അക്വേറിയത്തിലെ വിശറിച്ചെടി - കബൊംബ-1

Posted on: 11 Feb 2012


ഹരിതാഭയാര്‍ന്ന ജലസസ്യങ്ങളുടെ സാന്നിധ്യത്തിലല്ലാതെ, കണ്ണാടിക്കൂട്ടിലെ അരുമ മത്സ്യങ്ങളെ സങ്കല്പിക്കാന്‍ പോലുമാകില്ല. ജലസസ്യങ്ങളെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത്, വിശറിയിലച്ചാര്‍ത്തുമായി കടും പച്ചനിറത്തില്‍ ഇളകിയാടുന്ന കബൊംബച്ചെടികള്‍ തന്നെയാണ്. കേരളത്തിലെ സാധാരണക്കാരായ ഹോബിയിസ്റ്റുകളുടെ ഇടയില്‍, ഇത്രയേറെ പ്രചാരം നേടിയ മറ്റൊരു ചെടി വേറെയില്ല.

ജാപ്പനീസ് നര്‍ത്തകിമാരായ ഗൈഷുകളുടെ കൈയിലെ, നിവര്‍ത്തിയ വിശറിയെ അനുസ്മരിപ്പിക്കുന്ന ഇലകളുള്ളതിനാല്‍, 'ഫാന്‍വേര്‍ട്ട് ' എന്നും അറിയപ്പെടുന്ന ഇവയെ, കബൊംബേസിയെ (Family - Cabombaceae) സസ്യകുടുംബത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന നിരക്കിലുള്ള പ്രകാശസംശ്ലേഷണം വഴി അക്വേറിയത്തില്‍ ധാരാളം ഓക്‌സിജന്‍ പ്രധാനം ചെയ്യുന്ന കബൊംബ, അനുകൂല സാഹചര്യങ്ങളില്‍ ഇടതിങ്ങിവളര്‍ന്ന് മത്സ്യങ്ങളില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നു. അക്വേറിയത്തില്‍ അഭംഗിക്കിടയാക്കുന്ന ഫില്‍റ്റര്‍, ഹീറ്റര്‍ മുതലായവയെ, മറയ്ക്കാനും കബൊംബകളെ ഉപയോഗിക്കാവുന്നതാണ്.

അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് പ്രിയങ്കരമാണെങ്കിലും, വളരെ ഹാനികരമായ ഒരു കളയാണ് (noxious weed) കബൊംബ, അരനൂറ്റാണ്ടിന് മുന്‍പ് അക്വേറിയം ഹോബിയിലേക്കായി ലോകത്തിന്റെ നാനാഭാഗത്തിലേക്ക് കയറ്റുമതി ചെയ്യപ്പെട്ട ഈ ചെടി ഹോബിയിസ്റ്റുകളുടെ തന്നെ അശ്രദ്ധ മൂലം വിവിധ ജലാവാസവ്യവസ്ഥകളില്‍ എത്തിപ്പെട്ട് അനിയന്ത്രിതമായി പെരുകി.

ഗയാനയിലെ ആദിവാസി ഭാഷയില്‍ നിന്നുമാണ്, 'കബൊംബ' എന്ന വാക്കിന്റെ ഉത്ഭവം. ആമ്പല്‍ച്ചെടി ഉള്‍പ്പെടുന്ന നിംഫയേല്‍സ് (Order- Nymphaeales) എന്ന വര്‍ഗ്ഗത്തിലാണ് അമേരിക്കന്‍ സ്വദേശിയായ കബൊംബയുടെയും സ്ഥാനം. 1822 -ല്‍ ഫ്രഞ്ചു ഭിഷഗ്വരനും സസ്യശാസ്ത്രജ്ഞനുമായ അക്കില്ലി റിച്ചാര്‍ഡ് ആണത്രെ, ഇവയെ ആദ്യമായി കണ്ടെത്തിയത്.

