
തൃശ്ശൂര്‍ : അര മീറ്റര്‍ നീളമുള്ള വഴുതിനയുമായി വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഒളരികള്‍ച്ചര്‍ വിഭാഗം. കോളേജിലെ ജനിതകശേഖരത്തിലാണ് ഇത്രയും നീളമുള്ള വഴുതിന വിളഞ്ഞത്.
കോഴിക്കോട്ടുനിന്ന് ശേഖരിച്ച പാമ്പ് വഴുതിന വിഭാഗത്തില്‍പ്പെട്ട ചെടിയിലാണ് 49 സെന്റിമീറ്റര്‍ വരുന്ന നീളന്‍ ഉണ്ടായത്. ഏറ്റവും നീളം കൂടിയ വഴുതിനയാണിതെന്ന് ഒളരികള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. ടി.ഇ. ജോര്‍ജ്ജും പ്രൊഫസര്‍ ഡോ. പി. ഇന്ദിരയും പറഞ്ഞു.
കോളേജിലെ ജനിതക ശേഖരത്തില്‍ 45ഓളം ഇനം വഴുതിനകളാണുള്ളത്. കേരളത്തിനകത്തും പുറത്തും നിന്ന് ശേഖരിച്ചവയാണിവ. പച്ച, വയലറ്റ്, വെള്ള തുടങ്ങിയ നിറങ്ങളിലും വ്യത്യസ്ത ആകൃതിയിലുമുള്ള ഇനങ്ങള്‍ ഇതില്‍പ്പെടുന്നു.
മുട്ടയുടെ ആകൃതിയിലുള്ളവ, കടുംവയലറ്റ് നിറത്തിലുള്ള പൂക്കളോടു കൂടിയവ, ചെടികളിലും കായ്ഞെട്ടിലും മുള്ളുള്ളവ അങ്ങനെ വൈവിധ്യം നിറഞ്ഞതാണ് ഈ ശേഖരം. രണ്ടോ മൂന്നോ വര്‍ഷം ഇവയെ വളര്‍ത്തി കീടരോഗബാധകളില്ലാത്ത, അത്യുല്പാദനശേഷിയുള്ള, കാലാവസ്ഥയ്ക്കിണങ്ങുന്ന ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ഇവിടത്തെ ഗവേഷണ കേന്ദ്രത്തില്‍ ചെയ്യുന്നത്. വെള്ളനിറത്തിലുള്ള ശ്വേത, ഇളംപച്ച നിറത്തിലുള്ള ഹരിത, വയലറ്റ് നിറമുള്ള സൂര്യ എന്നിവയ്ക്കു പുറമേ നീലിമ എന്ന സങ്കരയിനവും പുറത്തിറക്കിയിട്ടുണ്ട്.