തെങ്ങുസ്‌നേഹികളുടെ ചങ്ങാതിക്കൂട്ടം വരുന്നു

Posted on: 29 Jul 2011

മുരളീധരന്‍ തഴക്കരനാളികേര വികസന ബോര്‍ഡ് തെങ്ങിനെ സ്‌നേഹിക്കുന്നവരുടെ കൂട്ടായ്മകള്‍ക്ക് രൂപം നല്കുന്നു. ഇരുപത് പേര്‍ വീതമുള്ള ഈ കൂട്ടായ്മയ്ക്ക് തെങ്ങ് സ്‌നേഹികളുടെ ചങ്ങാതിക്കൂട്ടം എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്ത ആറുമാസത്തിനുള്ളില്‍ കേരളത്തില്‍ അയ്യായിരത്തോളം ചങ്ങാതിക്കൂട്ടം രൂപവത്കരിക്കാനാണ് ബോര്‍ഡിന്റെ ലക്ഷ്യം. കേരളത്തിലെ 'കുടുംബശ്രീ' സംവിധാനത്തിന് നേതൃത്വം നല്കിയ, ഇപ്പോള്‍ നാളികേര വികസന ബോര്‍ഡിന്റെ ചെയര്‍മാന്‍ ടി.കെ. ജോസ്സിന്റെ ആശയമാണിത്. നാളികേരളമിടാന്‍ കയറ്റക്കാരെ കിട്ടാത്ത പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രായോഗിക പരിശ്രമമാണ് തെങ്ങിനെ സ്‌നേഹിക്കും ചങ്ങാതിക്കൂട്ടമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് പറഞ്ഞു.

പതിനെട്ടിനും നാല്പതിനും മധ്യേ പ്രായമുള്ള തെങ്ങിന്റെ ചങ്ങാതിമാര്‍ക്ക് പ്രത്യേക വേഷമായിരിക്കും. ഇവര്‍ക്ക് യന്ത്രംഉപയോഗിച്ച് തെങ്ങില്‍ കയറുന്നതിന് പരിശീലനം നല്കും. പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തെങ്ങുകയറ്റയന്ത്രം ബോര്‍ഡില്‍നിന്നും നല്കും. യാത്രാസൗകര്യത്തിന് മോട്ടോര്‍ ബൈക്കും മൊബൈല്‍ ഫോണും നല്കും. ഇതിനായുള്ള ചെലവിന്റെ പകുതി നാളികേര ബോര്‍ഡ് വഹിക്കും. ആറുമണിക്കൂറിനുള്ളില്‍ അറുപതു മുതല്‍ തൊണ്ണൂറുവരെ തെങ്ങുകളില്‍ കയറുക എന്ന ലക്ഷ്യത്തോടെയുള്ള പ്രായോഗിക പരിശീലനമാണ് നല്കുക. വലിയ തെങ്ങില്‍ കയറുന്നതിന് പത്തുരൂപയും ചെറിയ തെങ്ങില്‍ കയറുന്നതിന് ഏഴുരൂപയും ഇവര്‍ക്ക് കൂലിയായി വാങ്ങാം. ഓരോ ചങ്ങാതിക്കൂട്ടത്തിലും മുപ്പത് ശതമാനം വനിതകളായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഓരോരുത്തര്‍ക്കും രണ്ടുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനും ബോര്‍ഡ് ഉദ്ദേശിക്കുന്നു.

ഓരോ ജില്ലയിലെയും കൃഷിവിജ്ഞാനകേന്ദ്രങ്ങളുമായി ചേര്‍ന്ന് തെങ്ങുകയറ്റത്തിലും തെങ്ങിന്റെ മണ്ട വൃത്തിയാക്കി കീട-രോഗ നിയന്ത്രണമാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുന്നതിലും ചങ്ങാതിക്കൂട്ടങ്ങള്‍ക്ക് ഒരാഴ്ച നീണ്ടുനില്ക്കുന്ന സമഗ്രമായ പരിശീലനം നല്കും. പരിശീലനകാലത്ത് സ്റ്റൈപ്പന്റും നല്കുന്നതാണ്.

കര്‍ഷകദിനമായ ചിങ്ങം ഒന്നിന് ചങ്ങാതിക്കൂട്ടം തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചിയിലെ നാളികേര വികസന ബോര്‍ഡുമായി ബന്ധപ്പെടുക: 0484-2377267, 9895816291, 9447665105.


Stories in this Section