കബൊംബ എന്ന ജാതിയിലെ(Genus), അഞ്ച് സ്പീഷീസുകളാണ്, കബൊംബ കരൊലിനിയാന (Cabomba caroliniana), കബൊംബ ഫര്‍ക്കേറ്റ(Cabomba furcata), കബൊംബ അക്വാട്ടിക്ക(Cabomba aquatica), കബൊംബ ഹയ്‌നേസി(Cabomba haynesii ), കബൊംബ പാലിഫോര്‍മിസ് (Cabomba palaeformis) എന്നിവ. ഇവയില്‍ ഹയ്‌നേസിയും പാലിഫോര്‍മിസും അക്വേറിയം ഹോബിയില്‍ അത്ര പ്രചാരമുള്ളവയല്ല.

ക്രമാനുഗത പ്രജനനം വഴി ഉത്പാദിപ്പിച്ചിട്ടുള്ള മറ്റിനം കബൊംബകളെല്ലാം തന്നെ, മേല്പറഞ്ഞ സ്പീഷീസുകളുടെ വകഭേദങ്ങളാണ്. ഉദാഹരണത്തിന്, മഞ്ഞകബൊംബ അഥവാ കബൊംബ ഏഷ്യാറ്റിക്ക (Cabomba asiatica ), കബോംബ ഓസ്ട്രാലിസ് (Cabomba australis), കബൊംബ മള്‍ട്ടിപാര്‍ട്ടൈറ്റ് (Cabomba multipartite ), കബൊംബ പൗസിപാര്‍ട്ടിറ്റ (Cabomba pausipartita ), കബൊംബ പള്‍ചെറിമ (Cabomba pulcherima ) എന്നിവ, കബൊംബ കരൊലിനിയാനയുടെ മറ്റ് ജനുസ്സുകളാണ്. അതേസമയം, കബൊംബ പിയാവുഹൈയെന്‍സിസ് (Cabomba piauhyensis), കബൊംബ വാമിങ്കി (Cabomba warminkii), കബൊംബ പ്യൂബെസ്സെന്‍സ് (Cabomba pubescens) എന്നിവ കബൊംബ ഫര്‍ക്കേറ്റയില്‍ ഉളള്‍പ്പെടുന്നു.

മഴയോടുകൂടിയ ഉഷ്ണമേഖലാ കാലാവസ്ഥ ഇഷ്ടപ്പെടുന്ന കബൊംബകളെ, കുളങ്ങള്‍, തടാകങ്ങള്‍, അധികമൊഴുക്കില്ലാത്ത അരുവികള്‍, അണക്കെട്ടുകള്‍ തുടങ്ങിയ എക്കല്‍മണ്ണോടു കൂടിയ ജലാശയങ്ങളിലെല്ലാം കണ്ടുവരുന്നു. അനുകൂല സാഹചര്യങ്ങളില്‍ മൂന്നുമുതല്‍ പത്തടി വരെ ആഴത്തില്‍ നിന്നും വളരുന്ന ചെടികള്‍ക്ക്, ചിലപ്പോള്‍ 10 മീറ്റര്‍ വരെ നീളം വയ്ക്കാറുണ്ട്. ഒടിഞ്ഞ തണ്ടുകള്‍ മുഖേനയുള്ള കായികപ്രജനനമാണ് മുഖ്യമെങ്കിലും, വേനല്‍ക്കാലത്ത് പുഷ്പിച്ച് വിത്തുകളുണ്ടാക്കാനും കബൊംബയ്ക്ക് കഴിയും. അക്വേറിയത്തിലെ മിക്കവാറും ജലസസ്യങ്ങളും, വെള്ളത്തിനു പുറത്തേക്ക് പടര്‍ന്ന് വളരുന്നവയാണെങ്കിലും, പൂര്‍ണമായും ജലനിരപ്പിനടിയില്‍ വളരാനാണ് കബൊംബയ്ക്ക് താല്പര്യം.

