ചെമ്മീന്‍ വളര്‍ത്തല്‍ തളരാതിരിക്കാന്‍

Posted on: 03 Nov 2012
കേരളത്തിലെ ചെമ്മീന്‍ വളര്‍ത്തല്‍ മേഖല അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലാണ്. 1990-കളില്‍ വ്യാപകമായുണ്ടായ വൈറസ് രോഗബാധയുടെ കാലത്തുണ്ടായതിലും ഏറെ ദുര്‍ഘടസന്ധിയിലാണ് ഇന്ന് ഈ മേഖല. യൂറോപ്പിലും അമേരിക്കയിലും മറ്റു സമ്പന്നരാഷ്ട്രങ്ങളിലുമുണ്ടായ സാമ്പത്തികമാന്ദ്യം സൃഷ്ടിച്ച വിലയിടിവാണ് പ്രതിസന്ധിക്കുള്ള മുഖ്യകാരണം.
കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 400 രൂപ മുതല്‍ 420 രൂപ വരെയുണ്ടായ 25-30 കൗണ്ട് കാരച്ചെമ്മീന്റെ ഇന്നത്തെ വില 200 രൂപ മാത്രമാണ്. ഒരു കിലോ ചെമ്മീന്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ് ഇത്രയോളം തന്നെ വരും. മേല്‍ സൂചിപ്പിച്ച നിരക്കിലും കാരച്ചെമ്മീന്‍ വാങ്ങാന്‍ കയറ്റുമതിക്കമ്പനികള്‍ തയ്യാറാവുന്നില്ല എന്ന സത്യവും നിലനില്‍ക്കുന്നു.

ആന്ധ്രാപ്രദേശില്‍നിന്ന് വരുന്ന വനാമി ചെമ്മീനാണ് കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രിയം. താരതമ്യേന ഉയര്‍ന്ന വിലയും വനാമി ചെമ്മീന് ലഭിക്കുന്നു. കേരളത്തിലെ ആഭ്യന്തരവിപണിയും വനാമി ചെമ്മീന്‍ കീഴടക്കുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. കൂനിന്മേല്‍ കുരു എന്നപോലെ വ്യാപകമായ രോഗബാധയും വിളനാശവും കാരച്ചെമ്മീന്‍ കൃഷിമേഖലയെ പിടിച്ചുലയ്ക്കുകയാണ്.

പ്രശ്‌നപരിഹാരത്തിനാവശ്യമായ ഇടപെടല്‍ അടിയന്തരമായി ഉണ്ടായില്ലെങ്കില്‍ വരുംദിനങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ രംഗംവിട്ടൊഴിയാന്‍ സാധ്യതയുണ്ട്. ഇത് നമ്മുടെ സംസ്ഥാനത്തിലെ ചെമ്മീന്‍കൃഷിമേഖലയുടെ തന്നെ തകര്‍ച്ചയ്ക്ക് കാരണമാകാം.

വിദേശ കമ്പോളങ്ങളെ മാത്രം ആശ്രയിച്ച് ഉണ്ടാക്കിയ വികസനതന്ത്രമാണ് ഇന്നത്തെ അവസ്ഥയ്ക്കുള്ള മുഖ്യകാരണം. വിദേശീയരെ ചെമ്മീന്‍ തീറ്റാനുള്ള തത്രപ്പാടില്‍, വളര്‍ന്നുവരുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും ചെമ്മീന്‍ കഴിക്കാനുള്ള നമ്മുടെ ജനതയുടെ കഴിവിനെയും നാം പാടെ മറന്നു. ഫലമോ ആഭ്യന്തര വിപണിയിലെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ല.

എന്നാല്‍, ഏറെയൊന്നും വൈകിയിട്ടില്ല. കര്‍ഷകരുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും കൂട്ടായ ശ്രമങ്ങളിലൂടെ പ്രതിസന്ധി തരണംചെയ്യാം. കേരളത്തിലെ ആഭ്യന്തര വിപണിയില്‍ ചെമ്മീന്റെ വില ഏറെയൊന്നും ഇടിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 30 കൗണ്ട് ചെമ്മീന് ആഭ്യന്തരവിപണിയില്‍ 400 രൂപയ്ക്കുമേലെയാണ് ഇന്നത്തെ വില. കയറ്റുമതിക്കമ്പനികള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വില ഏതാണ്ട് പകുതി മാത്രം. കിലോഗ്രാമിന് 400 മുതല്‍ 600 രൂപ വരെ നെയ്മീനിനും കരിമീനിനുമൊക്കെ നല്‍കാന്‍ നമ്മുടെ നഗരപ്രദേശങ്ങളില്‍ ധാരാളം പേര്‍ തയ്യാറാവുന്നുണ്ട്.

പച്ചമത്സ്യം മാത്രമേ കഴിക്കൂ എന്ന വാശി ഇന്ന് കേരളീയര്‍ക്ക് ഏറെയൊന്നുമില്ല. വൃത്തിയാക്കി ശീതീകരിച്ച മത്സ്യവും ചെമ്മീനുമൊക്കെ പാക്കറ്റുകളിലാക്കി നല്‍കിയാല്‍ താത്പര്യപൂര്‍വം വാങ്ങാന്‍ അവര്‍ തയ്യാറാണ്. നഗരങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇത്തരം വിഭവങ്ങള്‍ക്ക് പ്രിയമേറെയുണ്ട്.

ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ കൃഷിയിലും വിളവെടുപ്പിലും അല്പം മാറ്റം വരുത്തേണ്ടതുണ്ട്. ഒറ്റത്തവണയായി ചെമ്മീന്‍ വിളവെടുപ്പ് നടത്തുന്ന ഇന്നത്തെരീതി മാറ്റണം. പകരം പ്രാദേശിക കമ്പോളത്തിലെ ആവശ്യത്തിനനുസരിച്ച് അല്പാല്പമായി പിടിച്ചെടുക്കുന്ന രീതി അവലംബിക്കണം. ചെമ്മീന്‍ 20 ഗ്രാം തൂക്കം വെക്കുമ്പോള്‍ തന്നെ പിടിച്ചെടുക്കാന്‍ തുടങ്ങാം. കര്‍ഷകരുടെ സംഘങ്ങളോ കൂട്ടായ്മകളോ രൂപവത്കരിച്ച് ആഭ്യന്തരവിപണനം ശക്തിപ്പെടുത്തണം. ഇത്തരം സംഘങ്ങള്‍ക്ക് ശീതീകരണ സംവിധാനങ്ങളും വിപണനസൗകര്യങ്ങളും ഒരുക്കുന്നതിനുള്ള സഹായങ്ങള്‍ സര്‍ക്കാറും ധനകാര്യസ്ഥാപനങ്ങളും നല്‍കണം. കര്‍ഷകരില്‍ നിന്ന് ചെമ്മീന്‍ സംഭരിക്കുന്നതിനും ശീതീകരിച്ച് ആഭ്യന്തരവിപണികളില്‍ എത്തിക്കുന്നതിനും മത്സ്യഫെഡ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് മുന്‍കൈയെടുക്കാം.

യൂണിറ്റ് ഉത്പാദനച്ചെലവും നഷ്ടസാധ്യതകളും താരതമ്യേന കൂടുതലുള്ള കാരച്ചെമ്മീനുപകരം വനാമി ചെമ്മീന്‍ വളര്‍ത്താന്‍ ശ്രമങ്ങളുണ്ടാവണം. അടുത്തകാലം വരെ കൃഷിയിലൂടെയുള്ള ഉത്പാദനത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം അലങ്കരിച്ചിരുന്ന കാരച്ചെമ്മീനെ പിന്തള്ളി വനാമി ചെമ്മീന്‍ ഒന്നാംസ്ഥാനം കൈയടക്കിയിരിക്കയാണ്. നമ്മുടെ രാജ്യത്ത് ചെമ്മീന്‍ വളര്‍ത്തലില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ആന്ധ്ര പോലുള്ള സംസ്ഥാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ കാരച്ചെമ്മീനില്‍നിന്ന് വനാമി ചെമ്മീനിലേക്ക് മാറിക്കഴിഞ്ഞു. രോഗാണുവിമുക്തമായ വിത്തിന്റെ ലഭ്യത, ഉയര്‍ന്ന ഉത്പാദനസാധ്യത, താരതമ്യേന കുറഞ്ഞ ഉത്പാദനച്ചെലവ് എന്നിവയാണ് ചുവടുമാറ്റത്തിനുള്ള മുഖ്യകാരണങ്ങള്‍. ലോകത്തിലെ മാറ്റങ്ങളുടെ നല്ലവശങ്ങള്‍ നമ്മുടെ കര്‍ഷകരും ഉള്‍ക്കൊള്ളണം. എന്നാല്‍, കേരളത്തില്‍ വനാമി വിത്തുത്പാദനകേന്ദ്രങ്ങള്‍ ഒന്നുംതന്നെ നിലവിലില്ല. രോഗാണുവിമുക്ത ചെമ്മീന്‍വിത്ത് ലഭ്യമാക്കുന്നതില്‍ സര്‍ക്കാറിന്റെയും സ്വകാര്യ വിത്തുത്പാദകരുടെയും ശ്രദ്ധപതിയേണ്ടതുണ്ട്. വനാമി കൃഷിവികസനത്തിന് അത്യന്താപേക്ഷിതമായ വൈദ്യുതി എത്തിക്കുന്നതിനും മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഊര്‍ജിത നടപടികള്‍ വേണം.

ചെമ്മീന്‍ വിത്തിന്റെ ഗുണമേന്മ കുറ്റമറ്റരീതിയില്‍ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ എല്ലാ തീരദേശ ജില്ലകളിലും ഉണ്ടാവണം. ഇത്തരം സംവിധാനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് കര്‍ഷകരും വിത്തുത്പാദകരും സര്‍ക്കാര്‍ ഏജന്‍സികളും ഒന്നിച്ച് പരിശ്രമിക്കണം. വിത്തുത്പാദനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനും വിത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ഉതകുന്നവിധത്തില്‍ അക്രഡിറ്റേഷന്‍ സംവിധാനങ്ങളും സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രങ്ങളും ഉണ്ടാക്കാനുള്ള നടപടികള്‍ സര്‍ക്കാറില്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നത് ആശാവഹമാണ്.

ചെമ്മീന്‍കൃഷിക്കുശേഷം കുളങ്ങള്‍ തരിശിടാതെ ലവണജലമത്സ്യം വളര്‍ത്തിയും ആദായം വര്‍ധിപ്പിക്കാം. പൂമീന്‍, കരിമീന്‍ തുടങ്ങിയ ലവണജല മത്സ്യങ്ങളുടെ വിത്ത് കര്‍ഷകര്‍ക്ക് എത്തിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കര്‍ഷകക്കൂട്ടായ്മകള്‍ക്കും സാധിക്കും.

പി. സഹദേവന്‍


എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി,
തിരുവനന്തപുരം

Stories in this Section