മണ്ണിനെ പുതപ്പിക്കാം; വിളവ് കൂട്ടാം

Posted on: 12 Nov 2013മണ്ണിനെ പുതപ്പിച്ച് സംരക്ഷിക്കാം അതിലൂടെ വിളവും കൂട്ടാം വിളവ് കുറയുന്നതിനുള്ള പ്രധാന കാരണം മണ്ണിന്റെ ആരോഗ്യമില്ലാത്ത അവസ്ഥയാണ്. യഥാര്‍ഥത്തില്‍ ഗര്‍ഭാവസ്ഥയിലുള്ള ഒരു ശിശുവിന്റെ വളര്‍ച്ച എത്രമാത്രം അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ അപ്രകാരമാണ് ചെടിയുടെ വളര്‍ച്ചയും മണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ആരോഗ്യമുള്ള മണ്ണിലേ ആരോഗ്യമുള്ള സസ്യം വളരുകയുള്ളൂ. മണ്ണിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ അതിവൃഷ്ടി, കഠിനമായ വെയില്‍, മണ്ണൊലിപ്പ്, അതിശൈത്യം, മണ്ണിലെ സൂക്ഷ്മജിവികളുടെ അഭാവം, മണ്ണിലേക്ക് ചേര്‍ക്കപ്പെടുന്ന ജൈവവസ്തുക്കളുടെ കുറവ് എന്നിവയാണ്.

അതിവൃഷ്ടിയില്‍നിന്നും കൊടുംവെയിലില്‍ നിന്നുമൊക്കെ സംരക്ഷണം ലഭിക്കുന്നതിനായി ഭൂമി ഒരു പുതപ്പ് ആഗ്രഹിക്കുന്നു. പലപ്പോഴും കൊഴിയുന്ന ഇലകളും പൂക്കളും ചെറുശിഖരങ്ങളും കൊണ്ട് പ്രകൃതിതന്നെ ഇത്തരത്തില്‍ പുതപ്പ് ഒരുക്കാറുണ്ട്. ശ്രദ്ധിച്ചുനോക്കിയാല്‍ ഇത്തരം കൊഴിഞ്ഞ ഇലകളുടെയും പൂക്കളുടെയും അടിയില്‍ ധാരാളം മണ്ണിരകളെയും സൂക്ഷ്മജീവികളെയും കാണാം.

മണ്ണിരകളും സൂക്ഷ്മജിവികളും മണ്ണിലെ വായുസഞ്ചാരം കൂട്ടുന്നതിനും ചെടികള്‍ക്കാവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനും ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്നതിനും അന്തരീക്ഷ പാക്യജനകത്തെ അവാഹിച്ച് മണ്ണില്‍ ലഭ്യമാക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ചുരുക്കത്തില്‍ മണ്ണ് ജീവനുള്ളതായി നിലനിര്‍ത്താന്‍ ഇവയുടെ സഹായം അത്യാവശ്യമാണ്. ജീവനുള്ള മണ്ണിനുമാത്രമേ നല്ലരീതിയില്‍ വിളവുനല്‍കാന്‍ സാധിക്കൂ. അതിനാല്‍ നമുക്ക് നമ്മുടെ കൃഷിഭൂമിയെ പുതച്ച് സംരക്ഷിക്കാം.

സാധാരണഗതിയില്‍ രണ്ടുതരത്തിലുള്ള പുതവസ്തുക്കളാണ് ഉള്ളത്. ജൈവപുതവസ്തുക്കളും അജൈവ പുതവസ്തുക്കളും. പ്രകൃതിജന്യമായ ഇലകള്‍, പൂക്കള്‍, ചെറുശാഖകള്‍, ഓല, വൈക്കോല്‍, ഉമി, കരിമ്പിന്റെ ഓലയും ചണ്ടിയും പയര്‍വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളും ഇലകളും വാഴത്തട, അടയ്ക്കാത്തോട്, പഴയ പത്രക്കടലാസ് തുടങ്ങിയ എല്ലാ ചപ്പുചവറുകളും ഒന്നാന്തരം ജൈവപുതവസ്തുക്കളാണ്. ഇവയ്ക്കുപുറമേ അജൈവവസ്തുക്കളായ കല്ലുകള്‍, പാറപ്പൊടി, പ്ലാസ്റ്റിക് എല്ലാം പുതവസ്തുക്കളായി ഉപയോഗിക്കാം. ഇവയില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് പ്ലാസ്റ്റിക് പുതവസ്തുക്കളാണ്. 25-50 മൈക്രോണ്‍ കട്ടിയും 0.92 ഗ്രാം/സി.സി. ഡെന്‍സിറ്റിയുമുള്ള പ്ലാസ്റ്റിക് പുതകള്‍ വളരെ നല്ലതാണ്. കളനിയന്ത്രണത്തിന് കറുത്തനിറത്തിലുള്ള പ്ലാസ്റ്റിക് ഉത്തമമാണ്. മണ്ണിലെ ഈര്‍പ്പം പിടിച്ചുനിര്‍ത്താനും ബാഷ്പീകരണ തോത് കുറയ്ക്കാനും ഇവയ്ക്ക് കഴിയും. കൂടാതെ പെട്ടെന്ന് നശിച്ചുപോകാത്തതിനാല്‍ കൂടുതല്‍ കാലം ഉപയോഗിക്കാം. താരതമ്യേന വിലയും കുറവാണ്. ഇക്കാരണങ്ങളാല്‍ പ്ലാസ്റ്റിക്പുത സംരക്ഷിതകൃഷിയിടങ്ങളിലെ അവിഭാജ്യഘടകമാണ്. തുണി, പേപ്പര്‍ എന്നിവകൊണ്ട് നിര്‍മിച്ച പുതവസ്തുക്കളും ആവശ്യമുള്ള നീളത്തിലും വീതിയിലും ലഭ്യമാണ്. ഇവ പെട്ടെന്ന് അഴുകിച്ചേരില്ല. കൂടാതെ വെള്ളവും വായുവും കടന്നുപോകുന്നതിനെ തടസ്സപ്പെടുത്താത്ത തരത്തിലുള്ളവയുമാണ്. കളനിയന്ത്രണവും സാധ്യമാണ്.

