അരയന്‍മുണ്ട കുരുമുളക് പൊള്ളുരോഗം പ്രതിരോധിക്കുമെന്ന് നിരീക്ഷണം

Posted on: 07 Sep 2013കട്ടപ്പന: അരയന്‍മുണ്ട ഇനം കുരുമുളക് പൊള്ളുരോഗത്തെ പ്രതിരോധിക്കുമെന്ന് യുവകര്‍ഷകന്റെ നിരീക്ഷണം. ഈ നിരീക്ഷണം ശരിയാണെന്ന്, ഏഷ്യയിലെ ഏറ്റവും വലിയ കുരുമുളക് ഗവേഷണ സ്ഥാപനമായ പന്നിയൂര്‍ ഗവേഷണകേന്ദ്രവും സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷനും സാക്ഷ്യപ്പെടുത്തി.

കുമളി ചെല്ലാര്‍കോവില്‍ മുതുകാട്ടില്‍ അലക്‌സാണ് കുരുമുളക് കൃഷിക്കാര്‍ക്ക് ആശ്വാസമേകുന്ന പുതിയ നിരീക്ഷണം നടത്തിയത്. ഈ വര്‍ഷം, 67 ദിവസത്തെ കനത്തമഴയും തണുത്ത അന്തരീക്ഷവും കൃഷിക്ക് വന്‍ നാശമുണ്ടാക്കിയിരുന്നു. ഈ കാലാവസ്ഥാ വ്യതിയാനത്തെ കൊറ്റനാടന്‍, പന്നിയൂര്‍ 5 ഇനങ്ങള്‍ തരണംചെയ്യുമെന്ന് മുന്‍പ് കൃഷി ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. അരയന്‍മുണ്ട ഇനവും പൊള്ളുരോഗത്തെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിക്കുമെന്നാണ് അലക്‌സ്‌കണ്ടെത്തിയിട്ടുള്ളത്.

ഇടുക്കി ജില്ലയിലെ 12 പഞ്ചായത്തുകളിലാണ് പൊള്ളുരോഗം വ്യാപകമായിട്ടുള്ളത്. പ്രതിരോധ നടപടികള്‍ പാളുകയാണ്. രോഗബാധിതമേഖലയില്‍ പോലും അരയന്‍മുണ്ട ഇനം നശിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചയെ പ്രതിരോധിച്ചും അരയന്‍മുണ്ട ഇനത്തില്‍ മുളക് പിടിച്ചിരുന്നു. പന്നിയൂര്‍ ഗവേഷണകേന്ദ്രം മേധാവി ഡോ. വി.പി.നീമ, അലക്‌സിന്റെ നിരീക്ഷണങ്ങള്‍ ശരിവച്ചു. ഈ നിരീക്ഷണം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമാണെന്ന് സംസ്ഥാന ഹോള്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപനും അഭിപ്രായപ്പെടുന്നു.

താന്‍ കണ്ടെത്തിയ വിവരങ്ങള്‍ സെ്‌പെസസ് ബോര്‍ഡും കൃഷിവകുപ്പും എത്രയുംവേഗം കര്‍ഷകരില്‍ എത്തിക്കണമെന്നാണ് അലക്‌സിന്റെ ആഗ്രഹം.

പൊള്ളുരോഗം ബാധിക്കുന്ന ചെടികളുടെ ഇല കൊഴിഞ്ഞുപോവുകയും തിരികള്‍ കറുത്ത് അടര്‍ന്നുവീഴുകയും ചെയ്യും. 7 മുതല്‍ 12 ദിവസംവരെ കനത്ത മഴയുണ്ടായാല്‍ 'കോളിട്രോ ട്രിക്കം' എന്ന ഫംഗസ് വളരും. ഇതുമൂലമാണ് പൊള്ളുരോഗം ഉണ്ടാവുന്നത്. ഇളം തിരികളില്‍ മഞ്ഞനിറവും മൂത്തതിരികളില്‍ കറുത്ത നിറവും കാണും. ഇലയില്‍ കുറുത്ത പൊട്ടുകളുണ്ടാവും. പ്രകാശ സംശ്ലേഷണം നടക്കാതാവും. ഇങ്ങനെ ചെടിനശിക്കും. '97 മുതലാണ് ഈ രോഗം വ്യാപകമായി കേരളത്തില്‍ ഉണ്ടായതെന്ന് അലക്‌സ് പറഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇത് കൂടുതലും.
Stories in this Section