മത്സ്യക്കൃഷിയില്‍ നേട്ടവുമായി പ്രഫുല്‍

Posted on: 20 Mar 2013


നേരംപോക്കിനായാണ് പ്രഫുല്‍ മത്സ്യക്കൃഷി തുടങ്ങിയത്. ആദായമാണെന്നുകണ്ടപ്പോള്‍ അത് ബിസിനസ്സാക്കി. കഞ്ഞിക്കുഴി 15 ാം വാര്‍ഡില്‍ പുത്തൂര്‍വീട്ടില്‍ പ്രഫുല്‍(33) മൂന്നുവര്‍ഷം മുമ്പ് ആയിരം തിലോപ്പിക്കുഞ്ഞുങ്ങളെ വാങ്ങിയാണ് കൃഷി തുടങ്ങിയത്. ആദ്യ വിളവെടുപ്പ് നേട്ടമായപ്പോള്‍ പ്രഫുല്‍ കൂടുതല്‍ മത്സ്യങ്ങളെ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ വീട്ടിലെ കുളത്തിലും പാടത്ത് മത്സ്യം വളര്‍ത്താനായി തയ്യാറാക്കിയ ജലാശയത്തിലും നിറയെ മത്സ്യങ്ങളാണ്. തിലോപ്പിക്ക് പുറമെ കട്‌ല, രോഹു, ഗ്രാസ്‌കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പ് നടത്തും. ഓണക്കാലത്തും വീടിന് സമീപമുള്ള തയ്യില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനുമാണ് വിളവെടുപ്പ്. എങ്കിലും ആവശ്യക്കാര്‍ വീട്ടില്‍ എത്തിയാല്‍ എപ്പോള്‍ വേണമെങ്കിലും മത്സ്യവും മത്സ്യക്കുഞ്ഞുങ്ങളെയും നല്‍കും. കഞ്ഞിക്കുഴി സംരക്ഷ ഹെല്‍ത്ത് ക്ലബ്ബിന്റെ മത്സ്യക്കൃഷി ഗ്രൂപ്പിന്റെ സെക്രട്ടറിയാണ് പ്രഫുല്‍. വിളവെടുപ്പ് ക്ലബ് ഉത്സവമായിട്ടാണ് നടത്തുന്നത്. ഒരു മത്സ്യം മൂന്നോ നാലോ കിലോ ഭാരം വരും. കപ്പലണ്ടിപ്പിണ്ണാക്ക്, പുഷ്ടി തുടങ്ങിയവയാണ് തീറ്റയായി നല്‍കുന്നത്.

മത്സ്യഫെഡ്ഡിന്റെ മത്സ്യസമൃദ്ധി പദ്ധതിയിലും പ്രഫുല്‍ അംഗമാണ്. ഈ പദ്ധതി വഴിയാണ് കട്‌ല, രോഹു തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെ ലഭിച്ചത്. വെല്‍ഡിങ് കരാര്‍ ഏറ്റെടുത്ത് ഉപജീവനം നടത്തുന്ന പ്രഫുലിന്മത്സ്യക്കൃഷി ആദായത്തിന് പുറമെ ആനന്ദവും നല്‍കുന്നു. പാടശേഖരത്തില്‍ നെല്‍ക്കൃഷിയും നടത്തുന്നുണ്ട്. മത്സ്യക്കൃഷി തുടങ്ങാന്‍ ജലാശയം ഒരുക്കുന്ന ബുദ്ധിമുട്ട് മാത്രമേ ഉള്ളൂവെന്ന് പ്രഫുല്‍ പറയുന്നു. കുളത്തിലും ജലാശയത്തിലും വലകെട്ടി സംരക്ഷിക്കും. പക്ഷികളുടെയും മറ്റും ശല്യം ഒഴിവാക്കാനാണിത്.

രാവിലെയും വൈകിട്ടും തീറ്റ നല്‍കും. മത്സ്യക്കുഞ്ഞുങ്ങളെ കൂടുതല്‍പേര്‍ക്ക് നല്‍കാന്‍ പ്രഫുലിന് താല്പര്യമാണ്. മത്സ്യക്കൃഷി തുടങ്ങുന്നവരെ സഹായിക്കാനും പ്രഫുല്‍ തയ്യാറാണ്.

കഞ്ഞിക്കുഴി സംരക്ഷ ഹെല്‍ത്ത് ക്ലബ് പ്രഫുലിന്റെ നേതൃത്വത്തില്‍ 15 ഓളം സ്ഥലങ്ങളില്‍ മത്സ്യക്കൃഷി നടത്തുന്നുണ്ട്. മത്സ്യക്കൃഷി ചെയ്യുന്ന ജലാശയത്തിന് സമീപംതന്നെ വില്പനയും നടത്തും. ഫോണ്‍: 9895381586.
Stories in this Section