തൃശ്ശൂര്‍: 'പൊന്നുവില നല്‍കാമെന്ന് പറഞ്ഞ മണ്ണാ ഇത്. ഞാന്‍ തരില്ലാന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് എന്നും ഇതുപോലെ കൃഷിയിറക്കിയാ മതി. ഇതൊന്നുമില്ലെങ്കില്‍ എങ്ങനാ ജീവിക്കുക...?'
നമങ്ങാട്ടുപാടത്ത് എം.എല്‍.എക്കും സംഘത്തിനുമൊപ്പം ഞാറു നടുമ്പോള്‍ പാടശേഖരസമിതിയുടെ സെക്രട്ടറി ഷീല സുകുമാരന്‍ പറഞ്ഞു. ചെങ്ങാലൂര്‍ പാടശേഖരത്തില്‍ വരുന്നതാണ് മങ്ങാട്ടുപാടം. അതിന്റെ അതിരാണ് ഷീലയുടെ ഉടമസ്ഥതയിലുള്ള പാടം. അതിനപ്പുറം ഇപ്പോള്‍ നെല്ലല്ല, വാഴയും മറ്റുമാണ് വളരുന്നത്. അതൊരു തന്ത്രമാണ്. ആദ്യം പാടം തരിശിടും. പിന്നെ ചാലു കീറി വാഴ നടും, തെങ്ങു നടും. കാഴ്ചയില്‍ അതൊരു പറമ്പാകും. പിന്നെ കെട്ടിടം വളരും. അല്ലെങ്കില്‍ മണ്ണെടുപ്പുകാര്‍ വന്ന് മാന്തിത്തുടങ്ങും. എത്ര കാശ് കൊടുത്തും സ്ഥലം വാങ്ങാന്‍ തയ്യാറാണ് മാഫിയ. അവരുടെ പൂത്ത കാശിനു മുന്നില്‍ കണ്ണ് മഞ്ഞളിക്കാത്തവര് ഇവിടെയുണ്ടെന്ന് ഷീലയുടെയും കൂട്ടരുടെയും വാക്കുകള്‍ സാക്ഷ്യപ്പെടുത്തും. അതിരിലുള്ള പാടം കിട്ടിയാല്‍ മാഫിയ വിജയിച്ചു. തൊട്ടടുത്ത കൃഷിസ്ഥലം കൃഷിയോഗ്യമല്ലാതാക്കുകയാവും അടുത്ത ലക്ഷ്യം. ഗതി കെട്ട് കര്‍ഷകര്‍ പാടം വിറ്റൊഴിക്കും.
പുതുക്കാട് മേഖലയിലെ പ്രധാന പാടശേഖരമായ ചെങ്ങാലൂരില്‍ ചെങ്ങാലൂര്‍ പാടം, മങ്ങാട്ടുപാടം, കാരനാട് പാടം എന്നീ വയലുകളാണുള്ളത്. ഇതില്‍ ചെങ്ങാലൂരില്‍ വന്‍തോതില്‍ കൃഷിയിടം ഇഷ്ടികക്കളങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 8 ഹെക്ടര്‍ സ്ഥലത്ത് വാഴകൃഷിയിറക്കിയതിനെതിരെ അടുത്തിടെയാണ് കര്‍ഷകര്‍ പരാതി കൊടുത്തത്. ഈ സാഹചര്യത്തിലാണ് അവശേഷിക്കുന്ന പാടങ്ങളില്‍ നെല്‍കൃഷിയിറക്കാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ചെങ്ങാലൂര്‍ യൂണിറ്റ് തീരുമാനിച്ചത്. മനോജ് സി.വി. കണ്‍വീനറായ കര്‍ഷക സൗഹൃദക്കൂട്ടായ്മയിലെ 15 പേരാണ് മങ്ങാട്ടുപാടത്ത് ഏതാനും വര്‍ഷങ്ങളായി കൃഷിയിറക്കാതെ കിടന്ന സ്ഥലങ്ങളില്‍ വിത്തിറക്കാനായി തയ്യാറായത്. പലവിധ കാരണങ്ങളാല്‍ തരിശുകിടന്ന നിലങ്ങളില്‍ ഞാറ് നട്ടപ്പോള്‍ അത് പഴയകാല കര്‍ഷകര്‍ക്ക് ആവേശകരമായി. 20 പറ പാടത്താണ് ഞാറ് നട്ടത്. പുതുക്കാടു തന്നെ ഉഴിഞ്ഞാല്‍ പാടത്തും അടുത്തിടെ 98 പറ നിലത്ത് കൃഷി തുടങ്ങിയിരുന്നു. സി. രവീന്ദ്രനാഥ് എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. കൃഷി ഓഫീസര്‍ അപ്സര മാധവ്, സമിതി പ്രസിഡന്റ് സുരേന്ദ്രന്, പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് കെ.കെ.ജോസ്, സെക്രട്ടറി സുബീഷ് പി.എം എന്നിവര്‍ നേതൃത്വം നല്കി.

