അലങ്കാര മത്സ്യങ്ങളുടെ അത്ഭുതലോകം

Posted on: 26 Jul 2012ആലപ്പുഴ:സ്വദേശീയരും വിദേശീയരുമായ അലങ്കാര മത്സ്യങ്ങളുടെ അത്ഭുതലോകം വെറുംവാക്കല്ല. തകഴി പുലിമുഖം സോണല്‍ നൊറോണയുടെ വീട്ടുമുറ്റത്തെത്തിയാല്‍ ഇത് ബോധ്യമാകും. അലങ്കാര മത്സ്യക്കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് ഈ 48 കാരന്‍. ലക്ഷങ്ങള്‍ വിലവരുന്ന ജാപ്പനീസ് കോയിസ് മുതല്‍ കുട്ടനാട്ടിലെ മഞ്ഞക്കൂരി വരെ ഇവിടെയുണ്ട്.

രണ്ടു പതിറ്റാണ്ടിലേറെയായി സോണല്‍ മത്സ്യക്കൃഷി തുടങ്ങിയിട്ട്. 1991ല്‍ നാടന്‍ വളര്‍ത്തുമീനുകള്‍ കൃഷി ചെയ്തായിരുന്നു തുടക്കം. 1997ലാണ് അലങ്കാര മത്സ്യക്കൃഷി തുടങ്ങിയത്. തകഴിയില്‍ വീട്ടുപരിസരത്തെ ആറേക്കറില്‍ മത്സ്യക്കൃഷിയുണ്ട്. കൂടാതെ കളമശ്ശേരിയിലും ചടയമംഗലത്തും അത്യാധുനിക ഹാച്ചറികളും.

കര്‍ഷക കുടുംബാംഗമായ സോണല്‍ തികച്ചും യാദൃച്ഛികമായാണ് മത്സ്യക്കൃഷി തുടങ്ങിയത്. മാര്‍ ഇവാനിയോസ്, സെന്റ് അലോഷ്യസ് എന്നീ കോളജുകളിലായി പഠനം പൂര്‍ത്തിയാക്കി ബി.എസ്‌സി. ബിരുദം നേടി. ഭുവനേശ്വറിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്വാകള്‍ച്ചറില്‍നിന്ന് (സിഫ) ഡിപ്ലോമയും. അലങ്കാര മത്സ്യക്കൃഷിയില്‍ ലോകപ്രശസ്തനായ ജോസഫ് വിസ്‌കോവിച്ച് ബ്രെല്ലറുമായി അടുത്തതോടെയാണ് മത്സ്യക്കൃഷിക്ക് പുതിയമാനങ്ങള്‍ കൈവന്നത്.

2004ല്‍ എം.പി.ഇ.ഡി.എ.യുടെ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ജോസഫ് വിസ്‌കോവിച്ചുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്. അഞ്ചുകോടിയുടെ ഗപ്പി (കൊതുകുതീനി) ഉത്പാദിപ്പിക്കുന്ന പ്രോജക്ടാണ് നടപ്പാക്കിയത്. ജോസഫ് വിസ്‌കോവിച്ചിന്റെ ശിഷ്യനായി സോണല്‍ മാറി. മൂന്നുമാസക്കാലമാണ് സോണലിന് അലങ്കാര മത്സ്യക്കൃഷിയുടെ ആധികാരിക പാഠങ്ങള്‍ വിസ്‌കോവിച്ച് പകര്‍ന്നു നല്‍കിയത്. ഇന്ന് സംസ്ഥാനത്ത് അലങ്കാര മത്സ്യക്കൃഷി മേഖലയിലുള്ള ഭൂരിഭാഗം പേരും സോണലിന്റെ ശിഷ്യരാണ്. എം.പി.ഇ.ഡി.എ.യുടെ പരിശീലന ക്ലാസ്സുകളില്‍ സോണല്‍ സ്ഥിരം പരിശീലകനും.

തകഴി പമ്പയാറിന്‍കരയിലെ സോണലിന്റെ വീട്ടുപരിസരമാകെ ചെറു ജലാശയങ്ങളാല്‍ സമ്പന്നമാണ്. പമ്പയാറില്‍ തീരത്തോട് ചേര്‍ന്നും വലകെട്ടി മത്സ്യങ്ങളെ വളര്‍ത്തുന്നു. മത്സ്യങ്ങളെ ഉത്പാദിപ്പിക്കാന്‍ പ്രത്യേക ലാബ്മുറിയും സജ്ജമാക്കിയിട്ടുണ്ട്. പമ്പയാറിലെ ജലം ശുദ്ധീകരിച്ചാണ് ഇവിടെ ഉപയോഗിക്കുന്നത്. നൂറിലധികം ടാങ്കുകളിലും ജലാശയങ്ങളിലുമായി അമ്പതിലേറെയിനം വൈവിധ്യങ്ങളായ അലങ്കാര മത്സ്യങ്ങളാണ് വളര്‍ത്തുന്നത്. ജാപ്പനീസ് ഇനമായ കോയിസ്, ഏബല്‍, ഗോള്‍ഡ്ഫിഷ്, ഗപ്പി തുടങ്ങിയവയുടെ നിരവധി ഇനങ്ങളുമുണ്ട്.

സോണല്‍ നൊറോണയുടെ അലങ്കാര മത്സ്യങ്ങള്‍ക്ക് സ്ഥിരം ആവശ്യക്കാരുണ്ട്. കൂടാതെ വിദേശത്തേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളും തൊഴിലാളികളും സഹായികളായുണ്ട്. എങ്കിലും നൊറോണയുടെ കൈകള്‍ എല്ലായിടത്തും ചെല്ലണം. എങ്കിലേ ഈ കര്‍ഷകന് തൃപ്തിവരൂ.

എം.അഭിലാഷ്‌


Stories in this Section