ഒരേ സമയം രണ്ടു തരത്തിലുള്ള ഇലകള്‍, കബൊംബകളില്‍ സാധാരണമാണ്. മുങ്ങിക്കിടക്കുന്ന വിശറിയിലകളില്‍ നിന്നും വ്യത്യസ്തമായി, ത്രികോണാകൃതിയിലോ, വൃത്താകൃതിയിലോ ഉള്ള, പൊങ്ങിക്കിടക്കുന്ന പ്രത്യേകതരം ഇലകള്‍, പുഷ്പിക്കുന്നതിന് തൊട്ടുമുമ്പ് ജലോപരിതലത്തില്‍ എത്തുന്ന കബൊംബയുടെ അഗ്രഭാഗങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നു. വിശറിയിലകളില്‍ നിന്ന് വിഭിന്നമായി ശാഖോപശാഖകളായി വിഭജിച്ചിട്ടില്ലാത്ത ഈ പ്രത്യേക ഇലകളുടെ വശങ്ങളില്‍ നിന്നുമാണ്. പൂക്കളുണ്ടാകുന്നത്. ജലപ്പരപ്പിനുമുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന തണ്ടുകളിലെ പുഷ്പങ്ങള്‍ക്ക്, അരയിഞ്ചോളം വലിപ്പം വരും. ആറ് ഇതളുകളുള്ള പ്രതീതി ജനിപ്പിക്കാറുണ്ടെങ്കിലും, മൂന്നുപുഷ്പവൃതിയിലെ ദളങ്ങള്‍ (sepals), മൂന്നു ദലങ്ങള്‍(petals) എന്നിവയാണു കബൊംബപ്പൂക്കളിലുള്ളത്. വെവ്വേറെ തണ്ടുകളില്‍ രാവിലെ വിടരുന്ന പുഷ്പങ്ങള്‍, പരാഗണത്തിന് വിധേയരായി, വൈകുന്നേരമാകുമ്പോഴേക്കും ഇതളുകള്‍ കൂമ്പി വെള്ളത്തിലേക്ക് ഉള്‍വലിയുന്നു. പൂക്കളുടെ നിറവും, പൊങ്ങിക്കിടക്കുന്ന ഇലകളുടെ ആകൃതിയും അടിസ്ഥാനമാക്കി മാത്രമേ കബൊംബയിലെ വിവിധ സ്പീഷീസുകളെ തിരിച്ചറിയാനാകൂ.

കബൊംബ കരൊലിനിയാന

താരതമ്യേന എളുപ്പത്തില്‍ വളര്‍ത്താവുന്നതും തുടക്കക്കാര്‍ക്ക് യോജിച്ചതുമായതിനാല്‍, അക്വേറിയം ഹോബിയില്‍ ഏറ്റവും പ്രചാരമുള്ള ഈ കബൊംബയിനം, 'പച്ചകബൊംബ' (Green cabomba) എന്നുമറിയപ്പെടുന്നു (ചിലപ്പോള്‍ കബൊംബ അക്വാട്ടിക്കയേയും 'ഗ്രീന്‍ കബൊംബ' യെന്ന് രേഖപ്പെടുത്തിക്കാണാറുണ്ട്). വടക്കേ അമേരിക്കന്‍ സ്വദേശിയായ കബൊംബ കരൊലിനിയാനയെ, ഓസ്‌ട്രേലിയയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ അക്വേറിയം ആവശ്യങ്ങളിലേക്കായി ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ശൈത്യകാലത്തെപ്പോലും അതിജീവിച്ച്, തണുത്തുറഞ്ഞ ജലാശയത്തിലെ മഞ്ഞിനടിയില്‍ ചെറുകഷണങ്ങളായി ഒടിഞ്ഞുകിടക്കുന്ന പച്ചകബൊംബ, പിന്നീട് വസന്തകാലമെത്തുമ്പോള്‍ ഭൂകാണ്ഡങ്ങളായി മാറി, ചുരുങ്ങിയകാലം കൊണ്ട് ഇടതിങ്ങിവളര്‍ന്ന് സ്വാഭാവിക ജലാവാസവ്യവസ്ഥയെ തന്നെ ശിഥിലമാക്കുന്നു.

