കപ്പ വന്ന വഴി
Posted on: 25 Mar 2013
അഡ്വ. ടി.ബി. സെലുരാജ്
കപ്പ ഒരു ജനകീയ ഭക്ഷ്യ ആഹാരമാണ്. പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നീ അപരനാമങ്ങളിലും കപ്പ അറിയപ്പെടുന്നു. ഒരു ജനകീയനായതുകൊണ്ടായിരിക്കാം ലാളിത്യമാണ് മുഖമുദ്ര. ഭംഗിയായി 'ഡിസ്പ്ലേ' ചെയ്തിട്ടുള്ള ഒരു പച്ചക്കറി കടയില്‍ ഒന്നു കയറിനോക്കൂ. കാബേജും കോളിഫ്ലവറും തക്കാളിയുമൊക്കെ ഭംഗിയില്‍ തട്ടുകളിലിരിക്കുമ്പോള്, നമ്മുടെ പാവം കപ്പയ്ക്ക് സ്ഥാനം തറയിലായിരിക്കും. എന്നാലോ, സ്വാദിന്റെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ് കപ്പ. കപ്പയും മീന്‍ മുളകിട്ടതും അതല്ലെങ്കില്‍ കപ്പയോടൊപ്പം ചുട്ട വത്തല്‍മുളക് അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ചത് മുന്നിലെത്തിയാല്‍ ആരുടെ വായിലാണ് വെള്ളമൂറാത്തത്? ചൂടുള്ള ഒരു ഗ്ലാസ്സ് കട്ടന്കാപ്പിയുമായാല് സംഗതി കുശാല്‍! ''പൂളയും ചക്കയുമൊക്കെ കഴിച്ചാല്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായിപ്പോകുമോ'' എന്ന് ഭയക്കുന്ന ചുരുക്കം ചിലരൊഴിച്ചാല്‍ ഭൂരിഭാഗം ജനതയും കപ്പ ഇഷ്ടപ്പെടുന്നവരാണ്. ഈ ജാടക്കാരും പൂള വാങ്ങിക്കാറുണ്ട്. ഇടവും വലവും നോക്കി പരിചയക്കാരില്ലെന്ന് ഉറപ്പുവരുത്തിയിട്ടുമാത്രം. തീര്‍ന്നില്ല, ഒരു ഗിഫ്റ്റ് പാക്കറ്റുപോലെ പൊതിഞ്ഞാണ് പിന്നീടിത് ഇക്കൂട്ടര്‍ വീട്ടിലെത്തിക്കുക. എന്നാല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കപ്പ സ്റ്റാര്‍ ഹോട്ടല്‍ മെനുവിലും സ്ഥാനം പിടിച്ചിരിക്കുന്നു. അതോടെ മൂപ്പര്ക്കൊരു നിലയും വിലയുമൊക്കെ കൈവന്നിട്ടുണ്ട്.
കപ്പ ഒരു തെക്കേ അമേരിക്കക്കാരനാണ്. കൃത്യമായി പറഞ്ഞാല്‍ ബ്രസീലുകാരന്. കപ്പയെ ആദ്യമായി കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്നത് തിരുവിതാംകൂര്‍ രാജവംശമാണ്. അവരിത് കൃഷിചെയ്തുവെന്നു മാത്രമല്ല, തങ്ങളുടെ പ്രജകളെക്കൊണ്ടിത് കൃഷി ചെയ്യിപ്പിക്കുകയും ചെയ്തു. ഇടയ്ക്കിടെയുണ്ടാകുന്ന അരിക്ഷാമത്തെ കപ്പകൊണ്ട് നേരിടാമെന്നവര്‍ മനസ്സിലാക്കി. ഈ സംരംഭമൊരു വന്‍ വിജയമായി. തുടര്‍ന്ന് തിരുവിതാംകൂര്‍ രാജാവ് മലബാര്‍ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാറിന് ഒരു കത്തെഴുതി. മലബാറില്‍ കപ്പക്കൃഷി വ്യാപകമാക്കണമെന്നും അത് പാവങ്ങള്‍ക്കൊരു അനുഗ്രഹമായിത്തീരുമെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. 