കൃഷിഭൂമിയും കാര്‍ഷികവൃത്തിയും കര്‍ഷകര്‍ കൈവിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് അതിനൊരപവാദമാവുകയാണ് വരന്തരപ്പിള്ളി തളിയക്കുളം ജോസഫും ഭാര്യ മിനിയും.
സ്വന്തം കൃഷിയിടത്തില്‍ മുടക്കമില്ലാതെ കൃഷിയിറക്കിയും മറ്റുള്ളവരുടെ കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തും കാര്ഷികവിജയത്തിന് പുത്തന്‍ മാതൃകയാവുകയാണ് ഈ ദമ്പതിമാര്‍.
സ്വന്തം പുരയിടത്തോടുചേര്‍ന്നുള്ള നാലുപറ കൃഷിഭൂമിയില്‍ നെല്വിത്തിറക്കിയായിരുന്നു ഇവരുടെ തുടക്കം. ഇപ്പോള്‍ സമീപത്തെ 50 പറ പാടവും പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണിവര്‍. കൃഷി ചെയ്യാന്‍ ഭൂമി കിട്ടാനുണ്ടോ ജോസഫും മിനിയും റെഡിയാണ്.
വരന്തരപ്പിള്ളി പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങിലെല്ലാം ജോസഫിന്റെയും മിനിയുടെയും അധ്വാനത്തിന്റെ ഫലം വിളഞ്ഞുകിടപ്പുണ്ട്. കൂടാതെ വെങ്കിടങ്ങ്, കണക്കമ്പാറ, പാലക്കാട് ഭാഗങ്ങളിലും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. 18 വര്‍ഷത്തോളമായി കൃഷിപ്പണിയില്‍ ഉറച്ചുനില്‍ക്കുന്ന ജോസഫും മിനിയും സ്വയം ചെയ്യുന്നതിനാല്‍ ഈ ജോലി ലാഭകരമായി കൊണ്ടുപോകാനാകുന്നുവെന്ന് പറയുന്നു.
ഇവരുടെ കഠിനാധ്വാനത്തിന് അംഗീകാരമായിട്ടാണ് മണ്ണുത്തി കാര്‍ഷികസര്‍വകലാശാലയുടെ പ്രത്യേക കാര്‍ഷിക ദൗത്യസംഘത്തില്‍ ജോസഫിനെ ഉള്‍പ്പെടുത്തിയത്. തങ്കം അഗ്രോമെഷീനറീസ് എന്ന 13 അംഗ സംഘം സംസ്ഥാനത്തിനകത്തും പുറത്തും കൃഷിചെയ്യാന്വേണ്ടി രൂപവത്കരിച്ചിരിക്കുന്നതാണ്. ആന്ധ്രാപ്രദേശില്‍ മൊത്തം 700 ഏക്കര്‍ വരുന്ന കൃഷിയിടങ്ങളില്‍ ഈ സംഘം കൃഷിയിറക്കിയിട്ടുണ്ട്.
കാര്‍ഷിക സര്‍വകലാശാലയിലെ ഓഫീസര്‍ ജയകുമാറിന്റെ നിര്‍ദേശങ്ങള്‍ ഏറെ ഉപകാരപ്രദമായിരുന്നു എന്നു പറയുന്നു. ജോസഫ് നാട്ടില്‍ ഇനിയും കൃഷിഭൂമി പാട്ടത്തിന് കിട്ടുമെങ്കില്‍ കൃഷി ചെയ്യാനൊരുക്കമാണെന്ന് പറയുന്നു. മണ്ണുത്തി സര്വവകലാശാലയില് നിന്നുള്ള നിര്‍ദേശാനുസരണം ഇതര സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ടാണ് സംഘം കൃഷി ചെയ്യുന്നത്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സംഘത്തില്‍ വരന്തരപ്പിള്ളിയില്‍നിന്ന് ജോസഫ് മാത്രമാണുള്ളത്.
സ്വന്തം ഭൂമിയില്‍ പൊന്നു വിളയിക്കാനായതിന്റെ ആത്മവിശ്വാസമാണ് മറ്റുള്ളവരുടെ സ്ഥലത്തും പാട്ടത്തിന് കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ജോസഫ് പറയുന്നു. നെല്‍കൃഷി കഴിഞ്ഞാല്‍ വേനലില്‍ പച്ചക്കറി കൃഷയും ഇവര്‍ ചെയ്തുവരുന്നുണ്ട്. ഇവരുടെ പാടത്തും പറമ്പിലും വെണ്ടയും കുമ്പളവും പയറും തണ്ണിമത്തനും കപ്പലണ്ടിയും വിളയുന്നുണ്ട്. കാര്‍ഷികവൃത്തിയില്‍ അര്‍പ്പിച്ച മാതാപിതാക്കളുടെ ജീവിതത്തില്‍ മക്കള്‍ ക്രിസ്റ്റിയും ക്രിസ്റ്റോയും ഏറെ സംതൃപ്തരാണ്. ഇവരെക്കൂടാതെ 4 പശുക്കള്‍, കോഴികള്‍, താറാവ്, മുയല് എന്നിങ്ങനെ വലിയ സംഘം കൂടിയായാലേ ഈ കര്‍ഷകകുടുംബം പൂര്‍ത്തിയാകൂ.