ജൈവകൃഷിയിലൂടെ പഴങ്ങള്‍

Posted on: 21 Jul 2013വാഴയും കൈതച്ചക്കയും മാവുമൊഴിച്ചാല്‍ കേരളത്തില്‍ വാണിജ്യതോതില്‍ കൃഷിചെയ്യുന്ന ഫലങ്ങളേറെയില്ല. എന്നാല്‍, അട്ടപ്പാടിയിലെ തന്റെ തോട്ടത്തില്‍ തോമസ് മാത്യു വിളയിക്കുന്നത് സപ്പോട്ട മുതല്‍ നെല്ലിവരെയുള്ള പലയിനം പഴങ്ങളാണ്. അതും ജൈവരീതിയില്‍. പഴങ്ങളെ ഉത്പന്നങ്ങളാക്കി തോമസ് അവയുടെ മൂല്യം വര്‍ധിപ്പിക്കുന്നുമുണ്ട്.

അട്ടപ്പാടിയിലെ താവളത്തിനടുത്താണ് 16 ഏക്കര്‍ വ്യാപ്തിയുള്ള തോമസിന്റെ പഴത്തോട്ടം. രണ്ട് പതിറ്റാണ്ടുമുമ്പാണ് കാഞ്ഞിരപ്പുഴക്കാരനായ തോമസ് മാത്യു അട്ടപ്പാടിയില്‍ ഭൂമിവാങ്ങുന്നത്. ഭവാനിപ്പുഴയുടെ തീരത്തായതിനാല്‍ ഊര്‍ജിതമായി കൃഷിചെയ്യാമെന്നുകരുതി. ആദ്യം രാസവളങ്ങള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, 10 വര്‍ഷം മുമ്പ് സമ്പൂര്‍ണ ജൈവകൃഷിയിലേക്ക് ചുവടുമാറ്റി. ഇന്റോസെര്‍ട്ടില്‍നിന്ന് ജൈവകൃഷിക്ക് സര്‍ട്ടിഫിക്കേഷനും ലഭിച്ചു. സപ്പോട്ട, നെല്ലി, മാതളനാരകം, മാവ്, വാഴ, പ്ലാവ് എന്നിവയ്‌ക്കൊപ്പം തെങ്ങും ഇവിടെ കൃഷിചെയ്യുന്നു.

തുള്ളിനനയാണ് പഴച്ചെടികള്‍ക്ക് വേനലില്‍ അനുവര്‍ത്തിക്കുന്നത്. വെള്ളം ഒട്ടും പാഴാകാതെതന്നെ വളര്‍ച്ചയും വിളവും പതിന്മടങ്ങാക്കാന്‍ തുള്ളിനനയിലൂടെ സാധിക്കുമെന്നാണ് തോമസിന്റെ അനുഭവം. ചാണകം, മണ്ണിരക്കമ്പോസ്റ്റ്, സാധാരണ കമ്പോസ്റ്റ് എന്നിവയ്ക്ക് പുറമേ ഒരു പ്രത്യേകതരം കമ്പോസ്റ്റും പഴച്ചെടികളുടെ ചുവട്ടില്‍ ചേര്‍ക്കുന്നുണ്ട്. ആയുര്‍വേദ ഔഷധനിര്‍മാണത്തിന് ഉപയോഗിച്ചശേഷം കളയുന്ന ഇലകളുടെ അവശിഷ്ടമാണ് കൃഷിയിടത്തിലെത്തിച്ച് കമ്പോസ്റ്റാക്കി ഉപയോഗിക്കുന്നത്. ഇത് നല്‍കുന്ന ചെടികള്‍, നല്ല രോഗപ്രതിരോധശേഷി പ്രകടിപ്പിക്കുന്നുണ്ട്. വളപ്രയോഗത്തിനും നനയ്ക്കുമൊപ്പം ഓലയും കരിയിലകളും മറ്റും ഉപയോഗിച്ചുള്ള പുതയിടല്‍ കൂടിയാകുമ്പോള്‍ വിളകള്‍ക്ക് തികച്ചും അനുകൂല സാഹചര്യമായി.

