വഴുതിന നടാം

Posted on: 17 Nov 2013


വഴുതിനയെ മുട്ടച്ചെടിയെന്ന് പറയും. മുട്ടപ്പഴം വേറെയാണ് . ബ്രിന്‍ജാള്‍ എന്ന വഴുതിനയുടെ മുഖ്യകൃഷിക്കാലം മെയ്ൃജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളാണ്.

തവാരണയില്‍ മണ്ണ്, മണല്‍, കാലിവളമിട്ട്, നല്ല വിത്ത് വാങ്ങി പാകി നനക്കണം.

നന്നായി വെയില്‍ കിട്ടുന്ന സ്ഥലത്താണ് വിത്ത് പാകാന്‍ തവാരണ ഉണ്ടാക്കേണ്ടത്.

വെള്ളം കെട്ടി നില്‍ക്കാന്‍ പാടില്ല. സ്ഥലമില്ലാത്തവര്‍ക്ക് പരന്ന ട്രേയിലോ പഴയ ബക്കറ്റിലോ പരന്ന പാത്രത്തിലോ മണ്ണും മണലും വളപ്പൊടിയും ചേര്‍ന്ന് വഴുതിന വിത്ത് പാകാം.

വഴുതിന, വിത്ത് ഏറെ താഴ്ത്തി പാകിയാല്‍, മുളച്ചുവരില്ല.

കൈവിരല്‍ ഉപയോഗിച്ച് ചെറിയതായി താഴ്ത്തി വഴുതിന വിത്ത് പാകണം.വിത്തിട്ടശേഷം ചെറിയതായി മണലിട്ടു നനച്ചാല്‍ മതി

വിത്തിടും മുമ്പ് തന്നെ സ്യൂഡോമോണസ് 5-10 ഗ്രാം പച്ചവെള്ളത്തില്‍ കലക്കി നന്നായി തവാരണയിലൊഴിച്ചാല്‍ ചെടി ചീയില്ല.

ഒരു മാസം കൊണ്ട് തൈകള്‍ പറിച്ചു നട്ടാല്‍ വളര്‍ച്ചയെത്തും

നല്ല വഴുതിനയിനങ്ങള്‍

വഴുതിനയില്‍ പലനിറം, ആകൃതി, എന്നിവയുള്ള വഴുതിനയിനങ്ങള്‍ കാണുന്നുണ്ട്. നാടനിനങ്ങള്‍ തന്നെ നിരവധിയാണ്. എന്നാല്‍ ഗവേഷകര്‍ പുറത്തിറക്കിയ സങ്കരയിനങ്ങള്‍ തിരഞ്ഞെടുത്തയിനങ്ങള്‍, എഫ് 1 സങ്കരവഴുതിനകള്‍ ഇവയെല്ലാം പ്രചാരത്തിലുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത, നീലിമ(എഫ്.1 വഴുതിന) എന്നിവ നല്ല വിളവ് തരും. ഇതല്ലാതെ ചില സ്വകാര്യ വിത്ത് കേന്ദ്രങ്ങളും നല്ല വിത്ത് പുറത്തിറക്കിയിട്ടുണ്ട്.
പൂസാ പര്‍പ്പിള്‍ എന്ന നല്ല വഴുതിനയിനവും പ്രചാരത്തിലുണ്ട്.

ഒരു ഹെക്ടറിലേക്ക് 370 ഗ്രാം മുതല്‍ 500 ഗ്രാം വരെ വിത്താവശ്യമാണ്.

3-4 പ്രാവശ്യം താഴ്ത്തി കിളച്ച ഭാഗത്താണ് തൈകള്‍പറിച്ചു നടാന്‍ തടം തീര്‍ക്കേണ്ടത്. വരിവരിയായി തൈകള്‍ നട്ട ശേഷം തണല്‍ കുത്തി കൊടുക്കണം. ശിഖരം പൊട്ടാത്ത ഇനങ്ങള്‍ക്ക് വരികള്‍ തമ്മിലും ഒരു വരിയിലെ തൈകള്‍ തമ്മിലും 60 സെ.മീ.അകലം നല്‍കണം.