സമൃദ്ധമായി വളരുന്ന കബൊംബ കരൊലിനിയാന, തദ്ദേശീയരായ മറ്റ് ജലസസ്യങ്ങളേയും, അവയോടൊത്ത് ജീവിക്കുന്ന അകശേരുകികളേയും (invertebrates) സൂക്ഷ്മജീവികളെയും (microorganisms) പ്രതികൂലമായി ബാധിക്കുന്നതിനാല്‍, ആ പ്രദേശത്തെ ജൈവവൈവിധ്യത്തിനും ഭീഷണിയാണ്. ബോട്ടുമാര്‍ഗമുള്ള ജലഗതാഗതത്തിനും മീന്‍പിടുത്തത്തിനും എന്നുവേണ്ട, നീന്തല്‍ക്കാര്‍ക്ക് വരെ ഈ ചെടി തടസ്സം സൃഷ്ടിക്കുന്നു. പച്ചകബൊംബയെ നിയന്ത്രിക്കാനായി മാത്രം ചില രാജ്യങ്ങള്‍, കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. വെള്ളത്തിനടിയില്‍ വളര്‍ന്നു വ്യാപിച്ചശേഷം, ജലോപരിതലത്തില്‍ പുഷ്പങ്ങള്‍ കണ്ടു തുടങ്ങുമ്പോഴാണ്, പലപ്പോഴും ജലാശയത്തെ കബൊംബ ആക്രമിച്ചുകഴിഞ്ഞുവെന്ന് മനസ്സിലാകുക. ഇടതിങ്ങി വളര്‍ന്ന് അടിത്തട്ടില്‍ സൂര്യപ്രകാശമെത്തുന്നത് തടയുന്ന പച്ചകബൊംബ, ജീര്‍ണ്ണിച്ചതിനുശേഷം സൂക്ഷ്മജീവികള്‍ക്ക് ഭക്ഷണമായി മാറുന്നു. എങ്കിലും, വന്‍തോതില്‍ അടിഞ്ഞുകൂടുന്ന കബൊംബയുടെ ജീര്‍ണ്ണാവശിഷ്ടങ്ങള്‍, ജലത്തില്‍ ലയിച്ചു ചേര്‍ന്ന ഓക്‌സിജന്റെ അളവുകുറയ്ക്കുകയും, ചിലപ്പോള്‍ ജലാശയങ്ങളെത്തന്നെ നികത്തുകയും ചെയ്യാറുണ്ട്. കബൊംബച്ചെടികള്‍ ജീര്‍ണ്ണിച്ചുചേര്‍ന്ന, ഉപയോഗയോഗ്യമല്ലാത്ത ഇരുണ്ട തവിട്ടുനിറത്തിലുള്ള വെള്ളം, ചില രാജ്യങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തെപ്പോലും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.