കൊയ്തെടുത്ത കറ്റകള്‍ തലയിലേന്തി വരമ്പിലൂടെ ചുവട് വെച്ചപ്പോള്‍ ചെമ്പൂച്ചിറ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പുതിയൊരു ജീവിതം വിളയിക്കുകയായിരുന്നു. അധ്വാനത്തിന്റെയും കൃഷിയുടെയും നന്മകള് അതില്‍ കതിരിട്ടു. ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളതിരിലെ 60 സെന്റ് സ്ഥലത്ത് ഇറക്കിയ നെല്‍കൃഷി ബുധനാഴ്ച കൊയ്തെടുത്തത്.
കഴിഞ്ഞ ജൂണ്‍ 11നാണ് കുട്ടികള്‍ ചെമ്പൂച്ചിറ പാടശേഖരത്തില്‍ വിത്തു പാകിയത്. അണലിപ്പറമ്പില്‍ വേലായുധനാണ് ഇതിനായി സ്ഥലം വിട്ടുനല്‍കിയത്. 15-ാം ദിവസം പ്ലസ്ടു സയന്‍സ്, കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ ഇറങ്ങി ഞാറ് നട്ടു. ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നോ രണ്ടോ ഞാറ് നടാനേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആരും മാറിനിന്നില്ല. മേഖലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചെലവില്ലാകൃഷിയാണ് ഇവര്‍ സ്വീകരിച്ചത്. ഇതിനായി ടിബിന്‍ പാറയ്ക്കലിന്റെ കൃഷിയിടം സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തേടി. പ്രിന്‍സിപ്പല്‍ ടി.ജെ.പൗലോസിന്റെ മേല്‍നോട്ടത്തില്‍ അധ്യാപകനായ എ.ടി. ജോസാണ് നേതൃത്വം നല്‍കിയത്. മാതൃഭൂമിസീഡ് സംഘത്തിന്റെ പങ്കാളിത്തവും പദ്ധതിയെ വിജയകരമാക്കി. നാടന്‍പശുവിന്റെ ചാണകവും മൂത്രവും ശര്‍ക്കരയും പയറുപൊടിയും ഒക്കെ ചേര്‍ത്ത ജീവാമൃതം 15 ദിവസങ്ങള്‍ കൂടുമ്പോള്‍ തളിച്ചു. ഇതിനായി വിദ്യാര്‍ത്ഥികള്‍ ഊഴമിട്ട് കൃഷിയിടത്തിലിറങ്ങി. വളമായി ഇട്ടത് 30 കിലോ കപ്പലണ്ടിപ്പിണ്ണാക്ക് മാത്രം. കള പറിക്കാനിറങ്ങിയതും കുട്ടികള്‍. ജീവാമൃതം തളിച്ചതിനാല്‍ കീടങ്ങളുടെ ശല്യം ഉണ്ടായതേയില്ല. നാടന്മട്ടക്കുറുവയാണ് കുട്ടികള്‍ നട്ടത്. കതിരിട്ടപ്പോള്‍ പാല് കുടിക്കാന്‍ വന്ന ചാഴിയുടെ ശല്യം മാത്രമാണ് വെല്ലുവിളിയായത്. ചെലവില്ലാകൃഷിയുടെ പാടവരമ്പില്‍ ബ്രോയിലര്‍ കോഴിയുടെവേസ്റ്റാണ് ഇതിന് പരിഹാരമായി വെയ്ക്കാറ്. എന്നാല്‍ കാട്ടില്‍നിന്ന് പന്നിയിറങ്ങുമെന്ന് സമീപത്തെ കര്‍ഷകര്‍ ഭയപ്പെട്ടതിനാല്‍ ഇവിടെ മറ്റ് അജൈവമാര്ഗങ്ങള് തേടേണ്ടിവന്നു. ഏതായാലും മികച്ച വിളവു തന്നെയാണ് കുട്ടികള്‍ക്ക് ലഭിച്ചത്. കൊയ്തെടുത്ത നെല്ല് വിത്തായി ആവശ്യമുള്ള കര്‍ഷകര്‍ക്ക് നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.
സി.രവീന്ദ്രനാഥ് എം.എല്‍.എയാണ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തംഗം കല്ലൂര്‍ ബാബു, പ്രിന്‍സിപ്പല്‍ ടി.ജെ.പൗലോസ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.കെ.ഗോപിനാഥ്, കൃഷിഓഫീസര്‍ ബോബന് പോള്‍, ഹെഡ്മിസ്ട്രസ് വത്സല, പി.ടി.എ പ്രസിഡന്റ് കെ.ജി. ബേബി, ശിവശങ്കരന്, പഞ്ചായത്തംഗങ്ങളായ സുഭീഷ്, പ്രേമാവതി ബാബു, ബിന്ദു ശിവദാസ്, മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ആര്‍ദ്ര പി.ഡി. നന്ദി പറഞ്ഞു. ടിബിന്‍ പാറയ്ക്കലിന് വിദ്യാര്‍ത്ഥികള്‍ ഉപഹാരം നല്കി.