മണ്ണിന്റെ മനസ്സറിഞ്ഞ് ഷാലിയുടെ ജീവിതദൗത്യം

Posted on: 05 Oct 2013രാജകുമാരി: മുരിക്കുംതൊട്ടി ആലപ്പുരയ്ക്കല്‍ ഷാലി തങ്കച്ചന് കാര്‍ഷികജോലികള്‍ ആഹ്ലാദംപകരുന്ന ജീവിതദൗത്യമാണ്. സൗമ്യമായി കൃഷിയോട് ഇടപെടാന്‍ ഈ വീട്ടമ്മയ്ക്കറിയാം. വീട്ടുജോലികള്‍ക്കൊപ്പം ചിട്ടയായി ഷാലി ശ്രദ്ധവയ്ക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങളൊന്നും പരാജയപ്പെടാറില്ല. ഏലവും കുരുമുളകുമാണ് ഇവിടത്തെ പ്രധാന നാണ്യവിളകള്‍. ഏലക്കാടുകളുടെ നടുവിലുള്ള വീടിന്റെ ചുറ്റുവട്ടം ഷാലി ഒരു കാര്‍ഷിക പാഠശാലയാക്കിയിരിക്കുകയാണ്. മുന്തിരി, സ്‌ട്രോബറി, കാപ്‌സിക്കം, കാരറ്റ്, പാവല്‍, പടവലം, പയര്‍, ചേന, ചേമ്പ്, കാച്ചില്‍ എന്നിവയെല്ലാം ഈ വീട്ടമ്മ നട്ട് പരിപാലിക്കുന്നു.

ആട്, പശു, കോഴി, താറാവ്, മുയല്‍, പന്നി എന്നിവയുടെ പരിപാലനവും ശ്രദ്ധാപൂര്‍വം ഷാലി നിര്‍വഹിക്കുന്നു. മത്സ്യകൃഷിയുമുണ്ട്. 2009ല്‍ രാജകുമാരി പഞ്ചായത്തിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകയായിരുന്ന ഈ വീട്ടമ്മ 2012-13 വര്‍ഷത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷകയായും തിരഞ്ഞെടുക്കപ്പെട്ടു.

വൈവിധ്യമാര്‍ന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വീട്ടിലെത്തുന്നവരോട് കാര്‍ഷിക വിശേഷങ്ങള്‍ പങ്കുവയ്ക്കാനും വീട്ടുമുറ്റത്തെ പൂന്തോട്ടത്തിന്റെ പരിപാലനകാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നു പറയാനും ഷാലി സമയം കണ്ടെത്തും.
കാലിവളര്‍ത്തലും കോഴിവളര്‍ത്തലും ആടു വളര്‍ത്തലും നല്ല ലാഭം തരുന്നവയാണെന്നുപറയുന്ന ഷാലി ഒരു മാസം അറുനൂറോളം മുട്ടകള്‍ വില്‍ക്കുന്നു. സുഭാഷ് പാലേക്കറുടെ സീറോ ബജറ്റ് കൃഷിയെക്കുറിച്ചു ചോദിച്ചാലും ഇവര്‍ വാചാലയാകും. ജൈവവളങ്ങളും കീടനാശിനികളുമെല്ലാം സ്വന്തമായി ഉണ്ടാക്കി കൃഷിയിടത്തില്‍ പ്രയോഗിക്കുന്നു.

ഭര്‍ത്താവ് തങ്കച്ചനും മക്കളായ അതുലും അതുല്യയും കൃഷിയില്‍ പൂര്‍ണമായി സഹകരിക്കുന്നു. വാത്തിക്കുടി പഞ്ചായത്തിലെ പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഷാലിയെ മുരിക്കുംതൊട്ടിയിലും വരവേറ്റത് മണ്ണിന്റെ മനസ്സറിഞ്ഞ കാര്‍ഷിക കുടുംബമായിരുന്നു. കൃഷികാര്യങ്ങളിലും മൃഗപരിപാലനകാര്യങ്ങളിലും സൗമ്യതയോടെ ശ്രദ്ധവച്ചാല്‍ വിജയം നിശ്ചയമെന്നാണ് ഈ വീട്ടമ്മ പകര്‍ന്നുനല്‍കുന്ന സന്ദേശം.

വീടിനോടുചേര്‍ന്നുള്ള ഏലയ്ക്കാ സംസ്‌കരണ സ്റ്റോറിന്റെ പ്രവര്‍ത്തനങ്ങളും ഷാലിക്കും തങ്കച്ചനും കൃത്യമായറിയാം. തൊഴിലാളികളെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ ജോലികളും ചെയ്യുക എന്ന പാഠവും ഷാലി പങ്കുവയ്ക്കുന്നു.

ആന്റണി മുനിയറ


Stories in this Section