ചതുരപ്പയര്‍ കൃഷിചെയ്യാം

Posted on: 01 Sep 2013ഏറ്റവുമധികം മാംസ്യം അടങ്ങിയ പച്ചക്കറിയാണ് ചതുരപ്പയര്‍. വള്ളിപ്പയറിലും ബീന്‍സിലും അടങ്ങിയിരിക്കുന്ന പ്രോട്ടീനിന്റെ എട്ട്
മടങ്ങും ചീരയിലും കാരറ്റിലുമുള്ളതിന്റെ 30 ഇരട്ടിയും മാംസ്യം ചതുരപ്പയറിലുണ്ട്. മാംസ്യം മാത്രമല്ല ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ജീവകങ്ങള്‍ എല്ലാം ധാരാളം.

ചതുരപ്പയറിന്റെ എല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇളം കായ്കളും പൂവും ഇലയും എന്തിന് വേരുകള്‍പോലും പച്ചക്കറിയായി ഉപയോഗിക്കാം. സമൂലം ഭക്ഷ്യയോഗ്യമായ ചതുരപ്പയറിനെ ഇറച്ചിപ്പയറെന്നും വിളിക്കും. ഇത്രയൊക്കെ മേന്മകളുണ്ടായിട്ടും ചതുരപ്പയര്‍ കേരളത്തില്‍ വേണ്ടത്ര പ്രചരിച്ചിട്ടില്ല. മറ്റ് പച്ചക്കറികളില്‍ കാണാത്ത വിചിത്രമായ സ്വഭാവമാണ് ഇതിന് പ്രധാനകാരണം.
അതായത് ചതുരപ്പയറിന് പൂക്കാന്‍ ദൈര്‍ഘ്യം കുറഞ്ഞ പകല്‍സമയമുള്ള കാലാവസ്ഥ അത്യാവശ്യം.

നമ്മുടെ നാട്ടിലെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് ചതുരപ്പയറിന് ഏറെ പ്രിയം. അതുകൊണ്ടുതന്നെ ജൂലായ്-ആഗസ്ത് മാസത്തിലാണ് നടേണ്ടത്. അതേസമയം ജനവരിയില്‍ നട്ട ചതുരപ്പയര്‍ എത്ര വളര്‍ന്നാലും ഒക്ടോബര്‍ എത്തിയാലേ പൂക്കൂ. ഇത് തിരിച്ചറിയാത്തതുകൊണ്ടുതന്നെ ചതുരപ്പയറിന് മച്ചിയെന്ന പഴി പലപ്പോഴും കേള്‍ക്കേണ്ടിവരുന്നു.

രണ്ടരമീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുത്ത് ചതുരപ്പയര്‍ നടാം. വിത്ത് ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ വേഗം മുളയ്ക്കും. കാലിവളമോ കമ്പോസ്റ്റോ നന്നായി ചേര്‍ത്തുകൊടുക്കണം. ഒരു സെന്റിന് 150 ഗ്രാം വിത്ത് മതിയാകും. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കുന്നത് നന്ന്. പന്തലിലായാലും വേലിയിലായാലും ചതുരപ്പയര്‍ പടര്‍ന്നുകയറും.

കീടരോഗശല്യമൊന്നുമില്ലാത്തതിനാല്‍ ഒരിക്കല്‍ വളര്‍ത്തിയവര്‍ ചതുരപ്പയറിനെ ഉപേക്ഷിക്കാറില്ല. മനുഷ്യന് മാത്രമല്ല മണ്ണിനും ചതുരപ്പയര്‍ പ്രിയങ്കരിയാണ്. ഇതിന്റെ വേരിലടങ്ങിയിരിക്കുന്ന റൈസോബിയം മണ്ണിലെ നൈട്രജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നു. നട്ട് മൂന്നാംമാസം നീലകലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കള്‍ ഉണ്ടായിത്തുടങ്ങും. കായകളുടെ നാലുവശങ്ങളില്‍നിന്നും പുറത്തേക്ക് ചിറകുപോലെ നീണ്ടുനില്‍ക്കുന്ന ഭാഗങ്ങള്‍ കാണാം. ഇളം കായകള്‍ക്ക് രുചികൂടും.

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് ചതുരപ്പയര്‍ സ്ഥിരം കൃഷിചെയ്യുന്ന കര്‍ഷകനാണ് ബാലന്‍. പ്രത്യേക പരിചരണമോ കീടബാധയോ ഇല്ലാത്തതിനാല്‍ കൃഷിച്ചെലവ് തുലോം കുറവ്. ചതുരപ്പയറിന്റെ പോഷകഗുണം മനസ്സിലാക്കിയവരാണ് ബാലേട്ടന്റെ സ്ഥിരം കസ്റ്റമേഴ്‌സ്. വടക്കേയിന്ത്യന്‍ പച്ചക്കറികള്‍ കൃഷിചെയ്യാന്‍ ഏറെ കഷ്ടപ്പെടുന്നവരുള്ള നമ്മുടെ നാട്ടില്‍ മാംസാഹാരക്കുറവ് നികത്താന്‍ പറ്റുന്ന ചതുരപ്പയര്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിലാണ് വിഷമമെന്ന് ബാലന്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ബാലന്‍-9495744424.

വീണാറാണി.ആര്‍,

കൃഷി ഓഫീസര്‍,
കിനാനൂര്‍-കരിന്തളം
veena4raghavan@gmail.com


Stories in this Section