തെങ്ങുകൃഷി നഷ്ടമെന്നുകേട്ടാല്‍ വിന്‍സെന്റ് ചിരിക്കും

Posted on: 21 Jul 2013തൊടുപുഴ: തെങ്ങുകൃഷി നഷ്ടമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തൊടുപുഴ ഇടവെട്ടി തെക്കുംഭാഗം കോടമുള്ളില്‍ വിന്‍സന്റ് ജോസഫിന് ചിരിവരും. 13 രൂപ വിലയ്ക്ക് നാളികേരം വില്‍ക്കാനേ മലയാളി പഠിച്ചിട്ടുള്ളൂ. 12 രൂപയ്ക്ക് ഇളംകരിക്ക് വില്‍ക്കാം. ഈ ഒരൊറ്റ ചുവടുമാറ്റം മതി തെങ്ങുകൃഷി ലാഭകരമാക്കാന്‍.

വിന്‍സെന്റിന്റെ തെങ്ങിന്‍തോപ്പിലെ കരിക്ക് തൊടുപുഴയില്‍ത്തന്നെ വിറ്റഴിക്കാനാവുന്നു. സ്ഥിരമായി വാങ്ങുന്ന കച്ചവടക്കാരുമുണ്ട്. കരിക്ക് വില്‍ക്കുന്നതിനാല്‍ ഉല്പാദനം കൂടും. നല്ല പരിചരണം തെങ്ങിന് കൊടുക്കുന്നതിനാല്‍ കൂടെക്കൂടെ കരിക്കിറക്കാം.
ഒരേക്കര്‍ സ്ഥലത്താണ് വിന്‍സെന്റ് തെങ്ങുകൃഷി ചെയ്യുന്നത്. തൊടുപുഴയാറിന്റെ തീരത്ത്. തോട്ടത്തിന്റെ മറ്റേ അതിര്‍ത്തിയില്‍ മുനിസിപ്പല്‍ തോട്, വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് കായ്ഫലമുള്ള നൂറോളം തെങ്ങുകള്‍. കഴിഞ്ഞ വര്‍ഷം കരിക്ക് വിറ്റ് 70,000ത്തോളം രൂപ ലഭിച്ചു. പുറമെ 600-700 നാളികേരവും.

രാസവളം കഴിവതും ഉപയോഗിക്കാതിരിക്കുകയെന്നതാണ് രീതി. ചാണകവും ചാരവും യഥേഷ്ടം ഇടും. ബോര്‍ഡോമിശ്രിതം തളിക്കും. മറ്റ് കീടനാശിനികള്‍ ഉപയോഗിക്കാറില്ല. തടമെടുക്കുന്നതിനും കവിളൊരുക്കുന്നതിനും കരിക്കിറക്കുന്നതിനും കൂലിക്കാരുണ്ട്. തെങ്ങുകയറാന്‍ ഒരാള്‍ക്ക് 50 രൂപ വീതം തെങ്ങൊന്നിന് നല്‍കും. ഇങ്ങനെ മൂന്നുപേര്‍. ഇവര്‍തന്നെ കവിളൊരുക്കി നല്‍കും.
വിന്‍സെന്റിന് ഒന്നാന്തരമായി തെങ്ങുകയറാനറിയാം. സ്വന്തമായി യന്ത്രവുമുണ്ട്. കൃഷിപ്പണികള്‍ക്ക് പുരയിടത്തിലേക്കിറങ്ങിയാല്‍ അറുപതുകാരന്‍ പ്രായം മറക്കും.

തെങ്ങുകൃഷിയില്‍ ഓരോരോ പരീക്ഷണങ്ങള്‍ സ്വയം നടത്തുന്നുമുണ്ട്. കുമ്മായം ഇട്ടാല്‍ വിളവ് കൂടുമെന്നും കായ്പിടിക്കാന്‍ നല്ലതാണെന്നും തിരിച്ചറിയുന്നത് അങ്ങനെ. കുറച്ചു തെങ്ങ് ചെത്താന്‍ കൊടുത്തത് പരാജയപാഠം. 4-5 കുല വരെ നഷ്ടപ്പെട്ടതാണ് ഫലം. ചവിട്ടേറ്റ് കുലകള്‍ വാടിപ്പോയി.