ശാഖോപശാഖകളായി വളരുന്ന പച്ചകബൊംബയുടെ തണ്ടിനു ചുറ്റും, വിപരീത ദിശകളിലായി കാണപ്പെടുന്ന വിശറിയിലകള്‍ക്ക്, രണ്ടിഞ്ച് വരെ വ്യാസമുണ്ടാകാറുണ്ട്. എന്നാല്‍, പൂക്കുന്നതിന് തൊട്ടുമുമ്പു പ്രത്യക്ഷപ്പെടുന്ന, പൊങ്ങിക്കിടക്കുന്ന ഇലകളാകട്ടെ, ചെറുതും ത്രികോണാകൃതിയിലുള്ളവയുമാണ്. മുങ്ങിക്കിടക്കുന്ന ഇലകളേയും തണ്ടുകളേയും, ജെലാറ്റിന്‍ പോലുള്ള ഒരു തരം പശ കൊണ്ട്, ആവരണം ചെയ്തിരിക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ മിക്കവാറും എല്ലാ സമയത്തും കബൊംബ കരൊലിനിയാന പുഷ്പിക്കാറുണ്ട്. ഇവയുടെ പൂക്കള്‍ നല്ല വെളുത്ത നിറത്തിലോ വിളറിയ മഞ്ഞനിറത്തിലോ ആയിരിക്കും. പച്ചകബൊംബയുള്‍പ്പെടെ എല്ലാ കബൊംബകള്‍ക്കും, നേര്‍ത്തു വെളുത്ത നാരുകള്‍ പോലെയുള്ള വേരുകളുമുണ്ട്. ഒടിഞ്ഞ തണ്ടുകളെ വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ അനുവദിച്ചാല്‍, ഓരോ മൂട്ടില്‍ നിന്നും അസംഖ്യം വേരുകള്‍ മുളയ്ക്കുന്നതായി കാണാം. തണ്ടുകളിലൂടെയും ഇലകളിലൂടെയും പോഷണം സ്വീകരിക്കുന്ന കബൊംബയെ ജലാശയത്തിന്റെ അടിത്തട്ടില്‍ ഉറപ്പിച്ച് നിര്‍ത്താന്‍, ഈ വേരുകള്‍ സഹായിക്കുന്നു.

വെള്ളത്തിന്റെ pH, ഊഷ്മാവ്, ധാതുമിശ്രണങ്ങളുടെ അളവ് തുടങ്ങിയവയൊന്നും കബൊംബ കരൊലിനിയാനയെ ബാധിക്കാറില്ല. അതുകൊണ്ടുതന്നെ, ഇവയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമാണ് കേരളത്തിലുള്ളത്. പമ്പാ നദിയിലെ സത്രം കടവുഭാഗത്ത്, കബൊംബ ദ്രുതഗതിയില്‍ വളരുന്നതായി, കഴിഞ്ഞ മെയ് മാസത്തില്‍ (May 27,2011) ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേമ്പനാട്ടുകായലിലും, സമീപത്തുള്ള നെല്പാടങ്ങളിലും, കുട്ടനാട്ടിലെ മറ്റ് പ്രദേശങ്ങളിലും, കബൊംബ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ അക്വേറിയം ഹോബിയിസ്റ്റുകളുടെ ശ്രദ്ധക്കുറവ് മൂലമാണ് ഈ ചെടി നമ്മുടെ ആവാസവ്യവസ്ഥയില്‍ എത്തിപ്പെട്ടത്. ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്ന മലിനജലവും രാസവളങ്ങളും, ജലത്തിലെ ഉയര്‍ന്ന ഇരുമ്പിന്റെ അംശവും, പ്രകൃതിശത്രുക്കളുടെ അഭാവവും, പച്ചകബൊംബയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. നമ്മുടെ നാട്ടിലെ ജലാശയങ്ങളില്‍ വളരുന്ന പൊട്ടമോഗെറ്റോണ്‍ ( Potamogeton), കാരാ (Chara) സെറാറ്റോഫില്ലം(Ceratophyllum), നജാസ് (Najas) തുടങ്ങിയ ജലസസ്യങ്ങളുടെ വളര്‍ച്ച, ചില രാസകങ്ങളുപയോഗിച്ച് (allelo-chemicals) തടയാനും കബൊംബയ്ക്കു കഴിയും. കബൊംബ പുറപ്പെടുവിക്കുന്ന ഫീനോളിക് സംയുക്തങ്ങളും ആല്‍ക്കലോയിഡുകളും, തദ്ദേശീയരായ ജലസസ്യങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. നമ്മുടെ നാട്ടില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല എന്നതിനാല്‍ അക്വേറിയം കടകളില്‍ ഇപ്പോഴും, കബൊംബ കരൊലിനിയാന സുലഭമാണ്. അനിയന്ത്രിതമായി വളര്‍ന്ന് കളയായിത്തീരും എന്നതിനാല്‍, അക്വേറിയത്തിലെ ആവശ്യങ്ങള്‍ക്ക് ശേഷം ഒരിക്കലും കബൊംബച്ചെടികളെ ജലാശയങ്ങളിലുപേക്ഷിക്കരുത്. പകരം ഉണക്കി നശിപ്പിക്കുകയോ കമ്പോസ്റ്റിന്റെ കൂട്ടത്തില്‍ ചേര്‍ക്കുകയോ ചെയ്യണം.