പടര്‍ന്നു വളരുന്നയിനങ്ങള്‍ക്ക് (ഹരിത, നീലിമ,എന്നിവ) അകലം കൂട്ടണം

നല്ല വണ്ണം അഴുകിപ്പൊടിഞ്ഞ ചാണകം, കമ്പോസ്റ്റ്, ബര്‍മി വളം, വെര്‍മിസത്ത്, സ്യൂഡോമോണാസ്, ട്രൈക്കോഡര്‍മ ഇവ സ്ഥിരം ഉപയോഗിക്കണം.

തവാരണയിലെ തൈകള്‍ അഴുകല്‍ തടയാന്‍ നീര്‍വാര്‍ച്ച ഉറപ്പാക്കണം. വിത്ത് ഒരു സ്ഥലത്തു മാത്രമായി വിതറാതെ എല്ലായിടത്തുമെന്ന തരത്തില്‍ വിതയ്ക്കണം.സ്യൂഡോമോണാസ്, ലായനി മണ്ണില്‍ ഒഴിക്കണം

ഇലകളും കായ്കളും പുഴുബാധയില്‍ നിന്ന രക്ഷ നേടാന്‍ സ്ഥിരം തോട്ടത്തിലെത്തി പരിശോധിച്ച് പുഴുക്കളെയും വണ്ടിനെയും പിടിച്ച് നശിപ്പിക്കുക. കാന്താരി മുളകരച്ച്, ഗോമൂത്രം, സോപ്പ്, പച്ചവെള്ളം ഇവ ചേര്‍ത്തിളക്കി തളിക്കുക.വഴുതിന തൈകള്‍ പിഴുതുനടുമ്പോള്‍ സ്യൂഡോമോണാസ് ലായനിയില്‍ തൈകള്‍ മുക്കിയശേഷം നടണം.

ചെടിച്ചട്ടിയില്‍ വഴുതിന നടുമ്പോള്‍ മണ്ണില്‍ ഉമി, മരപ്പൊടി, കമ്യൂണിസ്റ്റ് പച്ച ഉണക്കിയപൊടി, നാറ്റപ്പൂച്ചെടിയില ഉണങ്ങിയപൊടി, എന്നിവയിട്ടാല്‍ നിമാ വിരശല്യം വരില്ല.കായയും തണ്ടും തുരക്കുന്ന വില്ലന്മാരെ തുടക്കത്തിലേ പിടിച്ച് നശിപ്പിക്കുക. ചീയുന്ന വഴുതിന പറിച്ച് തീയിടണം.

ബാക്ടീരിയാവാട്ടരോഗം വരാതിരിക്കാന്‍ ചെടിയിലെ മണ്ണില്‍ കുമ്മായമിടണം. വലിയ തോതില്‍ വഴുതിന നടുമ്പോള്‍ മാറ്റി മാറ്റി സ്ഥലം തിരഞ്ഞെടുത്ത് നടുക.

വാട്ടം വരാത്ത ശ്വേത, സൂര്യ, ഹരിത, നീലിമ എന്നീയിനങ്ങള്‍ കൃഷി ചെയ്യുക.

നല്ല വഴുതിന വിത്തിനും തൈകള്‍ക്കും കേരളകാര്‍ഷിക സര്‍വ്വകലാശാലയില്‍ ബന്ധപ്പെടുക. നല്ല വഴുതിന വിത്തിന് വി.എഫ്.പി.സി.കെ.യിലും ബന്ധപ്പെടാം, നല്ല വഴുതിന വിത്തിന്റെ ലഭ്യതയറിയാന്‍ വിളിക്കേണ്ടുന്ന ചില ഫോണ്‍ നമ്പറുകള്‍ ഇതാ

0487 2371340, 2370726, 2374332, 9946105331

എം.എ സുധീര്‍ ബാബു പട്ടാമ്പി
Stories in this Section