'വീതം വെപ്പും ഗ്രൂപ്പിസവു'മൊന്നുമല്ല, മറിച്ച് ജനനന്മയായിരുന്നു അക്കാലത്തെ ഭരണാധികാരികളുടെ മുഖമുദ്ര. തിരുവിതാംകൂര്‍ രാജാവിന്റെ നിര്‍ദേശം ബ്രിട്ടീഷ് സര്‍ക്കാറിന് സ്വീകാര്യമായിത്തോന്നി. മലബാറില്‍ കപ്പക്കൃഷി വ്യാപകമാക്കേണ്ടതിലേക്ക് അവര്‍ വിളംബരം നടത്തി. പരസ്യങ്ങള്‍ ചെയ്തു. (കളക്ടറെ കല്ക്കട്ടര് എന്നും മലബാര്‍ ജില്ലയെ മലയാം ജില്ല എന്നും ആണ് ആദ്യകാലങ്ങളില്‍ നാം വിളിച്ചുവന്നിരുന്നതെന്നോര്ക്കുക.) കപ്പ എങ്ങനെ കൃഷിചെയ്യാമെന്നും എങ്ങനെയാണത് ഉപയോഗിക്കേണ്ടതെന്നും പ്രതിപാദിക്കുന്നതാണ് ആ പരസ്യം. 1872-ല്‍ മലബാര്‍ ഡിസ്ട്രിക്ട്ഗസറ്റില് പ്രത്യക്ഷപ്പെട്ട ആ പരസ്യം ഇതാ ഇങ്ങനെ:
'കല്ക്കട്ടരു'ടെ പരസ്യം
തിരുവനന്തപുരത്ത് സഫലമായി കൃഷി ചെയ്യപ്പെട്ട മരക്കിഴങ്ങ് ചെടിയെക്കുറിച്ചുള്ള വിവരങ്ങള്‍ തിരുവിതാംകൂറിലെ എളയ മഹാരാജാവായ രാജവര്‍മ രാജ അവര്‍കള്‍ ഗവണ്മെന്റിലേക്കറിയിച്ചിരിക്കുന്നു. ഈ കൃഷി മലയാം ജില്ലയില്‍ നടപ്പാക്കുവാന്‍ ശ്രദ്ധിക്കുന്ന താത്പര്യമായിട്ടുള്ള കൃഷിക്കാര്‍ക്ക് ഉപയോഗമായി വരേണമെന്നുള്ള ആഗ്രഹത്തോടുകൂടി മഹാരാജവര്കളുടെ കത്തില്‍നിന്ന് താഴെ പറയുന്ന വിവരങ്ങളെ ചുരുക്കമായി എടുക്കുന്നു.
മെനയാക്ക അല്ലെങ്കില്‍ ടപിയോക്ക എന്ന മരക്കിഴങ്ങ് ലഘുവായും രുചികരമായും ഉള്ള ആഹാരമാകുന്നു. ഇതിനെ മിക്കവാറും എല്ലാ ഭൂമിയിലും കൃഷിചെയ്യാം. അതിന്റെ വിളവ് അധികമാണ്. ഈ കൃഷി മിക്കവാറും വെള്ളം കൂടാതെ തന്നെ ചെയ്യാവുന്നതാണ്. മഴ പെയ്തശേഷം ഭൂമി കിളയ്ക്കുകയോ ഉഴുകയോ ചെയ്യണം. ഓരോ വാര ദൂരത്ത് കുഴികള്‍ കുഴിക്കണം.
തികഞ്ഞു വളര്‍ന്ന ചെടികളുടെ തണ്ടിനെ ഓരോ പൂട്ടുനീളത്തില് മുറിച്ച് കുഴികളില്‍ ഈരണ്ട് കഷ്ണം കണ്ട് ഒന്നൊന്നിനുമേല്‍ ഒന്നിനെ വിലങ്ങനെ കിടത്തിവെച്ച് തോലിട്ട് മൂടി പിന്നെ മണ്ണിട്ടുമൂടണം. നട്ടശേഷം ഒരു മാസത്തിനുള്ളില്‍ അവയ്ക്ക്വെള്ളം നനയ്ക്കണം. നൂറുവാര നീളം വീതിയുള്ള സ്ഥലത്തെ കൃഷികൊണ്ട് മുന്നൂറ് റാത്തല് കിഴങ്ങ് കിട്ടുമെന്നും അര റാത്തലുണ്ടായാല് ഒരു മനുഷ്യന്റെ ഒരു ദിവസത്തിനുള്ള ഭക്ഷണത്തിന് മതിയാകത്തക്കവണ്ണം യോഗ്യമായിരിക്കുമെന്നും വിചാരിക്കപ്പെടുന്നു.