അക്വേറിയത്തിലെ അനുകൂല സാഹചര്യത്തില്‍, മനോഹരമായ വിശറിയിലകള്‍ നിവര്‍ത്തി ദ്രുതഗതിയില്‍ വളരുന്ന പച്ചകബൊംബയ്ക്ക്, ദിവസത്തില്‍ ഒരിഞ്ച് വരെ നീളം വയ്ക്കാറുണ്ട്. ചുവടുഭാഗത്തെ ഒന്നോ രണ്ടോ ഇലകള്‍ കളഞ്ഞ ശേഷം, 3-4 ഇഞ്ചു നീളമുള്ള തലപ്പുകള്‍ കൂട്ടിക്കെട്ടി, അക്വേറിയത്തിനകത്തെ പിന്‍ഭാഗത്തുള്ള മൂലകളിലായോ, മധ്യഭാഗത്തായോ നട്ടുപിടിപ്പിക്കാം. ഒന്നിച്ച് കെട്ടുമ്പോള്‍, കബൊംബയുടെ തണ്ടുകള്‍ ചതഞ്ഞു പോകാതെ ശ്രദ്ധിക്കണം. നല്ല വളക്കൂറുള്ള അടിത്തട്ടും രാസവളപ്രയോഗവുമുള്ള അക്വേറിയത്തില്‍ കബൊംബ നന്നായി വളരും. കൂടുതല്‍ വെളിച്ചം നല്‍കുന്നതും (ഒരു ഗാലന് രണ്ട് വാട്ട് വീതം), ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. മത്സ്യങ്ങള്‍ പ്രജനനം നടത്തുന്ന ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന ചെടിയായും കബൊംബയെ വളര്‍ത്താം. ഇതു പെണ്മത്സ്യങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കും.