തെങ്ങിന് ഇടവിളയായി ജാതി വച്ചിട്ടുണ്ട്. നാല് തെങ്ങിന് നടുക്ക് ഒരു ജാതി എന്ന ക്രമത്തില്‍. നനയ്ക്കാന്‍ സൗകര്യമുള്ളതിനാല്‍ ജാതിക്കൃഷിയും മോശമല്ല.

തെങ്ങിന്‍തോപ്പില്‍ ഏകദേശം 18 അടി ചതുരത്തില്‍ രൂപപ്പെടുത്തിയ പാറക്കുളങ്ങളുണ്ട്. വെള്ളമടിച്ച് നിറച്ച് മത്സ്യം വളര്‍ത്തല്‍. ഗൗര, നൈലോട്ടിക്ക, വെള്ളഗൗര, മലേഷ്യന്‍ വാള എന്നിവയാണ് വളര്‍ത്തുന്നത്. ഇതും തെങ്ങിന് 'ഇടവിള'. ഗോതമ്പുതവിടും ചേനയിലയും കപ്പയിലയും ചേമ്പിലയുമൊക്കെയാണ് മത്സ്യങ്ങള്‍ക്ക് തീറ്റ.

കഴിഞ്ഞവര്‍ഷം അസിഡിറ്റി മൂലം മത്സ്യങ്ങള്‍ ചത്തൊടുങ്ങിയപ്പോള്‍ കൈപൊള്ളി. നഷ്ടം 40,000 രൂപയോളം. ഒരു വര്‍ഷംകൊണ്ട് മുക്കാല്‍ കിലോയോളം തൂക്കംവരുന്ന നൈലോട്ടിക്ക മീനുകള്‍ ചത്തുമലക്കുന്നത് നിറകണ്ണുകളോടെ വിന്‍സെന്റും ഭാര്യ ആന്‍സമ്മയും നോക്കിനിന്നു. എന്നിട്ടും മത്സ്യക്കൃഷി ഉപേക്ഷിച്ചില്ല. ഇക്കുറി ചേര്‍ത്തലയില്‍ പോയാണ് മലേഷ്യന്‍ വാളക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഒരെണ്ണത്തിന് മൂന്നര രൂപ നിരക്കില്‍.

കരിക്ക് വില്‍ക്കുമ്പോഴും കര്‍ഷകര്‍ അല്പം ശ്രദ്ധിക്കണമെന്ന് വിന്‍സെന്റ് പറയുന്നു. ഒരു തോപ്പിലെ മൊത്തം കരിക്ക് ഒറ്റയടിക്ക് കെട്ടിയിറക്കാന്‍ സമ്മതിക്കരുത്. രണ്ടു നിരവീതം തിരിച്ച് നല്‍കണം. അല്ലെങ്കില്‍ കരിക്കിന്റെ എണ്ണം കുറവുള്ള തെങ്ങുകള്‍ കച്ചവടക്കാര്‍ തഴയും.

തൊടുപുഴ ഗാന്ധിജി സ്റ്റഡിസെന്ററില്‍ ആണ് വിന്‍സെന്റ് തെങ്ങുകയറ്റം പഠിച്ചത്. എസ്.എസ്.എല്‍.സി. വരെ പഠിച്ചിട്ടുണ്ട്. കുറച്ചുനാള്‍ ഹൈദരാബാദില്‍ മിഷണറി പ്രവര്‍ത്തനം നടത്തി.

തടി ബിസിനസ്സും വാഹനവുമൊക്കെയുണ്ടായിരുന്നു. അതിനേക്കാളൊക്കെ സന്തോഷമേകുന്നത് കൃഷിതന്നെ. കൃഷി പല അവാര്‍ഡുകളും നേടിക്കൊടുത്തിട്ടുണ്ട്. അത് അംഗീകാരത്തിന്റെ തിളക്കമായി. മൂന്ന് മക്കള്‍: അനു, ജറോ, ജിന്‍ഡ.

ഡോ. എബി പി.ജോയി


Stories in this Section