം പെട്ടികള്‍ സ്ഥാപിക്കാം. എളുപ്പത്തില്‍ തേന്‍ ലഭിക്കുന്നതും കുടിവെള്ളവും തണലുമുള്ള സ്ഥലങ്ങളില്‍ തറയില്‍ ഉറപ്പിച്ച തറിയില്‍ മരപ്പലകയില്‍ തീര്‍ത്ത പ്ലാറ്റ്‌ഫോമില്‍ പെട്ടി കെട്ടിയുറപ്പിക്കുന്നു. മഴനനയാതിരിക്കാന്‍ ഒരു റബ്ബര്‍ഷീറ്റും ഉറപ്പിക്കും.

സമൃദ്ധമായി തേന്‍ ലഭിക്കുന്നതിനാല്‍ കൂടുതല്‍ പ്രത്യുത്പാദനംനടന്ന് പുതിയ റാണികള്‍ ഉടലെടുക്കുന്നതോടെ ആദ്യത്തെ റാണി ഏതാനും ഈച്ചകള്‍ക്കൊപ്പം കൂടുവിട്ട് പറന്ന് പുതിയ കോളനി രൂപവത്കരിക്കാനുള്ള ശ്രമം തടയുന്നതിന് അവയെ നീക്കേണ്ടതുണ്ട്. അടയില്‍ മുഴച്ചുവരുന്ന ക്യൂന്‍ഷെല്ലുകളെ കത്തിയുപയോഗിച്ച് അരിഞ്ഞുമാറ്റി അത് തടയുന്നു.

അഞ്ചുദിവസത്തിലൊരിക്കല്‍ എന്നതോതില്‍ മൂന്നാഴ്ചയോളം ഈ ശ്രദ്ധവേണം. താഴെയും മുകളിലുമായി 16 അല്ലെങ്കില്‍ 12 ഫ്രെയിമുകളാണ് ഒരു പെട്ടിയില്‍. താഴത്തെ ഫ്രെയിമുകളില്‍ അട നിറയുന്ന മുറയ്ക്ക് ഒരെണ്ണം മുറിച്ചെടുത്ത കഷ്ണങ്ങള്‍ മുകളിലത്തെ ഫ്രെയിമുകളില്‍ കെട്ടിവെക്കണം. ഈച്ചകള്‍ ഫ്രെയിമില്‍ തേനടകള്‍ പൂര്‍ത്തീകരിക്കും.

തേന്‍ സംസ്‌കരണം

ഫ്രെയിമുകളില്‍ നിറഞ്ഞ തേനടകള്‍ കത്തിയുപയോഗിച്ച് ചെത്തിയെടുത്ത് തേന്‍ വേര്‍തിരിക്കുന്നത് അവസാനത്തെ ഘട്ടമാണ്. അടയിലെ അറകളിലെ തേന്‍ സംരക്ഷിക്കുന്നതിന് ഈച്ചകള്‍ സ്ഥാപിച്ച അടപ്പ് ചെത്തിമാറ്റിയശേഷമാണ് മെഷീനില്‍ വെക്കുന്നത്. കറങ്ങുന്ന മെഷീനില്‍ തേനടകള്‍ തിരിയുമ്പോള്‍ തേനും മെഴുകുമായി വേര്‍തിരിയുന്നു.

വലിയ പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സ്റ്റീല്‍പാത്രത്തിലെ തേന്‍ 65 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുന്നതോടെ ദീര്‍ഘകാലം കേടുവരാതിരിക്കാനുള്ള ശുദ്ധത കൈവരുന്നു. കുപ്പികളില്‍ നിറയ്ക്കുന്ന ശുദ്ധമായ തേനിന് 250 രൂപ വിലയുണ്ടെന്ന് അബൂബക്കര്‍ പറയുന്നു. (ഫോണ്‍: 9846070798.)

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈച്ചകള്‍ക്ക് അസുഖം വരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ശത്രുജീവികളില്‍നിന്ന് ഈച്ചകള്‍ക്ക് സംരക്ഷണം വേണം. കീടനാശിനികളില്‍നിന്ന് അകലം പാലിക്കണം. ഈച്ചകളുടെ കുത്തേല്‍ക്കാതിരിക്കാന്‍ വേണ്ടത്ര ശ്രദ്ധിക്കണം.

ഔഷധപ്രാധാന്യമുള്ള തേനും മെഴുകുമാണ് ഈ മേഖലയിലെ രണ്ട് ഉത്പന്നങ്ങള്‍ ഐ.ആര്‍.ഡി.പി. മേളകളിലും കൃഷിവകുപ്പിന്റെ മറ്റ് പ്രദര്‍ശനസ്റ്റാളുകളിലുമാണ് പ്രധാന വില്പനയെന്ന് മേളകളിലെ സ്ഥിരം സാന്നിധ്യമായ അബൂബക്കര്‍ പറയുന്നു. ഭാര്യ നഫീസയും മകള്‍ ഫെബിനയും എന്നും കൂട്ടിനുള്ളതും അദ്ദേഹത്തിന് സൗകര്യമാകുന്നു.

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍


Stories in this Section