മെനയാക്ക അഥവാ മരക്കിഴങ്ങ് പൊടിയാക്കിയിട്ടോ അങ്ങനെത്തന്നെയോ ഉപയോഗിക്കാം. ഏതുവിധമായാലും നല്ലവണ്ണം കഴുകേണ്ടതും വേവിക്കേണ്ടതും എത്രയും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍, ഈ കിഴങ്ങിന് വ്യാപനശക്തിയുള്ള എത്രയും വിഷകരമായ സത്ത് അതിനുണ്ടെന്ന് അറിയപ്പെടുന്നു. ഇത് വേവിക്കുന്നതുകൊണ്ടും കഴുകുന്നതുകൊണ്ടും മാത്രമെ കളവാന്‍ പറ്റുകയുള്ളൂ. പൊടിയാക്കണമെങ്കില് താഴെ കാണുന്ന വഴികളില്‍ ഏതെങ്കിലുമൊരു മാര്‍ഗം തിരഞ്ഞെടുക്കാം. കിഴങ്ങുകളുടെ മൊരി നല്ലവണ്ണം ഉരച്ച് കഴുകിക്കളയണം. കിഴങ്ങ് നീളത്തില്‍ കീറണം. അകത്തുള്ള നാരുകള്‍ കളയണം. അരയിഞ്ച് വീതി, രണ്ടിഞ്ച് നീളത്തില്‍ കഷ്ണങ്ങളാക്കി വെളുത്ത തോട് നീക്കി നുറുക്കണം. രണ്ടോ മൂന്നോ പ്രാവശ്യം കഴുകണം. അവയെ സാവധാനത്തില്‍ വേവിക്കണം. പിന്നെയും കഴുകണം. പിന്നെ വെയിലത്തിട്ട് നല്ലതുപോലെ ഉണക്കണം. തണുപ്പില്ലാത്തസ്ഥലത്ത് സൂക്ഷിച്ചുവെക്കണം. ഇതധികമാസത്തേക്കും ചില സമയം ഒരു കൊല്ലത്തേക്കും കേടുവരാതെ നില്ക്കും. എന്നാല്‍ ഇതില്‍നിന്ന് ഓരോ പ്രാവശ്യം ആവശ്യമുള്ളതെടുത്ത് ഇടിച്ച് പൊടിയാക്കാം. രണ്ടാമത്തെ മാര്‍ഗത്തില്‍, ആദ്യം ചെയ്യേണ്ടത് കഴുകി മൊരി കളയണം. നീളത്തില്‍ കീറി അകത്തെ നാരുകള്‍ കളഞ്ഞതിനുശേഷം ഒരു തൊട്ടിയിലോ മരികയിലോ വെള്ളത്തില്‍ അവയെ മുക്കി ഒരമുള്ള കല്ലിന്മേല് ഉരയ്ക്കണം. അല്പനേരം അനങ്ങാതെ വെച്ചാല്‍ അടിയില്‍ ഊറിക്കൂടും. ഇതിനെ അധികപ്രാവശ്യം കഴുകി പതുക്കെ നീരാറ്റി ചട്ടിയില്‍ വറുത്തെടുക്കാം. ഇതിലാദ്യം പറഞ്ഞവിധം അല്പമായി നിത്യോപയോഗത്തിനുവേണ്ടി ശേഖരിക്കുന്നതിന് അധികം ഉപയോഗിക്കുന്നതും രണ്ടാമത് പറഞ്ഞവിധം വില്‍ക്കാനായി ഉണ്ടാക്കിവെക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.
ഈ കിഴങ്ങുകള്‍ അങ്ങനെതന്നെയും ഉപയോഗിക്കാം. ഇവയെ കഴുകി മൊരി കളഞ്ഞ് കീറി മേല്‍പ്പറഞ്ഞ പ്രകാരം നുറുക്കി ഉപ്പും കുരുമുളകും തേങ്ങയും വെളിച്ചെണ്ണയും മഞ്ഞളും കൂട്ടി വേവിക്കണം. മെനിയോക്ക എന്ന ഈ സാധനം ഇത്ര രുചികമായ ഭക്ഷണദ്രവ്യം അന്നത്തോട് ചേര്‍ത്ത് ഭക്ഷിച്ചാല്‍ ക്ഷാമകാലത്തെ അരികൊണ്ടുള്ള ആവശ്യത്തെ അധികമായും കുറയ്ക്കാം. ഇനി മരക്കിഴങ്ങ് കൃഷികൊണ്ടുള്ള ആദായത്തെ കാണിക്കാം. മിക്കവാറും എല്ലാ ഭൂമികളിലും ഇതുണ്ടാകുന്നു. ഈ കൃഷിക്കുള്ള അദ്ധ്വാനം മറ്റു കൃഷികള്ക്കുവേണ്ടുന്നതില് നന്നേ കുറഞ്ഞിരിക്കും. ആദ്യത്തെ ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മഴയും വേണ്ട, നനയ്ക്കയും വേണ്ട. പറമ്പുകളിലുണ്ടാകുന്ന മറ്റെല്ലാവിധ ഫലസാധനങ്ങളെക്കാളും അധികമായിട്ട് വിളയുള്ള ഇത്, വില്പ്പനയായിട്ടോ സ്വന്തം ആഹാരത്തിനായിട്ടോ സൂക്ഷിപ്പാനായിട്ടോ ഇതിന് ഒരുക്കേണ്ടുന്ന ക്രമം ലഘുവായിട്ടുള്ളതാണ്.''
- ജെ.സി. ഹനിങ്ടണ്
ആക്ടിങ് കളക്ടര്‍, 1872
കപ്പ ഇന്നിപ്പോള്‍ സുലഭമാണ്. ഇനി മുതല്‍ കപ്പ കഴിക്കുമ്പോള്‍ മനസ്സില്‍ തിരുവിതാംകൂര്‍ രാജവംശത്തിന് നന്ദിപറയാന്‍ മറക്കേണ്ട.
seluraj@yahooo.com