പുതപ്പിച്ചാല്‍ ഗുണം ഏറെ

1. കൃഷിയിടത്തില്‍ പുതയിട്ടാല്‍ ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം 90 ശതമാനം കണ്ട് കുറയ്ക്കാം. ജലസേചനത്തിന്റെ ഇടവേളകള്‍ കൂട്ടുന്നതിന് സാധിക്കും. മണ്ണിലെ ഈര്‍പ്പം ബാഷ്പീകരണം വഴി നഷ്ടമാകുന്നത് തടയുന്നതിനും സാധിക്കുന്നു.

2. ശരിയായ രീതിയില്‍ പുതയിടുന്നതുവഴി കളനിയന്ത്രണം സാധ്യമാകുന്നു. കൃഷിച്ചെലവിന്റെ സിംഹഭാഗവും പലപ്പോഴും കളനിയന്ത്രണത്തിനായുള്ള കൂലിയിനത്തിലാണ് ചെലവാക്കുന്നത്. കൂടാതെ തൊഴിലാളികളുടെ ദൗര്‍ലഭ്യവും കളനിയന്ത്രണത്തിന് പ്രശ്‌നം സൃഷ്ടിക്കാറുണ്ട്.

3. മണ്ണ് പുതയിടുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളില്‍നിന്ന് മണ്ണിനെയും അതിലെ സൂക്ഷ്മ ജീവികളെയും സംരക്ഷിക്കാന്‍ കഴിയും.
4. പുതയിടുന്നതുമൂലം ശക്തമായ മഴയില്‍ ഫലഭൂയിഷ്ടമായ മേല്‍മണ്ണ് ഒലിച്ചുപോകുന്നത് തടയുന്നതിന് സാധിക്കുന്നു. കൂടാതെ മഴക്കാലത്ത് ചെടികളില്‍ തെറിച്ചുവീഴുന്ന മണ്ണിലൂടെ പടരുന്ന രോഗങ്ങള്‍ കുറയ്ക്കുന്നതിനും സാധിക്കും.

5. ജൈവ പുതയിടലിന് ഉപയോഗിക്കുന്ന പുതവസ്തുക്കള്‍ അഴുകുമ്പോള്‍ മണ്ണിലെ ഫലപുഷ്ടിയുടെ പ്രധാന സൂചകമായ ക്ലേദം അഥവാ ഹ്യൂമസിന്റെ അളവ് വര്‍ധിക്കുന്നു. ഇവ മണ്ണില്‍ ജലവും പോഷകമൂലകങ്ങളും പിടിച്ചുനിര്‍ത്തുന്നതില്‍ സഹായിക്കുന്നു.

6. പുതയിടില്‍ മണ്ണിന്റെ ഉപരിതലം വിണ്ടുകീറുന്നത് തടയുന്നു.

7. ജൈവ പുതവസ്തുക്കള്‍ വിഘടിക്കുമ്പോള്‍ സസ്യവളര്‍ച്ചാ ത്വരകങ്ങളായ ഓക്‌സീനുകള്‍ ഫോര്‍മോണുകള്‍ എന്നിവ ധാരാളമായി ഉണ്ടാകുന്നു.

8. ജൈവ പുതയിട്ട് കൃഷി ചെയ്യപ്പെടുന്ന വിളകളുടെ ഉത്പന്നങ്ങള്‍ക്ക് ഉന്നതനിലവാരമുണ്ട്. ഇവയ്ക്ക് സ്വാദ്, മണം, കീട-രോഗ പ്രതിരോധം, സൂക്ഷിപ്പുഗുണം ഇവയെല്ലാം കൂടുതലായിരിക്കും.

9. പുതയിടുന്ന സസ്യങ്ങള്‍ക്ക് പുതയിടാത്ത സസ്യങ്ങളെ അപേക്ഷിച്ച് വേരുപടലം കൂടുതലായി ഉണ്ടാകുന്നു. ഇത്തരത്തില്‍ അനുയോജ്യമായ പുതവസ്തുക്കള്‍ ഉപയോഗിച്ച് ശരിയായ രീതിയില്‍ ചെയ്യുന്ന പുതയിടല്‍ മണ്ണിലെ വായുസഞ്ചാരവും ജലആഗീകരണശേഷയും ഫലഭൂയിഷ്ടതയും മറ്റും വര്‍ധിപ്പിച്ച് ആരോഗ്യമുള്ള മണ്ണും അവയില്‍ വര്‍ധിച്ചതോതിലുള്ള വിളവും നല്‍കുന്നു.

പ്രീത സി.

കൃഷി ഓഫീസര്‍, കൃഷിഭവന്‍,
ചവറ, കൊല്ലം


Stories in this Section