ഏതുതരം വെള്ളത്തിലും വളരുമെങ്കിലും, കബൊംബയ്ക്ക് അനുകൂലമായ pH 4 മുതല്‍ 6 വരെയാണ്, ജലത്തിന്റെ കാഠിന്യം 2-8 ഏഒ വരെയാണെങ്കില്‍ ഈ ചെടി തഴച്ചുവളരും. pH 7-8 ആണെങ്കില്‍ വളര്‍ച്ച മുരടിക്കുകയും അതിനുമീതെ ക്ഷാരഗുണമുള്ള വെള്ളത്തില്‍, ചെടികള്‍ നശിച്ചുപോകുകയും ചെയ്യും. വെള്ളത്തിലെ ഉയര്‍ന്ന കാത്സ്യത്തിന്റെ തോതും, കബൊംബയ്ക്ക് അനുയോജ്യമല്ല. ഒരിക്കല്‍ നന്നായി വളര്‍ന്നു തുടങ്ങിയാല്‍, തണ്ടുകള്‍ മുറിച്ച് നട്ട് എളുപ്പം പ്രജനനം നടത്താം. മൂലകളില്‍ നിന്നും അക്വേറിയത്തിന്റെ മധ്യത്തിലേക്കു വളരുന്ന ചെടികളെ, വെട്ടിയൊതുക്കി നിര്‍ത്തണം. ഇങ്ങനെ ചെയ്യുന്നത്, കബൊംബ ശാഖകളായി വളരുന്നതിനും, ചുവട്ടിലെ ഇലകള്‍ക്കു പ്രകാശം ലഭിക്കുന്നതിനും ഉപകരിക്കും. മുറിച്ചു മാറ്റിയതിനുതൊട്ടുതാഴെയുള്ള ഇലകളുടെ പാര്‍ശ്വങ്ങളില്‍ നിന്നാണ്, കബൊംബയില്‍ പുതിയ ശാഖകള്‍ ഉണ്ടാകാറ്. അടിത്തട്ടിനു തൊട്ടു മുകളില്‍ വച്ച് മുറിച്ചാല്‍, വേണ്ടത്ര വെളിച്ചം ലഭിക്കില്ല എന്നതിനാല്‍, പലപ്പോഴും പുതിയ
ശാഖകള്‍ ഉണ്ടായെന്നു വരില്ല. അതേസമയം, ജലനിരപ്പിനു തൊട്ടുതാഴെ വെച്ചു മുറിക്കുകയാണെങ്കില്‍, പുതിയ ശാഖകള്‍ വളരുമെങ്കിലും, ചെടികളുടെ ഭംഗി നഷ്ടപ്പെടുന്നതായി കാണാം. ഇക്കാരണങ്ങളാല്‍ തന്നെ നീളമുള്ള ചെടിയുടെ മുകളറ്റം മാത്രം മുറിച്ചെടുത്ത്, ബാക്കിഭാഗം അക്വേറിയത്തില്‍ നിന്നു മാറ്റിക്കളഞ്ഞതിനുശേഷം, മുകളറ്റങ്ങള്‍ വീണ്ടും നട്ടുപിടിപ്പിക്കുകയാണ് അഭികാമ്യം. മുകളറ്റങ്ങളെ, അക്വേറിയത്തില്‍ പ്രകാശം ലഭിക്കുന്ന ഭാഗത്ത് പൊങ്ങിക്കിടക്കാനനുവദിച്ച്, വേരു പിടിപ്പിച്ചതിനുശേഷം നടുകയുമാകാം. പൊങ്ങിക്കിടന്നും കബൊംബയ്ക്ക് വളരാന്‍ കഴിയുമെന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ നട്ടുപിടിപ്പിക്കേണ്ട കാര്യമില്ലെങ്കിലും, അടിത്തട്ടില്‍ വേരൂന്നി വളരുന്ന വിശറിച്ചെടികള്‍ അക്വേറിയത്തിന്റെ അഴകിന് മാറ്റ് കൂട്ടും. ശരിയായ സാഹചര്യങ്ങള്‍ നല്‍കുകയാണെങ്കില്‍ പലപ്പോഴും പച്ചകബൊംപ അക്വേറിയങ്ങളില്‍ പുഷ്പിക്കുകയും ചെയ്യും.

കബൊംബയുടെ ഇലകളില്‍ ആല്‍ഗകള്‍ വളര്‍ന്ന് തുടങ്ങിയാല്‍, ചെടികളുടെ ഭംഗി നഷ്ടപ്പെടുന്നു. ഈ അവസരത്തില്‍, ആല്‍ഗകളെ നീക്കം ചെയ്യുന്നത് വളരെ ശ്രമകരവും പലപ്പോഴും അപ്രായോഗികവുമാണ്. വിശറിയിലകളെ പൊതിഞ്ഞ് വളരുന്ന ആല്‍ഗകള്‍ കബൊംബച്ചെടിയെ ബലഹീനമാക്കുന്നു. അതിനാല്‍, ആല്‍ഗകള്‍ പടര്‍ന്ന ചെടികളെ യഥാസമയം അക്വേറിയത്തില്‍ നിന്നും നീക്കം ചെയ്യണം. ധാരാളം കബൊംബത്തലപ്പുകള്‍ ഒരുമിച്ച് നട്ടാല്‍, അവ മത്സരിച്ചു വളര്‍ന്ന്, ആല്‍ഗകളുടെ വളര്‍ച്ചയെ പിന്നിലാക്കിക്കൊള്ളും. വളരെയധികം ജലസസ്യങ്ങളുള്ളതും സമതുലനാവസ്ഥയില്‍ പരിപാലിക്കപ്പെടുന്നതുമായ ഒരു ടാങ്കില്‍, മറ്റു ചെടികളോടൊപ്പം നന്നായി വളരുന്ന പച്ചകബൊംബ, ആല്‍ഗകളെ അകറ്റി നിര്‍ത്തും.

