ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും

Posted on: 24 Sep 2013

ഡോ. ടി. പി സേതുമാധവന്‍
പശുവളര്‍ത്തലില്‍ ഉല്പാദനചിലവ് വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള സാങ്കേതികവിദ്യക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലയളവില്‍ പാലിന്റെ വിലയിലുണ്ടായ വര്‍ദ്ധനവ് 56 % വും തീറ്റയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് 220 ശതമാനവുമാണ്. പശുവളര്‍ത്തലില്‍ ലാഭകരമാക്കാന്‍ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്.

പാലും പാലുല്‍പ്പന്നങ്ങളും, ജൈവവളവും നിര്‍മ്മിച്ച് വിപണനം നടത്തുന്നതിലൂടെ പശുവളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാക്കാം. തീറ്റപ്പുല്ല് കൃഷി ചെയ്യുന്നതിലൂടെ ഉല്പാദനചിലവ് കുറയ്ക്കാം.

ചാണകത്തില്‍ നിന്നും ഗോബര്‍ ഗ്യാസ് ഉണ്ടാക്കുന്ന സാങ്കേതികവിദ്യക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഗോബര്‍ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതിയും സിലിണ്ടറില്‍ compressed പാചകവാതകവും നിര്‍മ്മിക്കുന്ന പുത്തന്‍ സാങ്കേതികവിദ്യ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു. ഗോബര്‍ ഗ്യാസ് ശുദ്ധീകരിച്ച് Compressed Liquefied Gas ആയി സിലിണ്ടറില്‍ ലഭ്യമാക്കുന്ന പ്രക്രിയും വിപുലപ്പെട്ടുവരുന്നു.

ഗോബര്‍ ഗ്യാസില്‍ നിന്നും കുറഞ്ഞ ചിലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ വെറ്ററിനറി സര്‍വ്വകലാശാലയിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍ ലാഭകരമായി ഉപയോഗിച്ചുവരുന്നു. ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഫാമില്‍ കറവ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനും ഇലക്ട്രിക് ബള്‍ബുകള്‍ കത്തിക്കുന്നതിനും ഉപയോഗിക്കുന്നു.

നാലുമാസമായി പ്രവര്‍ത്തിക്കുന്ന ഗോബര്‍ ഗ്യാസ് പ്ലാന്റില്‍ നിന്നും 800 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഫാം മേധാവി ഡോ. അനില്‍ കെ.എസ് അഭിപ്രായപ്പെട്ടു. ഇതിലൂടെ ഫാമിലെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്.

25 ക്യുബിക് മീറ്റര്‍ ശേഷിയുളള ഗോബര്‍ ഗ്യാസ് പ്ലാന്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിവസേന 200കി.ഗ്രാം ചാണകവും വെളളവും പ്ലാന്റിലേയ്ക്ക് കടത്തിവിടും. പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്ന ഗോബര്‍ ഗ്യാസ് clarifier വഴി ശുദ്ധീകരിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജനറേറ്ററിനു ഇന്ധനമായി ഉപയോഗിക്കുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ മണിക്കൂറില്‍ 4 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഒരു മണിക്കൂറില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ 3½ - 4 ക്യുബിക് മീറ്റര്‍ ഗ്യാസ് അത്യാവശ്യമാണ്. പ്ലാന്റില്‍ നിന്നും 2 - 2½ മണിക്കൂര്‍ നേരത്തേക്ക് ആവശ്യമായ വൈദ്യുതിക്ക്‌വേണ്ട ഗ്യാസാണ് ഇപ്പോള്‍ ഉല്പാദിപ്പിക്കുന്നത്. കാലത്തും വൈകീട്ടും ഫാമിലെ വിവിധ ഷെഡുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന 1½ HP ശേഷിയുളള 2 കറവയന്ത്രങ്ങള്‍ 4 മണിക്കൂര്‍ ഇതിലൂടെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിലൂടെ ഏകദേശം 7 യൂണിറ്റോളം വൈദ്യുതി ലാഭിയ്ക്കാന്‍ കഴിയുന്നു.

ഗോബര്‍ ഗ്യാസ് പ്ലാന്റില്‍ നിന്നുളള സ്ലറി തീറ്റപുല്‍കൃഷിയ്ക്ക് ഉപയോഗിച്ചുവരുന്നു. പച്ചക്കറി, ഉദ്യാനകൃഷി എന്നിവയ്ക്കാവശ്യമായ ചാണകം ഉണക്കിപ്പൊടിച്ച് 20 കിലോ, 2½ കിലോ പാക്കറ്റില്‍ വില്‍പ്പന നടത്തിവരുന്നു.

ഒരു ഗോബര്‍ ഗ്യാസ് പ്ലാന്റ് കൂടി സ്ഥാപിച്ച് ഫാമിലേയ്ക്കും ഓഫീസിലേയ്ക്കും ആവശ്യമായ വൈദ്യുതി പൂര്‍ണ്ണമായിട്ടും ഉല്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടന്നുവരുന്നു.

5 - 8 പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ഗോബര്‍ ഗ്യാസ് പ്ലാന്റിലൂടെ ഫാമുകള്‍ക്കാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷീര സംരംഭകര്‍ക്ക് മാതൃകയാക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡോ. അനില്‍ കെ. എസ് - 9446320200


Stories in this Section