ഉത്പാദനശേഷി കൂടിയതും വിപണിയില്‍ പ്രിയമുള്ളതുമായ ഇനങ്ങള്‍തന്നെ നടാന്‍ തോമസ് ശ്രദ്ധിക്കുന്നുണ്ട്. സപ്പോട്ടയില്‍ പി.കെ.എം. 1, നെല്ലിയില്‍ ബി.എസ്.ആര്‍. 1 എന്നിങ്ങനെ. പല തട്ടുകളിലായാണ് വിളകള്‍ വളരുക. ഇവയ്ക്കിടയില്‍ മുഞ്ഞ, പലകപയ്യാനി തുടങ്ങി പലയിനം ഔഷധസസ്യങ്ങളും. ഈ ജൈവകൃഷിത്തോട്ടത്തില്‍ വിളയുന്ന മധുരഫലങ്ങളുടെ രുചി ഏറെ പ്രസിദ്ധിനേടിയിട്ടുള്ളതിനാല്‍ വില്പന ഒരു പ്രശ്‌നമല്ല. അധിക വിലനല്‍കി വാങ്ങാന്‍ വ്യാപാരികളെത്തുന്നു. ലോകത്തെവിടെയും 'ഓര്‍ഗാനിക്' ബ്രാന്‍ഡിങ്ങോടെ ഈ പഴങ്ങള്‍ വിറ്റഴിക്കാം. അട്ടപ്പാടിയില്‍ വിളയുന്ന പഴങ്ങള്‍ രുചിയിലും വിളവിലും മെച്ചമാണെന്ന് തോമസ് ചൂണ്ടിക്കാട്ടുന്നു. നല്ല വെയിലും വരണ്ട കാലാവസ്ഥയും രുചികൂട്ടുമ്പോള്‍, തോമസിന്റെ പരിപാലനമുറകളാണ് വിളവ് പതിന്മടങ്ങാക്കുന്നത്. തേങ്ങ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ജൈവോത്പന്നമായതിനാല്‍ അതും അധികവിലയ്ക്ക് ചെലവാക്കാനാകുന്നു.

മൂല്യവര്‍ധന ലാഭം പതിന്മടങ്ങാക്കുമെന്നാണ് തോമസിന്റെ അനുഭവം. ''നേന്ത്രപ്പഴം ഉണക്കിയത്, നെല്ലിക്കാ വൈന്‍, നെല്ലിക്കാ അരിഷ്ടം, സപ്പോട്ട ഉപയോഗിച്ചുണ്ടാക്കുന്ന ചിറ്റുവിറ്റ, സപ്പോട്ട പഞ്ചസാരപ്പാവിലിട്ടുണ്ടാക്കുന്ന പ്രിസര്‍വ്, ചക്കച്ചുള പ്രിസര്‍വ്, തേങ്ങാപ്പൂള് പ്രിസര്‍വ്, മാങ്ങാതെര തുടങ്ങിയവയൊക്കെ ഞങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.'' ഭാര്യ ജീനയ്ക്കാണ് ഉത്പന്നനിര്‍മാണത്തിന്റെ മേല്‍നോട്ടം. 'പഴത്തോട്ടം എക്കോ-ഹെര്‍ബല്‍ പ്രോഡക്ട്‌സ്' എന്ന ബ്രാന്‍ഡിലാണ് ഇവ കാഞ്ഞിരപ്പുഴയിലുള്ള എക്കോ ഷോപ്പുവഴി വിറ്റഴിക്കുന്നത്. വളരെ നല്ല പ്രതികരണമാണ് ഈ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് തോമസ് പറയുന്നു.

പ്രകൃതിസൗഹൃദ രീതിയില്‍ വിഷംതീണ്ടാതെ വിളയിക്കുന്ന ഈ മധുരഫലങ്ങള്‍ തോമസ് മാത്യുവിനും കുടുംബത്തിനും സമ്മാനിക്കുന്നത് ബംബര്‍ നേട്ടംതന്നെയാണ്.

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍


Stories in this Section