ശരിയായതോതിലുള്ള പ്രകാശത്തിന്റെ അഭാവം, വേണ്ടത്ര ഫലഭൂയിഷ്ടതയില്ലാത്ത അടിത്തട്ട്, യഥാസമയം ചെടികളെ വെട്ടിയൊതുക്കാതിരിക്കാന്‍ തുടങ്ങിയവയൊക്കെ, അക്വേറിയത്തിലെ കബൊംബകള്‍ ഇലപൊഴിക്കുന്നതിന് കാരണമാകാറുണ്ട്. സസ്യങ്ങള്‍ ഇടതിങ്ങി വളരുന്ന ടാങ്കുകളില്‍, കബൊംബയുടെ ചുവടുഭാഗത്ത് പ്രകാശമെത്താതെ വന്നാല്‍ അവിടത്തെ ഇലകള്‍ പൊഴിഞ്ഞു പോകാറുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ കബൊംബയുടെ തണ്ടുകള്‍ നീണ്ടുവളര്‍ന്ന് മൃദുവാകുകയും, എളുപ്പം ഒടിഞ്ഞ് കഷണങ്ങളായി, അക്വേറിയത്തില്‍ ഒഴുകി നടക്കുകയും ചെയ്യുന്നു. ഒഴുക്ക് കുറഞ്ഞ വെള്ളത്തില്‍ വളരുന്നവയായതിനാല്‍, അക്വേറിയത്തില്‍ പവര്‍ ഹെഡ്ഘടിപ്പിച്ച ഫില്‍റ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും, കബൊംബ ചെറു കഷണങ്ങളാകാറുണ്ട്. ഈ കഷണങ്ങളെ ഫില്‍ട്രേഷന്‍ ഉപയോഗിച്ചോ മറ്റോ നീക്കം ചെയ്യുന്നത്, അക്വേറിയത്തിന്റെ ഭംഗി നിലനിര്‍ത്തും.

മോളികള്‍, ഗൗരാമികള്‍, സ്വോഡ് ടെയിലുകള്‍, പ്ലാറ്റികള്‍ എന്നിവയ്‌ക്കൊപ്പം ചിലപ്പോള്‍ വലിയ ഗപ്പി മത്സ്യങ്ങളും കബൊംബച്ചെടികളെ കടിച്ചു മുറിക്കാറുണ്ട്. പലപ്പോഴും സ്വര്‍ണ്ണമത്സ്യങ്ങളും, കബൊംബയെ കടിച്ചു തുപ്പുന്നതായി കണ്ടുവരുന്നു. സസ്യാഹാരികളായ മത്സ്യങ്ങള്‍ക്ക് , കബൊംബ ഒരിഷ്ട ഭക്ഷണമാണ്. അലങ്കാര മത്സ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഇനങ്ങള്‍ക്ക്, സസ്യാംശം അടങ്ങിയ മത്സ്യത്തീറ്റ നല്‍കുന്നത്, അവയിലെ ചെടികള്‍ കടിച്ചു മുറിക്കുന്ന പ്രവണതയെ കുറയ്ക്കുന്നതായി കണ്ടുവരുന്നു.

(തുടരും)

ജതീഷ്.പി (മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്‌മെന്റല്‍ ബയോളജി-ജര്‍മനി)

നന്ദി : ഷാലിമ.ജി (യൂണിവേഴ്‌സ്റ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ,കാനഡ)
കൂടുതല്‍ വിവരങ്ങള്‍ക്ക് : varnamalsyangal@gmail.com


Stories in this Section